ഗൗരവമായ ചർച്ചകളും വൈജ്ഞാനിക പ്രവർത്തനങ്ങളും സാധ്യമായ ദിനങ്ങൾ കൂടിയായിരുന്നു കാലടി സർവകലാശാല ജീവിതത്തിലേത്. സുനിൽ പി ഇളയിടം, പി പവിത്രൻ, ധർമ്മരാജ് അടാട്ട്, പി.വി. നാരായണൻ, പി.സി. മുരളി മാധവൻ, മുത്തുലക്ഷ്മി, എസ്. ശോഭന, ബി. ചന്ദ്രിക, എബി കോശി, രമേഷ് വർമ, ടി.വി. മധു, ഗോപൻ ചിദംബരം, മാർഗി മധു തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രസിദ്ധരായ അധ്യാപകരുടെ ബലമുള്ള ചിന്തകളും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്. കേരളത്തിൽ മാതൃഭാഷാ പഠനത്തിൻ്റെ പ്രസക്തി അടിയുറച്ചതിൽ പി. പവിത്രൻ മാഷിനുള്ള പങ്ക് ചെറുതല്ല. മലയാള ഐക്യവേദി കേരളത്തിന്റെ പൊതു ഇടങ്ങളിൽ സജീവമായി ഇടപെടുന്ന ഘട്ടം കൂടിയായിരുന്നു അത്. തൻ്റെ ജീവിതം മുഴുവൻ അദ്ദേഹം മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിനായി ചെലവഴിച്ചു. ഒരുപക്ഷേ തനിക്കു ലഭ്യമാകേണ്ടുന്ന എത്രയോ സ്ഥാനങ്ങളെയും പദവികളെയുമെല്ലാം തിരസ്കരിച്ച് മാഷ് മാതൃഭാഷയ്ക്ക് വേണ്ടി നിലകൊണ്ടു. മലയാളിയുടെ ഭാഷാ ജീവിതത്തിൽ നിന്നും എടുത്തുമാറ്റാൻ കഴിയുന്ന ഒന്നല്ല മാഷ് നേതൃത്വം കൊടുത്ത ഭാഷാ പ്രസ്ഥാനത്തിൻ്റെ ചരിത്രം.
എനിക്കും സുഹൃത്തുക്കൾക്കും വ്യക്തിപരമായി ഏറെ അടുപ്പം സുനിൽ പി ഇളയിടം മാഷുമായാണ്. അതിനു കാരണമുണ്ട്. എൻ്റെ ഡിഗ്രിക്കാലം മുതൽ അധ്യാപകനായും സൗഹൃദ തണലായുമെല്ലാം അദ്ദേഹമുണ്ട്. കാലടി സർവകലാശാലയിൽ "സ്കൂൾ ഓഫ് റിനൈസൻസ്'' എന്ന ചെയറിന്റെ ചാർജ് മാഷിനായിരുന്നു. അക്കാലത്ത് സ്വാമി അഗ്നിവേശ്, ശരൺകുമാർ ലിംബാളെ തുടങ്ങിയ ദേശീയ പ്രശസ്തിയാർജ്ജിച്ച പലരും സർവ്വകലാശാലയിൽ പ്രഭാഷണത്തിനായി എത്തിയിരുന്നു. പത്രങ്ങളിലും ചാനലുകളിലും മാത്രം കണ്ടു പരിചയമുള്ള അനേകം വ്യക്തികളെ ക്യാമ്പസിൽ എത്തിക്കുന്നതിൽ സുനിൽ മാഷ് വഹിച്ച പങ്ക് നിസ്തുലമാണ്. പിന്നീട് ഗവേഷകരെയും കുറച്ച് അധ്യാപകരെയും ചേർത്തുകൊണ്ട് "വിമർശനാത്മക പഠനസംഘം എന്ന പേരിൽ ഒരു പഠനസംഘം രൂപീകരിക്കുന്നതിലും പ്രധാന പങ്കു വഹിച്ചത് സുനിൽ മാഷായിരുന്നു. സൈദ്ധാന്തിക - അക്കാദമിക് മേഖലയിൽ സജീവമായി ഇടപെടുന്ന അധ്യാപകരും ക്യാമ്പസിലെ മുഴുവൻ ഗവേഷകരും ചേർന്നതായിരുന്നു ആ പഠന സംഘം.
