അക്കരപ്പച്ചയും ഇക്കരപ്പച്ചയും

Column

അക്കരപ്പച്ചയും ഇക്കരപ്പച്ചയും


"Travelling: it leaves you speechless, then turns you into a storyteller.''
:Ibn Battuta

കഴിഞ്ഞ ഇരുപത്തിയഞ്ചാഴ്ചകളായി 'അക്കരപ്പച്ച'യുടെ ലവണരഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു. ഇബന്‍ ബത്തൂത്തയുടെ കാഴ്ചപ്പാട് കടമെടുത്താല്‍ എന്നോട് തന്നെ ഞാന്‍ പറഞ്ഞ കഥകളായിരുന്നു 'അക്കരപ്പച്ച'യുടെ കഴിഞ്ഞ ലക്കങ്ങള്‍. ഡിസി ഇങ്കിലൂടെ അതുറക്കെപ്പറഞ്ഞപ്പോള്‍ നിങ്ങളില്‍ ചിലരതൊക്കെ കേള്‍ക്കുകയും വായിക്കുകയും ചെയ്തു. എന്നാലും മാര്‍ക്കോപോളോ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍: 'I have not told half of what I saw.' അറിയാത്ത വഴികളിലൂടെയുള്ള സഞ്ചാരം അജ്ഞാതവാക്കുകളില്‍ പകര്‍ത്തിവെക്കുന്ന അത്ഭുതമാണ് ഓരോ യാത്രാവിവരണവും. മുന്‍പൊരിക്കലും പോയിട്ടില്ലാത്ത ഇടങ്ങള്‍ പൊടുന്നനെ പരിചിതദേശമാകുന്നു. യാത്രയെപ്പറ്റിയുള്ള എഴുത്ത് സഞ്ചാരത്തിനുള്ളിലെ പ്രയാണമാകുന്നു. ഇരുതോണിയില്‍ കാല്‍വെച്ചുനടക്കുന്ന സാഹസമാകുന്നു. ഉള്ളിലേക്കും പുറത്തേക്കുമുള്ള സ്ഫടികപാതയില്‍ പതറി നില്‍ക്കുമ്പോള്‍ മടക്കയാത്രയുടെ ടിക്കറ്റും പാസ്സ്‌പോര്‍ട്ടും നിസ്സന്ദേഹിയായ മാതൃഭാഷയെപ്പോലെ നമ്മളെ ശാന്തരാക്കുന്നു. മടങ്ങിവരാന്‍ നാടും വീടും ജോലിയും നമ്മളെ സ്‌നേഹിക്കുന്ന മനുഷ്യരുമുള്ളിടത്തോളം കാലം ഏതു കഠിനപാതയും നിഷ്പ്രയാസം മാറിക്കടക്കാനാകും. പിന്‍മടക്കമില്ലാത്ത ഒരേയൊരു യാത്ര മരണം മാത്രമെന്ന് അപ്പോള്‍ വെളിപാടുണ്ടാകുന്നു. ബാക്കിയെല്ലാ പുറപ്പാടുകള്‍ക്കും തിരിച്ചുവരവിന്റെയും