മനുഷ്യരെന്ന ദേശം!

Column

മനുഷ്യരെന്ന ദേശം!


മയത്തിന്റെ മറുപിള്ളയാണ് ആയുസ്സ്. അതിൽ പ്രാണന്റെ കടിഞ്ഞൂൽക്കനിയാണ് ഭാഷ. ഭാഷയുടെ ഗർഭതന്ത്രിയിൽ കാലം മീട്ടിയതാണ് കവിതകളായി ഒഴുകിയത്. ആ വാക്ക് തെളിച്ച വിളിപ്പാടുദൂരം താണ്ടിയാണ് യൂറോപ്പിലെത്തിയത്. കലകൾ കാലാതീതമായി വരച്ച അതിർത്തിയില്ലാരാജ്യങ്ങളുടെ അവകാശികളിലൊരാളായ് കടൽകടന്നു. അകലങ്ങളുടെ അലയാഴികളും അടുപ്പങ്ങളുടെ നിറമോഹങ്ങളും വേർപാടിന്റെ വ്യാകുലതകളും ആശ്ചര്യത്തിന്റെ സ്തബ്ധനിമിഷങ്ങളുമായി കോഴിക്കോടും കാൾസ്റൂഹും ഒരേപോലെ കണ്മുന്നിൽ നിറഞ്ഞു നിന്നു. 6 മണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ടുസൂര്യന്മാർ എന്റെ വാനത്തുദിച്ച കാലമായിരുന്നു യൂറോപ്പ്യൻ താമസക്കാലം. ഞാൻ ജോലികഴിഞ്ഞു രാത്രി പന്ത്രണ്ടിന് കിടക്കുമ്പോൾ നാട്ടിൽ രാവിലെ ആറുമണിയായിക്കാണും. എന്റെ ഗുഡ്‌നൈറ്റ് മെസ്സേജ് കണ്ടാണ് ഭർത്താവുണരുന്നത്. പിന്നീട് കാൾസ്റൂഹിൽ സൂര്യനുദിക്കുമ്പോഴേക്കും നാട്ടിൽ നട്ടുച്ചനേരമാകും. ഒരേ സൂര്യന്റെ രണ്ടു സമയനിഷ്ഠകൾ എത്ര ദുർബലമെന്നു നിത്യം ഓർത്താണ് ഇവിടെക്കഴിഞ്ഞത്. എത്തിച്ചേരുന്ന ഇടം സാഹചര്യം സ്ഥലം അവിടുത്തെ അക്ഷാംശങ്ങളും രേഖാംശങ്ങളും കൂടി തീരുമാനിക്കുന്നതാണ് നമ്മുടെ കാലക്രമം! കടുകുമണിയോളം ചെറിയ മനുഷ്യന് അതിനെ മുടക്കാനോ തടുക്കാനോ സാധ്യമേയല്ല. ക്ലോക്കിന് പുറത്തുള്ള സമയക്കിണറിൽ സ്വയമെടുത്തുചാടി ചിരസ്ഥായിയാകാൻ ശ്രമിക്കാമെന്നു മാത്രം.

പിറവിയുടെ നെരിപ്പോടിൽ പൂത്തുലഞ്ഞ പൊക്കിൾക്കൊടിയുടെ ഒരറ്റത്ത് ഞാനും മറുവശത്ത് മകനും പുലരാൻ തുടങ്ങിയിട്ട് പന്ത്രണ്ടു വർഷങ്ങളാകുന്നു. ഇതുവരെ ഞങ്ങൾ തമ്മിൽ പിരിഞ്ഞിരുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾമാത്രം. ഏതു തിരക്കിലും കർമ്മോദ്യുക്തത്തിലും ഓട്ടപ്പാച്ചിലിലും ഒക്കത്തും വിരൽത്തുമ്പിലും തോളോടുചേർന്നും മുന്നിലോ പിന്നിലോ ഒപ്പത്തിനൊപ്പമോ അവനും ഞങ്ങളോടൊപ്പം ജനിച്ചനാൾ തൊട്ടു യാത്രചെയ്യുന്നുണ്ട്. ജോലിയിലും ഗവേഷണത്തിലും എഴുത്തിലും ഊണിലും ഉറക്കത്തിലും അവനും ഞാനും ഒരുമിച്ചാണ് തെന്നിനീങ്ങിയത്. ഞങ്ങളുടെ യാത്രകൾക്കിടയിൽ വളർന്ന കുഞ്ഞായി അവൻ ഹിമാലയൻ മലനിരകളും രാജസ്ഥാൻ മരുഭൂമിയിലും മുംബൈയിലെ ജനസാഗരവും മണിപ്പൂരിലെ ഇമാമാർക്കറ്റും ഷിംലയിലെ തുരങ്കപാതയും മധുരയിലെ വൈഗാതീരവും ഡൽഹിയുടെ പ്രൗഢോജ്വലതയും ദുബായിയുടെ ഉറങ്ങാത്തരാവുകളും കേരളത്തിന്റെ തനതുഭംഗിയും ഒരേ ആവേശത്തോടെ നോക്കിക്കാണുന്നു. ഫ്രാൻസും ഇറ്റലിയും സ്വിസ്റ്റർലാൻഡും ജർമനിയും ഓസ്ട്രിയയും ലിക്റ്റൻസ്റ്റൈനും അതെ ചിത്തോദ്വേഗത്തോടെ അവൻ 2025ൽ ഞങ്ങളോടൊപ്പം നടന്നുകണ്ടുവല്ലോ. ഭർത്താവും കുഞ്ഞും കേരളത്തിലേക്ക് മടങ്ങിപ്പോയതിനുശേഷം ജർമനിയിൽ ഒറ്റയ്ക്ക് പുലർന്ന മൂന്നുമൂന്നര മാസങ്ങൾ എനിക്കുചുറ്റും ഭൂമിയുമാകാശവുമായിത്തീർന്ന ചിലമനുഷ്യരെ പറ്റിയാണ് പറഞ്ഞു വരുന്നത്. പ്രപഞ്ചമാകെ ചില മനുഷ്യരിലേക്ക് ചുരുങ്ങുന്ന പ്രതിഭാസം ജീവിതത്തിൽ അനുഭവിക്കാത്തവരുണ്ടാകില്ല. പ്രണയിക്കുമ്പോൾ ലോകമാകെ കാമുകനാകുന്നു. അമ്മയാകുമ്പോൾ ഭൂമിയാകെ ഒരു കുഞ്ഞിലേക്കൊതുങ്ങുന്നു. അച്ഛന്റെയും അമ്മയുടേയുമടുത്തിരിക്കുമ്പോൾ അവരാകുന്നു ഉലകവും ഉയിരും. അങ്ങനെയങ്ങനെ മനുഷ്യഭാവനയുടെ മനോവികാരങ്ങൾക്കു നൂറഴക്!


Related Articles