പി.ടി. ഉഷയും ഫുട്ബോളും അലുവയും പട്ടിണി ക്യാമ്പും

Column

പി.ടി. ഉഷയും ഫുട്ബോളും അലുവയും പട്ടിണി ക്യാമ്പും


ക്യാമ്പസിൽ ഫുട്ബോൾ ടീം രൂപീകരിക്കാനും കായിക മേഖല ശക്തിപ്പെടുത്താനുമുള്ള ഒരു പദ്ധതി സർവകലാശാല മുന്നോട്ടുവച്ചു. നിർദ്ദേശ പ്രകാരം 11 പേരടങ്ങുന്ന ഒരു ടീം കൊയിലാണ്ടി സെന്ററിൽ സജ്ജമായി. ഞങ്ങൾ ഡിഗ്രിക്കു പഠിക്കുന്ന കാലമാണ്. പി.ടി.എ വക ലഭിച്ച ജേഴ്സിയും ബൂട്ടും സോക്സുമെല്ലാമായി ഞങ്ങൾ ഫുട്ബോൾ കളിക്കാനായി ഒരുങ്ങിയെങ്കിലും മതിയായ ഗ്രൗണ്ടില്ല എന്ന കാര്യം തടസ്സമായി. ക്യാമ്പസിലെ ഗ്രൗണ്ടിൽ നിന്ന് കളിച്ചാൽ ഗോളടി മുഴുവൻ പതിക്കുന്നത് ക്ലാസ് മുറികളിലാവും. പരാതികൾക്കും നിവേദനങ്ങൾക്കുമൊടുവിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി തന്നെ അതിനൊരു പരിഹാരം കണ്ടെത്തി തന്നു. വൈകിട്ട് 4.30 മുതൽ 6:30 വരെ മുൻസിപ്പൽ സ്റ്റേഡിയം ഞങ്ങൾക്ക് പരിശീലനത്തിനായി അനുവദിച്ചു. ആവേശത്താലും കളത്തിലിറങ്ങുന്ന അമ്പരപ്പാലും ഞങ്ങൾ ബസ്സു കയറി സ്റ്റേഡിയത്തിലെത്തി.

വൈകിട്ടാകുമ്പോഴേക്കും ധാരാളമാളുകൾ ഗ്യാലറിയുടെ പല ഭാഗത്തായി താവളമുറപ്പിച്ചിട്ടുണ്ടാകും. വെറുതെ സമയം ചെലവഴിക്കാൻ എത്തിയവർ മുതൽ ഗൗരവമായ ചർച്ചക്കൊരുങ്ങിയവർ വരെ, പ്രണയത്തിൻ്റെ സ്വൈര്യ സല്ലാപത്തിനായി എത്തിയവർ മുതൽ വിരഹത്തിന്റെ മഹാഗർത്തത്തിൽപ്പെട്ടവർ വരെ തങ്ങളുടേതായ മനോവ്യാപാരങ്ങളുമായി പലയിടങ്ങളിൽ ആകാശം നോക്കിയിരിപ്പുണ്ടാകും. എന്നാൽ ഗ്രൗണ്ടിനുള്ളിലേക്ക് അനുവദിക്കപ്പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല താനും. മെല്ലെ മെല്ലെ പന്തുരുട്ടിക്കൊണ്ട് ഞങ്ങൾ കളിക്ക് ആരംഭം കുറിക്കവേ പെട്ടെന്ന് പ്രവീൺ ഷോക്കടിച്ചത് പോലെ സ്തംഭനം എന്ന രസഭാവത്തെ പ്രാപിച്ചു. കാരണമറിയാനായി അവൻ്റെ തോളിൽ തട്ടിയപ്പോൾ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു, പി.ടി. ഉഷ.... പി.ടി. ഉഷ...

അവന്റെ ദൃഷ്ടി പതിഞ്ഞ തെക്കുപടിഞ്ഞാറേ കന്നിമൂലയിൽ നീല ടീഷർട്ടും തൊപ്പിയും ധരിച്ച് കൃശഗാത്രയായ ഒരു രൂപത്തെ ഞങ്ങളും കണ്ടു. അതെ പി.ടി. ഉഷ. തൊട്ടടുത്ത് കരുത്തുറ്റ ശരീരവുമായി മറ്റൊരാൾ. ഇന്ത്യ കണ്ട എക്കാലത്തെയും കായിക താരം. ലോക അതലറ്റിക്സിലെ പ്രതിഭ... ഇതാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ, ഞങ്ങൾക്ക് തൊട്ടു മുമ്പിൽ നിൽക്കുന്നു. അങ്ങനെ ലോക താരത്തിന്റെ മുന്നിൽ വച്ച് ഞങ്ങളുടെ ഫുട്ബോൾ കളിക്ക് നാന്ദി കുറിക്കപ്പെട്ടു. അന്ന് അവരെ നേരിൽകണ്ട് പരിചയപ്പെടാൻ കഴിഞ്ഞതിൽ എല്ലാവരും സന്തോഷിച്ചു. ഒപ്പമുണ്ടായത് ഭർത്താവ് വി. ശ്രീനിവാസനായിരുന്നു. അഞ്ച് മിനിറ്റിലെ കുശലാന്വേഷണങ്ങൾക്ക് ശേഷം അവർ അവിടം വിട്ടു. ഞങ്ങളാകട്ടെ കളിയുടെ പ്രഥമാവേശങ്ങളിൽ നീന്തിത്തുടിച്ചു കൊണ്ടിരുന്നു. പിറ്റേ ദിവസവും അതേസമയത്ത് പി.ടി. ഉഷയും വി. ശ്രീനിവാസനും മുൻസിപ്പൽ ഗ്രൗണ്ടിൽ ഉണ്ടായി. അവരോടൊപ്പമാകട്ടെ ധാരാളം പെൺകുട്ടികളും. അത് "ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ" കായിക വിദ്യാർത്ഥികളാണെന്ന് അധികം വൈകാതെ ഞങ്ങൾ മനസ്സിലാക്കി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവരും പരിശീലനത്തിനായി ഈ സ്റ്റേഡിയം തന്നെ തേടിയെത്തി. അവരോടൊപ്പമായിരുന്നു പിന്നീടുള്ള ഞങ്ങളുടെ വൈകുന്നേരങ്ങൾ. കളിയുടെ ഇടവേളകളിൽ ഞങ്ങൾ പി.ടി. ഉഷയോട് സംസാരിക്കും. വളരെ അനുഭാവപൂർവ്വമായ പെരുമാറ്റമായിരുന്നു. ചില സന്ധ്യകളിൽ മേഘങ്ങളാൽ സമൃദ്ധമായ ആകാശത്ത് അസ്തമയ സൂര്യൻ്റ ഇളം ചുവപ്പ് പരക്കും. ഫുട്ബോൾ കളി കഴിഞ്ഞ് തളരുമ്പോൾ അത് നോക്കിക്കൊണ്ട് വെറും മണ്ണിൽ മലർന്നു കിടക്കുമ്പോഴുള്ള അനുഭൂതി വിവരണാതീതമാണ്.


Related Articles