കാത്തിരിപ്പിന്റെയും വേരുതേടലിന്റെയും കെട്ടുപൊട്ടിക്കലിന്റെയും ഉപാഖ്യാനങ്ങളുണ്ടാകും, തീര്‍ച്ച. അഭയാര്‍ത്ഥികളുടെയും ഒളിച്ചോടിയവരുടെയും നാടുകടത്തപ്പെട്ടവരുടെയും രാജ്യഭ്രഷ്ടരുടെയും കുടിയേറിപ്പാര്‍ക്കുന്നവരുടെയും പുറന്തള്ളപ്പെട്ടവരുടെയും ശരണാഗതരുടെയും ബഹിഷ്‌കൃതരുടെയും ആശ്രിതരുടെയും ഓട്ടപ്പാച്ചിലുകള്‍ക്ക് യാത്രയുടെ സൗഖ്യമുഖമോ തൃപ്തിയുടെ സൗമ്യസുഖമോ ഇല്ലയെന്നത് ക്രൂരമായ പച്ചപരമാര്‍ത്ഥമാണ്. അപ്പോള്‍ മാത്രം കഥയറിയാതെ ആട്ടംകാണുന്ന മട്ടിലുള്ള ചില യാത്രകളുടെ പൊങ്ങച്ചതൃഷ്ണകള്‍ കണ്ടില്ലെന്നു വെക്കാനാകും. ഉള്ളുപൊള്ളയായ അതിശയോക്തികളുടെ പെരുങ്കടലില്‍ യാത്രയുടെ സമയരേഖകള്‍ മുക്കിക്കളയാതിരിക്കാനാകും. ആണ്ടോടാണ്ട് നേര്‍ച്ചപോകുന്നപോലെയുള്ള ഒരു കലാപരിപാടിയല്ല യാത്ര. അതിന്റെ കാരണവും യാദൃച്ഛികതയും ആകസ്മികതയും അസ്ഥിരതയും ഹര്‍ഷപുളകങ്ങളും ചാരിതാര്‍ത്ഥ്യവും അനുഭവിച്ചറിയുകതന്നെവേണം. വാക്കിനാല്‍ വരച്ച ദൂരമായിരുന്നു എനിക്കീ യൂറോപ്യന്‍യാത്ര. കവിത വഴിവിളക്കായ അഭിമാനവഴി. പരിശ്രമതുരംഗത്തിന്റെ ഒടുവിലത്തെ മങ്ങാത്ത തിരി. മനോദാര്‍ഢ്യത്തിന്റെ ഹിമാലയന്‍ തലപ്പൊക്കം. യാത്രയുടെ പ്രേരണയും ഹേതുവും നിയതിയും നിദാനവും പൊരുളും അരുളും കവിതയാകുന്നതില്‍പരം ആനന്ദം മറ്റെന്താണ്? ആ ഉന്മാദത്തിന്റെ സ്വപ്നവള്ളികളില്‍ സ്വയംമറന്ന് തൂങ്ങിയാടിയാണ് ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും സ്വിസ്റ്റര്‍ലാന്‍ഡും ഓസ്ട്രിയയും റോമും ലിച്ചന്‍സ്‌റ്റൈനുമൊക്കെ കണ്‍നിറയെ കണ്ടതും 'മുദ്രമണ്ഡല' എന്ന യുനെസ്‌കോ പ്രൊജക്റ്റ് സുന്ദരമായി പൂര്‍ത്തിയാക്കിയതും.

