ലാഹോറിലേക്കുള്ള ഡല്‍ഹിയുടെ 'ആനവണ്ടി'യും 'നമ്പര്‍ വണ്‍' പോസ്റ്റ് ഓഫീസും

Column

ലാഹോറിലേക്കുള്ള ഡല്‍ഹിയുടെ 'ആനവണ്ടി'യും 'നമ്പര്‍ വണ്‍' പോസ്റ്റ് ഓഫീസും


പുരാനി ദില്ലിയിലെ ഗലികളിലൂടെയും പാതകളിലൂടെയും നടക്കുമ്പോള്‍, പ്രത്യേകിച്ച് ചാന്ദ്നി ചൗക്കിലെ ഗലികളിലൂടെ നീങ്ങുമ്പോള്‍ ചരിത്രത്തിലേക്ക് നടന്നു കയറുകയാണോ എന്ന് തോന്നാറുണ്ട്. വല്ലാത്ത ഒരു അനുഭൂതിയാണത്; ഒരുപക്ഷേ ചരിത്രത്തിലേക്ക്, പുറകിലേക്ക് നടക്കണമെന്നുള്ള ഒരു കാല്പനികമോഹം ഉള്ളിലുണ്ടാവുന്നതുകൊണ്ടാകാം. ഇന്നുകള്‍ ആണ് നാളെ ചരിത്രമാകുന്നതെന്ന് നല്ല ബോധ്യമുണ്ട്; എന്നിരുന്നാലും, മനസ്സില്‍ ഒരു നിറവാണ് അത്തരം ചിന്തകളും യാത്രകളുമൊക്ക. ഡല്‍ഹിയില്‍ എപ്പോഴെത്തിപ്പെട്ടാലും ഓള്‍ഡ് ഡല്‍ഹിയിലെ ഏതെങ്കിലും ഭാഗങ്ങളില്‍ ഒന്ന് ചെന്നെത്താന്‍ ശ്രമിക്കുന്നതിനുള്ള കാരണവും ആ അനുഭൂതികള്‍ വീണ്ടും വീണ്ടും അനുഭവിക്കാന്‍ കൂടിയാണ്.

സുഹൃത്തിന്റെ റൂമില്‍ നിന്ന് ഡല്‍ഹി കാണാന്‍ ഇറങ്ങിയപ്പോള്‍ ആദ്യം കരുതിയത് ചാന്ദ്നി ചൗക്കും ഗലീബ് കി ഹാവേലിയുമൊക്കെ പോകാമെന്നാണ്. പക്ഷെ, ഡല്‍ഹിയിലെ ബ്യൂറോക്രാറ്റുകളുടെയും തലതൊട്ടപ്പന്മാരായ ജേര്‍ണലിസ്റ്റുകളുടെയും പിന്നെ കുറച്ച് രാഷ്ട്രീയ നേതാക്കാന്മാരുടെയും ഒക്കെ സങ്കേതത്തിലേക്കാണ് ആദ്യം എത്തിപ്പെട്ടത്. സുഹൃത്ത് താമസിക്കുന്ന ഇന്ദ്രപുരി ഐഎആര്‍ഐ (പുസ ഇന്‍സ്റ്റിറ്റ്യൂട്ട്) പ്രദേശത്ത് നിന്ന് റാഫി മാര്‍ഗ്ഗിലെ പട്ടേല്‍ ചൗക്കിലേക്കാണ് ആദ്യം പോയത്. അവിടെയാണ് ചങ്ങാതി ചന്തു കിരണ്‍ ജോലി ചെയ്യുന്ന ദേശാഭിമാനിയുടെ ബ്യൂറോയുള്ളത്.

ഷാദിപൂര് മെട്രോ സ്റ്റേഷനിലേക്ക് പോകാതെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ഡിടിസി) 'ആനവണ്ടി'യിലായിരുന്നു അവിടേക്കുള്ള യാത്ര. ബസില്‍ കയറി ടിക്കറ്റ് എടുക്കാനായി കണ്ടക്ടറെ കാത്തിരുന്നു കുറേ സമയം. ഇതിനിടയില്‍ സുഹൃത്ത് കണ്ടക്ടറിന് അടുത്തു പോയി ടിക്കറ്റ് എടുത്തിട്ട് വന്നു. ഇവിടുത്തെ ഒട്ടുമിക്ക കണ്ടക്ടര്‍മാരും സീറ്റില്‍ രാജാവിനെപ്പോലെ ഇരിക്കുകയുള്ളൂ. നമ്മള് വേണമെങ്കില്‍ അവരുടെ അടുത്തുപോയി ടിക്കറ്റ് എടുക്കണം പോലും! ഇതിനിടയില്‍ ടിക്കറ്റ് ചെക്കര്‍മാര്‍ കയറി, നമ്മുടെ കൈയില് ടിക്കറ്റില്ലെന്ന് കണ്ടാല്‍, പിഴയായി.. ബഹളമായി.. പിന്നെ ആ ഒരു ദിവസം പോയികിട്ടുകയും ചെയ്യും. ഏതായാലും ചങ്ങാതി കൂടെയുണ്ടായിരുന്നത് നന്നായി.


Related Articles