കാലടി ക്യാമ്പസിൽ പഠിക്കുമ്പോഴാണ് ഇന്നത്തെ "പോത്തേട്ടൻസ് ബ്രില്ല്യൻസ്" ആയ സംവിധായകൻ ദിലീഷ് പോത്തൻ തിയേറ്റർ ഡിപ്പാർട്ട്മെന്റിൽ പിജിക്ക് വരുന്നത്. അതേ ബാച്ചിൽ സുരഭി ലക്ഷ്മിയുമുണ്ട്. സുരഭി ഇന്നേവരെ ദിലീഷിനെ സ്വന്തം പേര് വിളിച്ചിട്ടില്ല. പകരം 'ടുട്ടുമോൻ' എന്നേ അഭിസംബോധന ചെയ്യൂ. നിരവധി അഭിമുഖങ്ങളിലും സുരഭി ആ പേരു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് പല മേഖലകളിൽ പ്രസിദ്ധരായ ദിലീഷ്, സുരഭി, ശ്യാം റെജി, മനു അശോകൻ, ജബിൻ ജസ്മസ്, ലിബിൻ മാത്യു, ശരൺജിത്ത് തുടങ്ങിയവരെല്ലാം കാലടി ക്യാമ്പസിൽ വിദ്യാർത്ഥി വേഷത്തിൽ നിൽക്കുന്ന കാലത്താണ് തിയറ്റർ ഡിപ്പാർട്ട്മെൻ്റുമായി കൂടുതലടുക്കുന്നത്. ബിഗ് ബി എന്ന സിനിമയിൽ വില്ലൻ മേയറായി അഭിനയിച്ചു തകർത്ത രമേഷ് വർമ മാഷാണ് വകുപ്പധ്യക്ഷൻ. ആഴ്ചയിൽ ഒരു നാടകമെങ്കിലും തിയറ്റർ വിഭാഗത്തിന്റെ നേതൃത്വത്തിൽ അരങ്ങേറും. നാടകത്തിൽ പാട്ടെഴുത്ത്, കഥകൾ പുനരാഖ്യാനം ചെയ്യൽ, അങ്ങനെ പല കാര്യങ്ങളുമായി ഞങ്ങൾ കുറച്ചുപേർ ഒപ്പമുണ്ടാകും. എല്ലാവരുടെയും താമസം ഹോസ്റ്റലിലാണ് എന്നതിനാൽ രാത്രികാലവും മഹോത്സവങ്ങളാണ്.
'41 ' എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത നടൻ ശരൺജിത്ത് അന്ന് ഫൈനാർട്സ് വിദ്യാർഥിയാണ്. ഒപ്പം ഹോസ്റ്റൽ സെക്രട്ടറിയുടെ ചാർജുമുണ്ട്. ഒരു ദിവസം ദിലീഷ് പോത്തന്റെ ബൈക്കുമായി അവൻ പെരുമ്പാവൂർക്ക് പോകേ ഒരു അപകടത്തിൽപ്പെടുകയും വലതുകൈയ്യൊടിയുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കൈയ്യിൽ പ്ലാസ്റ്ററിടേണ്ടി വന്നു. മുൻഭാഗം പൊളിഞ്ഞ വണ്ടിയുടെ ഇൻഷുറൻസും മറ്റും ശരിയാക്കാനും കേസിൻ്റെ കാര്യങ്ങൾ സംസാരിക്കാനും പോലീസ് സ്റ്റേഷനിലേക്ക് പോയ ദിലീഷ് പോത്തൻ വഴിയിൽ വെച്ച് തെന്നിവീഴുകയും ഇടതു കാലിൽ കുപ്പിച്ചില്ലുകൾ തുളച്ചുകയറി പരിക്കേൽക്കുകയും ചെയ്തു. അങ്ങനെ ആ കാലിന് ചെറുതായി പ്ലാസ്റ്ററിടേണ്ടി വന്നു. അതേസമയത്തുതന്നെ ക്യാമ്പസ് യൂണിയൻ ചെയർമാനായിരുന്ന രാമനാഥൻ ക്യാമ്പസിൽ വീണ് കൈയ്യൊടിഞ്ഞു. അതേ കൈയ്യിൽ പോലീസിൻ്റെ തല്ലും കിട്ടി, അങ്ങനെ അവൻ്റെ കൈക്കും പ്ലാസ്റ്ററിടേണ്ടി വന്നു. എല്ലാവരും ഒരേ ഹോസ്പിറ്റലിലാണ് പോകുന്നത്. അങ്ങനെ ഹോസ്റ്റലിലെ മൂന്നുപേരും പ്ലാസ്റ്ററിട്ടു കിടപ്പായി.
