കാലടി സർവകലാശാലയിൽ എംഫിൽ പഠനത്തിൻ്റെ അവസാനത്തെ ആറുമാസം പ്രബന്ധ രചനയ്ക്കുള്ള സമയമാണ്. അതിനാൽ തന്നെ യാത്ര ചെയ്യാനും പലയിടങ്ങളിൽ താമസിക്കാനും എഴുതാനുമൊക്കെ ധാരാളം സമയമുണ്ടായിരുന്നു. മാത്രമല്ല ആ കാലയളവിൽ ഡിപ്പാർട്ട്മെന്റിനുള്ളിലെ ഹാജർ നില പ്രശ്നവുമല്ല. അങ്ങനെ എംഫിൽ പ്രബന്ധരചനയുടെ കാലയളവിലാണ് നാടക പ്രവർത്തകനായ ജെബിൻ ജസ്മസ് വിളിക്കുന്നത് -
എടാ, അടിയന്തരമായി കോട്ടയം അതിരമ്പുഴ വരെ വരണം. അവിടെ പാപ്പിറസ് എന്ന പബ്ലിക്കേഷനുണ്ട്. അവരുടെ ഒരു പുസ്തക പ്രൊജക്ടിൽ സഹായിക്കണം. നല്ല രീതിയിൽ കാശ് കിട്ടും. മാത്രമല്ല ഒരു പുസ്തകം സ്വന്തം പേരിൽ ഇറങ്ങുകയും ചെയ്യും.
അവൻ്റെ വാക്കുകേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. പിറ്റേദിവസം കോട്ടയത്തേക്ക് വണ്ടി കയറി. എം.ജി. സർവ്വകലാശാലയിൽ എത്തിയതും ഗേറ്റിനു മുമ്പിൽ ജബിൻ ജസ്മസ് കാത്തുനിൽപ്പുണ്ട് -
എടാ, ഞാൻ അങ്ങോട്ടേക്ക് വരുന്നില്ല. പബ്ലിക്കേഷനിലെ ഹരി എന്ന ഒരാൾ നിന്നെ കൂട്ടാൻ വരും. കുറച്ചുദിവസം അവിടെ താമസിക്കണം. നല്ല ഏരിയയാണ്. നിനക്ക് ഗംഭീരമായ അനുഭവമായിരിക്കും. കുറച്ചുനേരം കാത്തു നിന്നതും ഹരി ബൈക്കുമായി എത്തി. അങ്ങനെ ജബിൻ ജസ്മസിനോട് യാത്ര പറഞ്ഞ് അതിരമ്പുഴയിൽ പാപ്പിറസ് പബ്ലിക്കേഷനിൽ എത്തിച്ചേർന്നു.
