കഥകളില്ലായിരുന്നെങ്കില്‍ മനുഷ്യവംശത്തിന്റെ ജീവിതം മറ്റൊരു വിധത്തിലാകുമായിരുന്നു. ചെരുവാപുള്ള മായിയാണ് എന്റെ ഓര്‍മ്മയിലെ ആദ്യത്തെ കഥപറച്ചിലുകാരി. വെല്ലുമ്മയെ കാണാനായി വീട്ടില്‍ വരുമ്പോഴൊക്കെ അവരുടെ പക്കല്‍ ഒരുപാട് കഥകളുമുണ്ടായിരുന്നു. ഒരു ദിനേശ് ബീഡിയും വലിച്ചുകൊണ്ട് അവര്‍ വെല്ലുമ്മയോട് പറഞ്ഞ കഥകള്‍ ഞാന്‍ രസിച്ചിരുന്ന് കേട്ടിട്ടുണ്ട്. ഓര്‍മ്മയിലെ ആദ്യത്തെ പുകവലിയ്ക്കുന്ന സ്ത്രീയും അവരാണ്. ചെരുവാപുള്ള മായി പറഞ്ഞ കഥകള്‍ക്ക് എന്റെ ഓര്‍മ്മയില്‍ വലിയ ആയുസ്സൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തിന്റെ അല്ലലുകളെക്കുറിച്ചായിരിക്കാം അവരന്ന് വെല്ലുമ്മയോട് പറഞ്ഞിട്ടുണ്ടാവുക എന്ന് അനുമാനിക്കുകയേ തരമുള്ളൂ. എങ്കിലും കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള എന്റെ ഉത്സാഹത്തിന്റെ അവകാശികളിലൊരാള്‍ ഉറപ്പായും അവരാണ്.
സ്വന്തം ജീവിതത്തെക്കുറിച്ച് നിരന്തരം കെട്ടുകഥകളുണ്ടാക്കി പറഞ്ഞുകൊണ്ടിരുന്ന ഒരാളെ എനിക്കറിയാം. സ്‌കൂള്‍കാലത്ത് ഞാനയാളെ ആദ്യം പരിചയപ്പെടുമ്പോള്‍ അയാളൊരു പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. പിന്നീടൊരു ദിവസം ഞാനയാളെ ഒരു കൃഷിക്കാരന്റെ വേഷത്തില്‍ കണ്ടു. കാണുമ്പോഴെല്ലാം അയാള്‍ ഒരു കാര്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു: 'ശരിക്കും ഞാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറാണ്. ഇതൊക്കെ പിന്നെ ഒരു രസം.' ഷാജഹാന്‍ മാടമ്പാട്ടിന്റെ ജെഎന്‍യുവിലെ ചുവര്‍ചിത്രങ്ങള്‍ ഞാന്‍ അക്കാലത്താണ് വായിച്ചത്. അതോടെ ജെഎന്‍യു എന്റെ വലിയ സ്വപ്നങ്ങളിലൊന്നായി മാറി. അതുകൊണ്ടു തന്നെ ജെഎന്‍യുവിലെ വിസിറ്റിംഗ് പ്രൊഫസര്‍ എന്നെ സംബന്ധിച്ച് ഒരു അത്ഭുതമനുഷ്യമായിരുന്നു.
പിന്നെയും കുറേക്കാലം കഴിഞ്ഞ് ഞാനയാളെ കാണുമ്പോഴേക്കും ജെഎന്‍യു അയാളുടെ കഥയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ പുതിയ കഥ മെനഞ്ഞു. ഏതാണ്ട് സമാനമായ ഒരു കഥ, പകരം മറ്റൊരു സര്‍വകലാശാല. ഓരോ കഥ പറയുമ്പോഴും പക്ഷേ അവസാനത്തെ വാചകം അയാള്‍ മടിയേതുമില്ലാതെ ആവര്‍ത്തിച്ചു:'ഇതൊക്കെ പിന്നെ ഒരു രസം.' പിന്നീടൊരു ബസ്സ് യാത്രയില്‍ വച്ച് യാദൃച്ഛികമായി കണ്ടപ്പോള്‍ അയാളെന്നോട് പറഞ്ഞു: 'ഇന്നലെ എന്റെയൊരു കൂട്ടുകാരന്‍ മരിച്ചുപോയി. അവിടെ പോയിട്ട് വരുന്നതാ. ചിതയ്ക്ക് ഞാന്‍ തന്നെ തീകൊളുത്തണമെന്ന് അവന്റെ ഭാര്യക്കും മക്കള്‍ക്കുമൊക്കെ ഒരേ നിര്‍ബന്ധം. പിന്നെ ഞാനതങ്ങ് ചെയ്തു.'
