സ്‌നേഹത്തിന്റെ  ആനന്ദം സ്‌നേഹം മാത്രമാണ്!

Column

സ്‌നേഹത്തിന്റെ ആനന്ദം സ്‌നേഹം മാത്രമാണ്!


നിക്കു വേണ്ടി കാത്തിരുന്ന ഒരു പെൺകുട്ടിയുണ്ട്. പരാതികളും സങ്കടഹർജികളുമൊന്നില്ലാതെ വളരെയേറെക്കാലം അവളാ കാത്തിരിപ്പ് തുടർന്നു. വല്ലപ്പോഴും മാത്രം വിളിച്ചു; അപ്പോഴും അവൾ വാക്കുകൾ പിശുക്കി. മൂന്നോ നാലോ വാചകങ്ങളിൽ അന്നുവരെയുള്ള വിശേഷങ്ങൾ സംഗ്രഹിച്ചു. ഇപ്പോഴോർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും അന്നെനിക്ക് ആ സ്‌നേഹം മനസ്സിലായില്ല. കുറേക്കാലം കഴിഞ്ഞ് അവളുടെ വിവാഹം ഉറപ്പിച്ച കാര്യം ഞാനറിഞ്ഞു. എനിക്ക് സമാധാനമായി, കാത്തിരിപ്പിന്റെ നരകങ്ങളിൽ വെന്തുമരിച്ച അനേകം മനുഷ്യരിലൊരാളായില്ലല്ലോ അവൾ. വിവാഹം ക്ഷണിക്കാൻ വേണ്ടി വിളിച്ചപ്പോഴും എന്നെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുണ അവളെന്നോട് കാണിച്ചു. വിവാഹം കഴിഞ്ഞിട്ടും എന്റെ സുഖവിവരങ്ങൾ തിരക്കാൻ വേണ്ടി മാത്രം വല്ലപ്പോഴും എന്നെ വിളിക്കാറുണ്ടായിരുന്നു അവൾ. പിന്നീടെപ്പോഴോ അത് അവസാനിച്ചു.

വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രയ്ക്കിടെ അവിചാരിതമായി ഞാൻ നെൽസണെ കണ്ടുമുട്ടി. ഒരേ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഞങ്ങൾ. ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ട്രെയിൻ എന്നെ സംബന്ധിച്ച് ഇപ്പോഴും അതീവ ദുരിതപൂർണ്ണമായ ഒരനുഭവമാണ്. കാത്തുനിൽക്കേണ്ട പ്ലാറ്റ്‌ഫോമും കയറേണ്ട കമ്പാർട്ട്‌മെന്റും മൂന്നോ നാലോ പേരോടെങ്കിലും ചോദിച്ച് ഉറപ്പ് വരുത്തിയാലേ എനിക്ക് സമാധാനമാവൂ. ഈ ട്രയിൻ തിരുവനന്തപുരത്തേക്ക് തന്നെയല്ലേ? എന്ന, ട്രയിൻയാത്രകളിൽ ഞാൻ സ്ഥിരമായി ആവർത്തിക്കാറുള്ള, ചോദ്യത്തിന് മറുപടിയുമായാണ് നെൽസൺ എന്റെ യാത്രാജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ടോ മൂന്നോ സ്‌റ്റോപ്പ് പിന്നിട്ടപ്പോഴേക്കും പലതരം വിശേഷങ്ങൾ പങ്കുവച്ച് ഞങ്ങൾ കൂടുതൽ അടുത്തു. 'നിങ്ങൾക്ക് മോഹൻലാലിനെ ഇഷ്ടമാണോ?', ഇടയ്‌ക്കെപ്പോഴോ നെൽസൺ ചോദിച്ചു. അതിന് മറുപടിയായി ദി ക്യൂവിൽ മോഹൻലാലിനെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പ് നെൽസണ് കാണിച്ചു കൊടുത്തു. അയാൾ അത് വായിച്ചില്ല, പകരം ആ കുറിപ്പിനൊപ്പം കൊടുത്തിരിക്കുന്ന മോഹൻലാലിന്റെ ഫോട്ടോയിലേക്ക് കുറേ നേരം നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു: 'മോഹൻലാലിനെ കാണാൻ വേണ്ടിയാണ് ഞാൻ ആദ്യമായി തിരുവനന്തപുരത്ത് പോവുന്നത്. കോളേജിൽ എന്റെ കൂടെ പഠിച്ച മധു എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു. ബന്ധുവിന്റെ കല്യാണത്തിന് മോഹൻലാൽ വരും, തിരുവനന്തപുരത്ത് വന്നാൽ തൊട്ടടുത്ത് കാണിച്ചു തരാം എന്ന് പറഞ്ഞ് മധുവാണ് എന്നെ വിളിച്ചത്. ആ തിരുവനന്തപുരം യാത്ര ഞാൻ മറക്കില്ല. തലേന്നെനിക്ക് ഉറങ്ങാൻ പറ്റിയില്ല. സ്‌കൂളീന്ന് ടൂർ പോവുന്നേന്റെ തലേന്ന് നമുക്ക് ഉറങ്ങാൻ പറ്റില്ലല്ലോ. അതുപോലെ.' നെൽസൺ പറയുന്നത് എനിക്ക് മനസ്സിലാവും, വിശേഷിച്ചും മോഹൻലാലിനെ കുറിച്ചാവുമ്പോൾ. മോഹൻലാലിന്റെ സിനിമകൾ മാത്രം തിയേറ്ററിൽ പോയി കാണുന്ന ഒരാളെപ്പറ്റി ഒരിക്കലൊരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. സ്വന്തം പേരിനൊപ്പം ലാൽ എന്ന് ചേർത്ത മറ്റൊരാൾ... അങ്ങനെ ആരാധകരുടെ ജീവിത്തിലെ എത്രയോ മോഹൻലാൽ നിമിഷങ്ങളെക്കുറിച്ച് ഇതിനോടകം കേട്ടിട്ടുണ്ട്.

