നഷ്ടപ്പെട്ട മനുഷ്യരെ തിരിച്ചുകിട്ടുമോ?

Column

നഷ്ടപ്പെട്ട മനുഷ്യരെ തിരിച്ചുകിട്ടുമോ?


പൂർവ്വമായേ ദേശങ്ങൾ എന്റെയുള്ളിൽ കുടിയേറിയിട്ടുള്ളൂ. വീണ്ടും വീണ്ടും പോകണമെന്ന ആഗ്രഹം ജനിപ്പിച്ചിട്ടുള്ള സ്ഥലങ്ങളാവട്ടെ വിരലിലെണ്ണാവുന്നവയാണ്. പാലക്കാട് അങ്ങനെയൊരു ദേശമാണ്. രണ്ടോ മൂന്നോ തവണയേ ഞാൻ പാലക്കാട്ടേക്ക് പോയിട്ടുള്ളൂ. ഒരിക്കൽ പോയത് ആഷിഫയുടെ കല്യാണം കൂടാനാണ്. ആഷിഫ എന്റെ സ്ഥിരോത്സാഹിയായ കൂട്ടുകാരിയാണ്. വിഷാദങ്ങളും ആനന്ദങ്ങളും സന്ദേഹങ്ങളേതുമില്ലാതെ പങ്കുവയ്ക്കാൻ കഴിയുന്ന ഒരാൾ. കൗതുകകരമായ ഒരു കാര്യം, കല്യാണദിവസമാണ് ഞാൻ ആഷിഫയെ ആദ്യമായി കാണുന്നത് എന്നതാണ്. ടെക്‌നോളജിക്ക് നന്ദി- അതുവരെയുണ്ടായിട്ടുള്ള ഫോൺ സംഭാഷണങ്ങൾ ആദ്യം കണ്ടുമുട്ടുന്നതിനു മുൻപേ ഞങ്ങളെ അഗാധസ്‌നേഹമുള്ള മനുഷ്യരാക്കി കഴിഞ്ഞിരുന്നു. ആ യാത്ര എനിക്ക് രണ്ട് സുഹൃത്തുക്കളെക്കൂടി തന്നു- ചിരാഗും ഫാദോയും.

ഗുലാം അലിയാണ് എന്നെയും ചിരാഗിനെയും അടുപ്പിച്ചത്. ഞാനവശ്യപ്പെട്ടപ്പോഴൊക്കെ ചിരാഗ് ഗുലാം അലിയുടെ ഗസലുകൾ അതിമനോഹരമായി എനിക്ക് പാടിത്തന്നു. ഹസ്രത് മൊഹാനിയുടെ ചുപ്കേ ചുപ്കേ രാത് ദിൻ ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുലാം അലി ഗസൽ. പലപ്പോഴായി ഞാനത് ചിരാഗിനെക്കൊണ്ട് പാടിക്കുകയുണ്ടായി. പാടുക മാത്രമല്ല പാട്ടുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു ചിരാഗ്. സംസാരമധ്യേ ഒരിക്കൽ പാട്ടിന്റെ വഴിയിലേക്ക് തന്നെയെത്തിച്ച കുട്ടിക്കാലത്തെക്കുറിച്ച് ചിരാഗ് പറഞ്ഞു. ലോകത്തിന്റെ ഏത് കോണിൽ ജീവിക്കുന്ന ഒരാൾക്കും ഏറ്റവും ആർദ്രമായി ആവിഷ്‌കരിക്കാൻ കഴിയുന്ന കഥകൾ കുട്ടിക്കാലത്തെക്കുറിച്ച് ഉള്ളതായിരിക്കുമെന്ന് ചിരാഗ് അത് പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി.

ചിരാഗും അമ്മയും; പഴയ ചിത്രം
ചിരാഗും അമ്മയും; പഴയ ചിത്രം

Related Articles