ഒരു രാജാവ് കണ്ട സ്വപ്നമായിരുന്നു കാൾസ്റൂഹ് നഗരം. ജർമനിയിലൊരു ഇടക്കാലാവസത്തിനായെത്തിയതാണെങ്കിലും ആ കിനാവിന്റെ അടുക്കും ചിട്ടയും അവിടെ കാലുകുത്തിയ നിമിഷം ബോധ്യപ്പെട്ടിരുന്നു. കൽപാതകളിൽ ജാഗ്രതയോടെ മാത്രം തെറിച്ചുവീഴുന്ന വെളിച്ചവും നിഴലും. വെടിപ്പും വൃത്തിയുമുള്ള പൊതുരഥ്യകൾ. അപരിചിത വഴികളുടെ അണിവിരലിൽ തൂങ്ങി ഒറ്റയ്ക്ക് നടന്നുനടന്ന് ആദ്യ ദിവസംതൊട്ടുതന്നെ ഏതു പാതകളും നമ്മെ തിരിച്ചറിയാൻ തുടങ്ങും. ഒന്നാമത്തെ ദിവസം പേരറിയാത്ത പിരിമുറുക്കങ്ങളോടെ നീണ്ടുപോകുന്ന വഴികൾ നമ്മെ സംശയത്തോടെ നോക്കും. രണ്ടാമത്തെ ദിവസം നമ്മൾ പിന്നിട്ട വഴികളെ അവ അനസ്യൂതം പിന്തുടരും മൂന്നാം ദിവസം മുതൽ നമ്മൾ മറികടന്ന വഴികൾ പരസ്പരം തിരിച്ചറിയാൻ തുടങ്ങും. അജ്ഞാതമായ തെരുവുകൾക്ക് പോലും ഉറച്ച ഓർമ്മകളുണ്ട്. ചിലപ്പോൾ മെരുങ്ങാതെ, ഒതുങ്ങാതെ അവർ കെറുവ് കാട്ടും. മറ്റു ചിലപ്പോൾ വഴങ്ങിയും ഇണങ്ങിയും ആശ്ലേഷിക്കും. പാതയോരങ്ങളിലിരുന്നു നമ്മെ കൂലങ്കഷമായി അളന്നെടുക്കുന്ന കണ്ണുകൾ ഞാൻ യൂറോപ്പിൽ കണ്ടതേയില്ല. അതിനാൽ തന്നെ പുതിയ വഴികൾ കണ്ടെത്തി നടക്കാൻ അത് ഉൾപ്രേരണയായി. അതേ വളവ് അതേ പാലം അതേ ബേക്കറി അതേ പാർക്കുകൾ അതേ പള്ളികൾ അതേ മനുഷ്യർ അതേ വൃക്ഷങ്ങൾ പലദിവസം പലതായി കണ്മുന്നിൽ തെളിയുന്നു. നടപ്പിന്റെ ധൃതിയും ചിന്തയുടെ കനവും ഒറ്റപ്പെടലിന്റെ നീളവും കൗതുകത്തിന്റെ കുതൂഹലതയും ദൂരങ്ങളുടെ പുതിയ വിദേശഭൂപടങ്ങളായിമാറുന്നു. ദൂരങ്ങളുടെ ഭാഷയും ഭാവവും ആലോചനയിലെത്തുന്നു! ദൂരങ്ങളുടെ ലിപികൾ നിഷ്പ്രയാസം അതിരുകൾ ഭേദിക്കുന്നത് കണ്ടു വാപൊളിച്ചിരിക്കുന്നു! ദൂരങ്ങളെ കവിതയിൽ കുടിയിരുത്തുന്നതിനെക്കുറിച്ചു സങ്കൽപ്പിച്ചു വശംകെടുന്നു. ദൂരങ്ങളുടെ ദൂരവും ദൂരമില്ലായ്മയും ഏതു നാട്ടിലും കാട്ടിലും മേട്ടിലും വീട്ടിലും ആപേക്ഷികമാത്രകളിൽ നിറഞ്ഞുകവിയുന്നു.
കാൾസ്റൂഹ് 1715-ൽ സ്ഥാപിതമായ ഒരു ആസൂത്രിത നഗരമാണ്. ജർമ്മൻ മാർഗ്രാവ് Charles III William (Margrave of Baden-Durlach) വനവേട്ടയ്ക്കിടെ കാട്ടിൽ വിശ്രമിക്കുമ്പോൾ ഒരു കിനാവ് കണ്ടതായാണ് കഥ; അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം പഴയ തലസ്ഥാനമായ ഡുർലാഖ് -Durlach -വിട്ട് ഒരു പുതിയ നഗരം നിർമ്മിക്കാൻ തീരുമാനിച്ചു. “Karl’s Ruhe” — കാർലിന്റെ വിശ്രമം എന്നർത്ഥമുള്ള പേരാണ് പിന്നീട് “Karlsruhe” ആയി മാറിയത്. ആദ്യം കൊട്ടാരം പണിതു; തുടർന്ന് അതിന്റെ മദ്ധ്യത്തിൽ നിന്ന് വികസിക്കുന്ന സൂര്യകിരണങ്ങളെപ്പോലെ വിരിഞ്ഞവരികളിൽ നഗരം രൂപകൽപ്പന ചെയ്തു. രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു പുതിയ ഭരണയിടം എന്ന നിലയ്ക്കും ആധുനിക അധികാരകേന്ദ്രമെന്നനിലയിലും ഒരു നവീന നാഗരികസ്വപ്നവും കൂടിയായിരുന്നു കാർൽസ്‌റൂഹെ എന്ന നഗരം. മൂന്ന് മാസത്തെ യൂറോപ്യൻ വാസത്തിനിടയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഇവിടെയായിരുന്നു. ആയുസ്സിലൊരിക്കൽക്കൂടി ഇതിലേയൊക്കെ നടക്കാനാകുമോ എന്നോർത്ത് പങ്കപ്പാടോടെ ഒരായിരം ചുറ്റുവഴികൾ സാഹസികമായി നടന്നുതീർക്കുന്നു.