അമ്മ മരണപ്പെട്ട ദിവസമാണ് ഞാൻ മോഹൻലാലിനെ ആദ്യമായി കാണുന്നത്. വലിയ ആൾക്കൂട്ടത്തിനിടയിലെത്തുമ്പോൾ ഇപ്പോഴും അപരിചിതദേശത്തകപ്പെട്ട ഒരാളുടെ സന്ദേഹമാണെനിക്ക്, മരണവീടുകളാവുമ്പോൾ വിശേഷിച്ചും. എങ്കിലും മോഹൻലാലിന്റെ അമ്മ മരണപ്പെട്ടു എന്ന് കേട്ടപ്പോൾ അവിടെ പോവണമെന്ന് തോന്നി, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മനുഷ്യരിലൊരാൾക്ക് ജന്മം കൊടുത്ത അമ്മയാണല്ലോ. എന്നോടൊപ്പം സുഹൃത്ത് സുരാജുമുണ്ടായിരുന്നു. ഞങ്ങൾ വീടിനകത്ത് കയറുമ്പോൾ അവിടെ വിരലിലെണ്ണാവുന്ന മനുഷ്യരേയുള്ളൂ. അവർക്കിടയിൽ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം എന്നേക്കുമായി നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ മലയാളത്തിന്റെ മഹാനടൻ. തൊട്ടടുത്ത് അയാളെ മലയാളത്തോളം വളർത്തി വലുതാക്കിയ അമ്മയുടെ ചേതനയറ്റ ശരീരം. ഒരുനിമിഷം ഞാനാ കണ്ണുകളിലേക്ക് നോക്കി. വിസ്മയമുഹൂർത്തങ്ങൾ സൃഷ്ടിച്ച് അനേകകോടി മലയാളികളുടെ ജീവിതം ആനന്ദഭരിതമാക്കിയ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതുപോലെ എനിക്ക് തോന്നി. പിന്നീടാ സന്ദർഭത്തെ പറ്റി സുഹൃത്തുക്കളായ നിഷ്മയോടും ഇബ്രാഹിമിനോടും വിവരിക്കുമ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു.


Related Articles