ഹോസ്റ്റലിൽ രണ്ടു വർഷക്കാലം ബിനീഷ് വൈദ്യരങ്ങാടി എന്ന പി.ജി. മലയാളക്കാരനുണ്ടായിരുന്നു. നോവലിലും കവിതയിലുമൊക്കെ കാണുന്ന കഥാപാത്രം പോലെയാണ് അവൻ. ഹോസ്റ്റൽ മുറി മടുക്കുമ്പോൾ പായ, തലയിണ, പുതപ്പ്... തുടങ്ങി സകല സാധനങ്ങളും ചുമന്ന് പുറത്തു താമസിക്കുന്ന സുഹൃത്തുക്കളുടെ അടുത്തുപോകും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അവിടം മടുക്കും. വീണ്ടും ഭാണ്ഡവുമായി മറ്റൊരിടത്തേക്ക്. എന്താണെന്നറിയില്ല അവനെ കാണുമ്പോഴൊക്കെ പ്രിയപ്പെട്ട കവി പി കുഞ്ഞിരാമൻ നായരെ ഓർമ്മ വരും.
കാലടിയിൽ വന്ന കാലത്ത് ഹോസ്റ്റൽ ലഭിക്കാത്തതിനാൽ സുഹൃത്തുക്കൾക്കൊപ്പം പുറത്ത് ഒരു വാടകവീട്ടിൽ താമസിക്കുമ്പോഴാണ് ബിനീഷ് വൈദ്യരങ്ങാടിയുമായി പരിചയപ്പെടുന്നത്. പുസ്തക വായന, രാഷ്ട്രീയം, കവിത എന്നിവയ്‍ക്കൊപ്പമെല്ലാം പുള്ളിയുണ്ട്. അത്തരക്കാരുമായി എളുപ്പം പരിചയത്തിലാവും എന്നതിനാൽ കാലടിയിൽ കാലുതൊട്ടകാലം മുതൽ അവൻ സുഹൃത്താണ്. അങ്ങനെയിരിക്കെ ഒരു പുലർച്ചെ വീടിൻ്റെ ബെൽ മുഴങ്ങുന്നു, വാതിലിന് മുട്ടുകേൾക്കുന്നു...
ഉറക്കച്ചടവോടെ കൂട്ടുതാമസക്കാരനായ അജേഷ് ചോദിച്ചു,
