മെഴ്‌സിഡീസും ഗാന്ധിയും!

Column

മെഴ്‌സിഡീസും ഗാന്ധിയും!


പതിനെട്ടുവയസ്സ് തികഞ്ഞ ദിവസം അമ്മ പറഞ്ഞത് "നാളെ തന്നെ നീ ഡ്രൈവിംഗ് പഠിക്കാൻ ചേരണ"മെന്നാണ് ! അമിതലാളനയുടെ വേലിയേറ്റത്തൊട്ടിലിൽ പെൺമക്കളെ ആട്ടിയുറക്കാൻ അമ്മ മെനെക്കെടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ സ്വയംപര്യാപ്തതയുടെ വല്യപാഠങ്ങൾ അമ്മ തന്റെ പ്രായപൂർത്തിയായ മക്കൾക്ക് കൃത്യസമയത്തു പകർന്നുകൊടുക്കാൻ മറന്നിട്ടുമില്ല. വണ്ടിയോടിക്കാനുള്ള ലൈസൻസ് എന്ന രൂപത്തിൽ അന്ന് കയ്യിൽ കിട്ടിയത് ആത്മവിശ്വാസത്തിന്റെ ഫോട്ടോപതിച്ച ഒരു കാർഡുമാത്രമായിരുന്നില്ല 'നീ തന്നെ നിന്റെ വഴിയും വെട്ടവുമാകണം' എന്ന ശക്തമായ താക്കീതാണ്. ഇന്നുപലവഴികളിൽ സമയമില്ലാനേരങ്ങളിൽ പാതിരാത്രികളിൽ മനസ്സുറപ്പോടെ വണ്ടിയോടിക്കാൻ പറ്റുന്നത് ആ ഒരുറപ്പിൻമേലാണല്ലോ! വണ്ടിയുടെ വളയം പിടിക്കുന്നതിനും തിരിക്കുന്നതിനുമൊരു നിഗൂഢസൗന്ദര്യമൊക്കെയുണ്ട്, കാരണം റോഡിൽ നമ്മളൊറ്റക്കല്ലാത്തതിനാൽ നിയന്ത്രണവും സംയമനവും മനസ്സാന്നിധ്യവും കരുതലും കാരുണ്യവും കൃത്യമായി പാലിക്കേണ്ടതുണ്ട്. പകൽക്കിനാവ്കണ്ടും പാതിബോധത്തിൽകുതിർന്നും നടക്കുന്ന എന്നെപ്പോലൊരുവൾ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോൾ ജാഗരൂകയാകുന്നത് ഇതൊക്കെകൊണ്ടാണെന്നുതോന്നുന്നു.

വണ്ടിക്കമ്പം എനിക്ക് വലുതായിട്ടില്ലെങ്കിലും ജർമനിയിലെത്തിയപ്പോഴേ തീരുമാനിച്ചിരുന്നതാണ് മെഴ്‌സിഡീസ് ബെൻസ് മ്യൂസിയം കാണണമെന്ന്. എന്നാൽ വാഹനപ്രേമികളായ ഭർത്താവിനും കുഞ്ഞിനും ഈ യൂറോപ്യൻ യാത്രയിലെ മറക്കാനാകാത്ത അനുഭവമായിക്കാണുമിതെന്ന് എനിക്കുറപ്പാണ്! ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യുറ്ടംബർഗെന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. പോർഷെ മ്യൂസിയവും മോട്ടോർവേൽഡ് എന്ന മറ്റൊരു ക്ലബും സ്റ്റുട്ട്ഗാർട്ടിലുണ്ട്. ഒമ്പത് നീളൻനിലകളിലായി, 16,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ മ്യൂസിയത്തിൽ, വാഹനങ്ങളുടെ പരിണാമവഴികൾ വിശദീകരിക്കുന്ന 1,500-ലധികം പ്രദർശനവണ്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിലെ ആദ്യ പേറ്റന്റ് നേടിയ കാർ മുതൽ ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിലെ ഹൈഡ്രജൻ വാഹനവും ഇക്കാലത്തെ ഇലക്ട്രിക്ക് കാറുകളും ക്ലാസി കാറുകളും പലവേഗതയിലുള്ള റേസിംഗ് കാറുകളും വരെയുള്ള വാഹനചരിത്രവും മുൻപിൻകാലഘട്ടത്തിന്റെ ഒഴുക്കും ശാസ്ത്രത്തിന്റെ കുതിപ്പും ഇവിടെ കണ്ടെത്താം. ഗതാഗതസൗകര്യങ്ങൾക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട വാഹനങ്ങൾ, പിന്നീട് നമ്മുടെയൊക്കെ സ്വാതന്ത്ര്യബോധത്തെയും പരീക്ഷണോന്മുഖതയെയും ജീവിതശൈലിയെയും തന്നെ സ്വാധീനിക്കുന്ന ഒന്നായി മാറിയതിന് കാലംസാക്ഷി !! മെഴ്‌സിഡീസ് ബെൻസ് കാഴ്ചവെക്കുന്ന വാഹനങ്ങളുടെ ഉല്പത്തിപുസ്തകത്തിൽ വേഗതയും സാഹസികതയും ആവശ്യകതയും ചലനാനുപാതവും ഒരുമിച്ചുചേരുന്ന അപൂർവകഥകളുണ്ട്.


Related Articles