ഡിഗ്രിക്ക് സംസ്കൃതം, ഫിലോസഫി, മലയാളം, ഹിസ്റ്ററി, ഹിന്ദി എന്നിങ്ങനെ ആർട്സ് വിഷയങ്ങളാണ് ക്യാമ്പസിൽ ഉണ്ടായിരുന്നത്. എന്നാൽ ഏറെക്കാലം ചരിത്രം പഠിപ്പിക്കാൻ മാത്രം അധ്യാപകരില്ലായിരുന്നു. പ്രധാന വിഷയങ്ങളിലൊന്നായിട്ടും ക്ലാസ് മുറികളിൽ ചരിത്രം ശൂന്യമായി .മൂന്ന് മാസം കഴിഞ്ഞും ശൂന്യ സ്ഥിതി തുടർന്നപ്പോൾ ഞങ്ങളെല്ലാം സമരത്തിനിറങ്ങി
"എവിടെപ്പോയി എവിടെപ്പോയി ചരിത്രപാഠം എവിടെപ്പോയി
സമയമേറെ വൈകുംതോറും
സമരത്തിന്റെ രൂപം മാറും"
രണ്ടുദിവസത്തെ മുദ്രാവാക്യങ്ങൾക്കും സമരങ്ങൾക്കും ശേഷം അതാ ഒരു അധ്യാപകൻ കടന്നുവരുന്നു. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരവും ചുണ്ടിൽ എപ്പോഴും പുഞ്ചിരിയുമായി സൗമ്യനായ ഒരാൾ - രമേശൻ മാഷ്. അനവധി കോളേജുകളിലെ അനുഭവസമ്പത്തുമായാണ് മാഷ് അവിടേക്ക് എത്തിയത്. വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങി എല്ലാ സ്വാതന്ത്ര്യങ്ങളും ക്ലാസ് മുറികളിൽ പൂർണ്ണമായും അദ്ദേഹം അനുവദിച്ചു. ഡി ഡി കൊസാംബി, റൊമില ഥാപ്പർ തുടങ്ങി എം.ജി.എസ്, വേലായുധൻ പണിക്കശ്ശേരി വരെയുള്ളവരെ ഞങ്ങളിൽ പലരും ആദ്യമായി കേട്ടത് മാഷിൽ നിന്നാണ്. ഒരാഴ്ചയ്ക്ക് ശേഷം ക്ലാസ് മുറിയിലെ ചെറു കോലാഹലത്തെ ഭഞ്ജിച്ചു കൊണ്ട് മാഷ് ചോദിച്ചു-
