സങ്കൽപ്പമുദ്രകൾ!

Column

സങ്കൽപ്പമുദ്രകൾ!


ഗസ്ത് അവസാനം മുതൽ ഡിസംബർ ആദ്യവാരം വരെ പത്തുപതിനാലോളം ആഴ്ച്ചകളാണ് ജർമനിയിലും യൂറോപ്പിലും അതിഥിയായും സഞ്ചാരിയായും ഗവേഷകയായും യാത്രചെയ്തത്. അതിൽപിന്നെ ഇരുപത്തിനാലോളം ആഴ്ചകളായി 'അക്കരപ്പച്ച'യെന്ന ഈ കോളത്തിൽ പോയ രാജ്യങ്ങളെക്കുറിച്ചും കണ്ടനാടുകളെക്കുറിച്ചും കേട്ടഭാഷകളെക്കുറിച്ചും എഴുതിനിറയുന്നു. യാത്രയ്ക്കുള്ളിലെ യാത്രയെന്നപോലെ ഓർമ്മയെന്ന ഗുരുത്വാകർഷണ ബിന്ദുവിലേക്ക് വാക്കുകൾ ഒഴുകിച്ചെല്ലുന്നു. കൺനിറയെ ഒരിക്കൽ കണ്ടയിടങ്ങൾ തനിയാവർത്തനഭാവത്തിൽ എഴുതാനിരിക്കുമ്പോൾ ഇരട്ടിക്കിരട്ടി ദൃശ്യചാരുത യാത്രാനുഭവങ്ങൾ പോലെ ഇതൾ വിരിയുന്നു. The journey of a thousand miles begins with a single step എന്ന വാക്യം കൂടുതൽ മനസ്സിലുറയ്ക്കുന്നു.

ഭൂപടങ്ങൾക്കു പരിഭാഷപ്പെടുത്താനാകാത്ത ഭാഷകൾ ഞാൻ ആകാശങ്ങൾക്കു കടം നൽകുന്നു. ദൂരങ്ങൾക്കു മാത്രം കാണാനാകുന്ന സ്വപ്നങ്ങൾ ഞാൻ ഭവാബ്ധിയിലൊഴുക്കിവിടുന്നു. കരയിലും വെള്ളത്തിലും ഒരുപോലെ പുലരുന്ന ചക്രവാളമയൂരങ്ങളെ അക്ഷരങ്ങളുടെ തുഞ്ചത്തിരുത്തുന്നു. വിമാനത്തിലും തീവണ്ടിയിലും കപ്പലിലും കാറിലും ജീപ്പിലും സൈക്കിളിലും കാൽനടയായും മനുഷ്യർ പിന്നിടുന്ന യാത്രാപഥങ്ങൾക്കു പ്രപഞ്ചത്തോളം വയസ്സുണ്ട്. I am not the same, having seen the moon shine on the other side of the world എന്ന് മേരി ആൻ റെഡ്മാചേർ പറഞ്ഞത് ഇന്നിപ്പോൾ ഹൃദയത്തിൽ തൊടുന്നുണ്ട്.

ഈ യാത്രയുടെ കാര്യത്തിൽ 'വാക്കിനോളം തൂക്കമില്ലീയൂക്കൻ ഭൂമിക്കുപോലുമേ' എന്ന കവിവാക്യം എത്ര സത്യമെന്നോ! വാക്കിന്റെ തൂവൽത്തുഴയാൽ ഉക്തിയുടെ മായക്കൈപിടിച്ച് കവിതയുടെ തളിർത്തോളിലേറി ആത്മനൃത്തത്തിന്റെ സ്വാതന്ത്ര്യവഴിയിൽ ഒരേ സമയം ആവേശത്തോടെയും അതേ നിമിഷം അങ്കലാപ്പോടെയുമാണ് ഞാൻ കടൽ കടന്നത്. ഉടൽപ്പൂവിലെ വിൺമുദ്രകളുമായി വിരൽത്തുമ്പിലെ മൺപദങ്ങളുമായി ബാല്യം തൊട്ടേ കൂട്ടുകൂടാനായി. എഴുത്തും നൃത്തവും താളവുമീണവും വരയും വായനയും കളിയും എല്ലാമെല്ലാം ഞങ്ങളുടെ കുഞ്ഞുജീവിതത്തിൽ വാരിക്കോരിനിറച്ചുതരാൻ മനസ്സ് കാട്ടിയ അച്ഛനുമമ്മയുമാണ് അന്നും ഇന്നും താരങ്ങൾ. ഹിരണ്മയഭാവനകളുടെ നിത്യനഭസ്സിൽ ഇടറുന്ന ചുവടുകളും വിറയ്ക്കുന്ന വചനങ്ങളും സ്വന്തം വഴി കണ്ടെത്തിയെന്നതേ പുണ്യം. അപൂർണമായ പൂർണ്ണതയല്ലാതെ എന്താണീ ജീവിതം! സർഗാത്മകപ്രവർത്തനങ്ങളുടെ വഴിയെനടക്കുമ്പോൾ പ്രവചനാതീതമായ ഒരു വജ്രാഘാതം ഏതു നിമിഷവും നമ്മെ ഭ്രമിപ്പിച്ചേക്കാം. ജർമ്മനിയിലെ കാൾസ്‌റൂഹ് ZKM അന്താരാഷ്ട്ര മീഡിയ സെന്ററും ഹെയ്‌ഡൽബെർഗ് യൂണിവേഴ്‌സിറ്റിയും യുനെസ്കോ സാഹിത്യനഗരവും സംയുക്തമായി അമ്പത്തിമൂന്നു സാഹിത്യനഗരങ്ങളിൽ നിന്നുള്ള നാനൂറോളം എഴുത്തുകാരിൽനിന്നു മുദ്രമണ്ഡലയെന്ന വീഡിയോ പോയറ്ററി പ്രൊജക്റ്റ് തിരഞ്ഞെടുത്തത് എന്റെ ആകാശയാത്രയുടെ അടയാളവാക്യമായി. വിഷാദങ്ങളുടെ കയത്തിൽ പിടഞ്ഞും ഉന്മാദങ്ങളുടെ ചതുപ്പിൽ കുതിർന്നും നിർവൃതിയുടെ മലരിയിൽ അലിഞ്ഞും കൂരമ്പുകളുടെ മുനയിൽ പൊലിഞ്ഞും ഞാൻ വാക്കിന്റെ കൈപിടിച്ച് സംസാരസാഗരം താണ്ടാൻ ഇറങ്ങിപ്പുറപ്പെട്ടു. യൂറോപ്പിലേക്ക് കടൽകടന്നുവരാനുള്ള പാസ്പോർട്ട് കവിതയായിരുന്നു. ജർമനിയിലെ ZKM അന്താരാഷ്ട്ര മീഡിയ സെന്ററിൽ ഇന്റർനാഷണൽ പോയറ്റിക് ഫ്രീക്വൻസീസ് (poetic frequencies) 2025 ഫെല്ലോയായി സെപ്തംബർ ഒന്നിനാണ് ചുമതലയേറ്റത്.


Related Articles