എന്റെ ആത്മകഥയുടെ (‘ഒരു അന്വേഷണത്തിന്റെ കഥ'/ ഡി സി ബുക്‌സ്) ആദ്യഭാഗങ്ങളിൽ ഒരിടത്ത് വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുനിന്ന് തിരുവനന്തപുരത്ത് ചെമ്പഴന്തിവരെ നടത്തിയ, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രചരണ ജാഥയിൽ ചിലയിടങ്ങളിൽ ഞാൻ പങ്കെടുക്കാനിടയായതിനെക്കുറിച്ചും വി.ടി. യെ പരിചയപ്പെടുകയും അദ്ദേഹവുമായി സംസാരിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്. അന്ന് വി.ടി. യെ ശരിയായ രീതിയിൽ മനസ്സിലാകാതെപോയതും സൂചിപ്പിക്കുന്നുണ്ട്. ‘‘പിന്നീട്, ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഇന്ത്യൻ സാമൂഹിക ഘടനയെ മനസ്സിലാക്കുന്നതിൽ ഞാനടക്കമുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റിയ അടിസ്ഥാനപരമായ പിശകിനെക്കുറിച്ച് തിരിച്ചറിവുണ്ടാവുകയും എന്റെ ധാരണകളിൽ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തതോടെയാണ് ഞാൻ വി.ടി. യെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ തുടങ്ങിയത്. അത് മറ്റൊരു കഥ. അതവിടെ നിൽക്കട്ടെ.’’–ഏതാണ്ട് ഇങ്ങനെ അക്കഥ അവസാനിപ്പിക്കുകയായിരുന്നു ആത്മകഥയിൽ.
എന്നാലിപ്പോൾ, ആ "മറ്റൊരു കഥ' വിശദമായി പറയാനാണ് ‘പച്ചക്കുതിര'യുടെ പത്രാധിപർ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. വർഷങ്ങൾക്ക് പിറകിലേക്കും വർഷങ്ങൾക്ക് മുമ്പിലേക്കും സഞ്ചരിക്കുന്ന ഓർമ്മയെ, എന്റെ ബൗദ്ധികാന്വേഷണങ്ങളുടെ ഭാഗമെന്നോണം, വീണ്ടും സന്ദർശിക്കുക– എങ്കിൽ അതാണ് ഈ അവസരവും.
പ്രായോഗിക പ്രവർത്തനങ്ങൾക്കിടയിൽ നടക്കുന്ന പലവിധ രാഷ്ട്രീയവും സൈദ്ധാന്തികവുമായ അന്വേഷണങ്ങളുടെ ഭാഗമായാണ് പല പുതിയ ധാരണകളും എന്റെ ചിന്തയിൽ രൂപപ്പെട്ടുവന്നിട്ടുള്ളത്. അതാത് സമയങ്ങളിൽ അവ പ്രകാശിപ്പിക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു. അതേസമയം, രാഷ്ട്രീയവും സൈദ്ധാന്തികവുമായ ഏത് അന്വേഷണവും കണ്ടെത്തലുകളും എപ്പോഴും പുനരാലോചനകൾ ആവശ്യപ്പെടുന്നുവെന്നും ഞാൻ കരുതിയിരുന്നു. ഇപ്പോൾ വി.ടി.യെക്കുറിച്ചും കുറെ വർഷങ്ങൾക്കു മുമ്പ് നടന്ന ആ ജാഥയെക്കുറിച്ചും ഓർക്കുമ്പോഴും അങ്ങനെയൊരു പാതയിൽത്തന്നെയാണ് എന്നും തോന്നുന്നു.
