പഠനത്തിന് ഫീസൊന്നുമുണ്ടായിരുന്നില്ലെങ്കിലും ടെക്സ്റ്റ് ബുക്ക്, നോട്ടുബുക്ക്, പേന, ബസ് ടിക്കറ്റ്, ക്യാൻ്റീനിൽ നിന്നും വല്ലപ്പോഴുമുള്ള ചായ- കടി, ചെറിയ യാത്രകൾ തുടങ്ങി പലതിനും പണം ആവശ്യമാണല്ലോ? പതിനെട്ട് വയസ്സ് കഴിഞ്ഞിട്ടും വീട്ടിൽ കൈനീട്ടുക എന്നത് ഉളുപ്പില്ലായ്മയുടെയും നട്ടെല്ലില്ലായ്മയുടെയും പര്യായമാകും എന്നതിനാൽ വല്ല തൊഴിലും കണ്ടെത്തുക എന്നത് പ്രതിജ്ഞയെന്നോണം മനസ്സിലുണ്ട്. പക്ഷേ രാവിലെ 9.30 മുതൽ വൈകിട്ട് നാലു വരെയുള്ള ക്ലാസ്സും കഴിഞ്ഞ് രാത്രി എന്ത് തൊഴിലിനു പോകും?
അങ്ങനെ തൊഴിലില്ലായ്മ അഴലായുഴലുന്ന ഹൃദയഭാരം പേറി ക്യാമ്പസിലെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് ഒരു പദ്ധതിയെക്കുറിച്ച് രജീഷ് പുറ്റാട് പറഞ്ഞത്, നമുക്കൊരു മിമിക്സ് ട്രൂപ്പ്തുടങ്ങിയാലോ?
മിമിക്സോ ?
അതെ. നമ്മൾ ഏഴെട്ടു പേരില്ലേ? പാട്ട്, മിമിക്രി, സ്കിറ്റ് ഇവ ഒരുമിച്ച് ഒരു ട്രൂപ്പ്. നമ്മൾ ഉത്സവപ്പറമ്പുകളും ക്ലബ്ബ് പരിപാടികളുമെല്ലാം പിടിക്കുന്നു. മൂവായിരം കിട്ടിയാൽ തന്നെ മിനിമം 300 രൂപ വച്ച് ഒരാൾക്ക് എടുക്കാനാകും. രജീഷിനെ പിന്തുണച്ച് ലത്തീഫുമെത്തി. ഉടൻ അവൻ്റെ വായിൽ നിന്നും ട്രൂപ്പിന്റെ പേര് പുറത്തു വന്നു.
