'താങ്ങാനാവാത്ത സങ്കടം വരുമ്പോള്‍ എന്തുചെയ്യും..?'
നാലോ അഞ്ചോ പേര്‍ക്കിരിക്കാന്‍ കഴിയുന്ന ട്രെയിനിലെ സീറ്റില്‍ തിങ്ങിനിറഞ്ഞിരുന്ന എല്ലാവരോടുമായിട്ടായിരുന്നു അയാളുടെ ചോദ്യം. ആരും പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ ആ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.
പൊടുന്നനെ ഞാന്‍ ബ്രിട്ടീഷ് നടന്‍ ഹ്യൂ ഗ്രാന്റിനെ ഓര്‍ത്തു. ഹ്യൂ ഗ്രാന്റ് വലിയൊരു പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്‍കിയ അഭിമുഖത്തില്‍, ഈ പ്രതിസന്ധിയെ 'നിങ്ങളെങ്ങനെ അതിജീവിക്കും?', എന്ന് അഭിമുഖകാരന്‍ ചോദിക്കുന്നുണ്ട്. അതിന് ഗ്രാന്റ് പറയുന്ന മറുപടി ഇങ്ങനെയാണ്: 'അതിനാണല്ലോ ഗ്രേറ്റ് ബ്രിട്ടണില്‍ ഞങ്ങള്‍ക്ക് നോവലുകള്‍ ഉള്ളത്.' ഗ്രാന്റിന്റെ ആ മറുപടി ഓര്‍ത്തുകൊണ്ട് ട്രയിനിലെ ആ സഹയാത്രികനോട് ഞാന്‍ ഇങ്ങനെ പറഞ്ഞു: 'അതിനാണ് എനിക്ക് കൂട്ടുകാരുള്ളത്.'
അപ്പോള്‍ അയാള്‍ക്ക് എന്റെ കൂട്ടുകാരുടെ പേരുകള്‍ അറിയണമെന്നായി. എന്റെ കൂട്ടുകാരെ ഓരോരുത്തരെയായി ഞാന്‍ അയാള്‍ക്ക് പരിചയപ്പെടുത്തി. സങ്കടകാലത്ത് ഞാനും കണ്ണനും അയയ്ക്കാറുള്ള കോഡ് ഭാഷ പോലെ തോന്നിക്കുന്ന മെസേജുകള്‍ ഞാനയാള്‍ക്ക് കാണിച്ചുകൊടുത്തു. അശ്വതി അയര്‍ലന്റിലാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അയര്‍ലന്റിലെ മഞ്ഞുകാലത്തെപ്പറ്റി എന്നോട് ചോദിച്ചു. നാട്ടിലെ സഖാക്കളുടെ കാര്യം പറഞ്ഞപ്പോള്‍ ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അയാളുടെ അച്ഛനെക്കുറിച്ചും തന്‍വീറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കടുത്ത വിശ്വാസിയായിരുന്ന അമ്മയെപ്പറ്റിയും അയാളെന്നോട് പറഞ്ഞു.