സമയം ഒരു യന്ത്രംകണക്കെ കൃത്യമായി അളന്നുകൂട്ടിയ നാടുകളാണ് യൂറോപ്പിലുള്ളത്. 'Time and tide wait for no man' എന്നത് സത്യമായപോലെ കുറെ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത് . ട്രെയിനുകള്‍ ട്രാമുകള്‍ ബസുകള്‍ ഫ്ളൈറ്റുകള്‍ ടാക്‌സികള്‍ മനുഷ്യര്‍ ഓഫീസുകള്‍ എല്ലാമെല്ലാം സമയബന്ധിതമായി ചലിക്കുന്നു. ചിരിക്കുന്നു. മുന്നോട്ടു നീങ്ങുന്നു. സമയമൊരു വിശ്വാസവാക്യംപോലെ ആ നാട് ഉരുവിടുന്നു. കൃത്രിമത്വമുണ്ടോ ആ പെരുമാറ്റത്തില്‍ എന്ന് തോന്നും വിധം നമ്മെയും പുണരുന്നു. ഫ്രാന്‍സില്‍ കലയുടെ ശ്വാസവും ഫാഷന്റെ നിശ്വാസവും മാറ്റങ്ങളുടെ ചലനവും വേഗത്തില്‍ അറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു. ചെറിയ കഫേയില്‍ ഇരുന്ന് കാപ്പി കുടിക്കുന്നതുപോലും അവിടെ ഒരു ആചാരമാണ്. ലംഘിക്കാന്‍ പാടില്ലാത്ത നിയമങ്ങള്‍ പാലിക്കേണ്ട സമുചിത പെരുമാറ്റച്ചട്ടമുള്ള ഭക്ഷണമേശകള്‍. ''ടേബിള്‍ മാനേഴ്‌സ്'' എന്ന ആശയം പോലും പലപ്പോഴും നമുക്ക് അമിതമര്യാദയുടെ അടയാളമായി തോന്നിയേക്കാം. സ്പൂണും ഫോര്‍ക്കും കത്തിയും എങ്ങനെ പിടിക്കണം, എപ്പോള്‍ സംസാരിക്കണം, എങ്ങനെ ഇരിക്കണം മുറിക്കണം കഴിക്കണം എന്നൊക്കെയുള്ള നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ സാമൂഹിക ശൈലിയുടെ ഭാഗമാണ്. ചിലപ്പോള്‍ ഭക്ഷണം കഴിക്കുകയെന്നത് ഒരു നാടകീയ അവതരണമായി മാറുന്നു എന്നുതോന്നിപ്പോകും. ഇറ്റലിയില്‍ ചരിത്രമൊരു ജീവനുള്ള ശില്പം പോലെ എഴുന്നുനിന്നു. ഓരോ കല്ലിനും ഒരു കഥ പറയാനുണ്ടായിരുന്നു. സ്വിസ്റ്റര്‍ലാണ്ടില്‍ പ്രകൃതി ഒരു ചിത്രകാരന്റെ കാന്‍വാസ് പോലെ നിറപ്പകിട്ടുള്ളതായിരുന്നു. പര്‍വതങ്ങള്‍, തടാകങ്ങള്‍, മഞ്ഞുമലകള്‍, പുല്‍മേടുകള്‍ എല്ലാം കൃത്യമായി ആരോ കണക്കുകൂട്ടി നിര്‍മ്മിച്ചെടുത്തപോലെ. ശാന്തതയുടെ പ്രത്യക്ഷസ്വര്‍ഗം. ഓസ്ട്രിയ സംഗീതത്തിന്റെയും കലയുടെയും അവസാനവാക്കുപോലെയാണ്. ഓരോ വഴിയും ഓരോ രാഗം പോലെ. പ്രത്യേകതാളത്തില്‍ നടക്കുന്ന മനുഷ്യര്‍. യൂറോപ്പ്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴം ഇവിടെ സുഭദ്രം. റോം ഒരു തുറന്ന മ്യൂസിയം പോലെയൊരു സിറ്റിസ്റ്റേയ്റ്റാണ്. ചരിത്രവും ഭക്തിയും വിശ്വാസത്തിന്റെ കെട്ടുവള്ളികള്‍ക്കകത്തു കുരുങ്ങി കിടക്കുന്നു. പരസ്പരം വേര്‍പിരിക്കാനാവാത്ത മിഥ്യയും യാഥാര്‍ഥ്യവും. ദൈവവും ചെകുത്താനും മനുഷ്യരും ഒരുമിച്ചു പാര്‍ക്കുന്നിടം. ലിച്ചന്‍സ്‌റ്റൈന്‍ എന്ന ചെറിയ രാജ്യം പോലും ഒരു ചെറിയ ലോകമാണ്. ജനസംഖ്യ വളരെ കുറവായതിനാല്‍, തിരക്കിന്റെ വമ്പന്‍ തിരമാലകള്‍ ഇവിടെ കോളിളക്കങ്ങളുണ്ടാക്കുന്നില്ല. സമാധാനം നിസ്സംഗതയുടെ ഒരു ചെറുപുഞ്ചിരി പൊഴിക്കുന്നു. അത്രമാത്രം. വെട്ടിപ്പിടിക്കാനോ ചവിട്ടിത്താഴ്ത്താനോ യാതൊരുദ്ദേശവുമില്ലാത്ത മനുഷ്യരുടെ പ്രപഞ്ചം. ഇവിടെ ആളുകള്‍ സ്വകാര്യതയെ വളരെയധികം വിലമതിക്കുന്നു; ബന്ധങ്ങള്‍ അടുത്തായാലും അകലെയായാലും ഇടവേളകള്‍ വളരെയധികം മാനിക്കപ്പെടുന്നു.


Related Articles