ഡബ്ബാവാലകളുടെ മുംബൈ!

Column

ഡബ്ബാവാലകളുടെ മുംബൈ!


മയം കണ്ണുചിമ്മുന്ന വേഗത്തില്‍ പായുന്ന ഒരു നഗരമാണ് മുംബൈ. ഇവിടുത്തെ ജീവിതങ്ങള്‍ക്ക് വല്ലാത്ത ഒരു വേഗതയാണ്. ആ വേഗതയില്‍ കൂടെ എത്താന്‍ വേണ്ടി ഓടി തളരുന്നവരെയും ആ വേഗതയെ സ്വാംശീകരിച്ച് കുതിച്ചുപായുന്നവരെയും ഒരുപോലെ നമുക്കിവിടെ കാണാം. മുംബൈയുടെ ഈ ഓട്ടം എത്രയോ ദശാബ്ദങ്ങളായി തുടരുന്ന ഒന്നാണ്. മുംബൈ നഗരത്തിന് ഉറക്കവും വിശ്രമവും ഒന്നുമില്ലേ? എന്തു നഗരമാണിത്? ഏതായാലും മുംബൈക്ക് തനതായ എന്തോ ഒരു ആകര്‍ഷണീയതയുണ്ട്.

സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര മാത്രമല്ല മുംബൈ എന്നും, അതിനാല്‍ ഈ നഗരത്തെ കുറച്ചുകൂടി അടുത്തു നിന്ന് കാണണമെന്നുമൊക്കെയായിരുന്നു ബോംബെ ഐഐടിയിലെ ഗസ്റ്റ് റൂമിലേ വിശ്രമത്തിലും മനസ്സില്‍ കറങ്ങിനടന്നിരുന്നത്. ചിന്തകള്‍ കാടുകയറിയപ്പോഴാണ് പാതിരാത്രിയില്‍ ക്യാമ്പസിന്റെ ഉള്ളിലൂടെ ഒരു നടത്തത്തിനിറങ്ങിയത്. മുംബൈ നഗരം പോലെ തന്നെ ബോംബെ ഐഐടി ക്യാമ്പസും രാത്രികളില്‍ സജീവമാണ്. ചെറിയ ഫുഡ്സ്റ്റാളുകളും കോഫിഷോപ്പുകളും ഒക്കെ വര്‍ണ്ണവെളിച്ചങ്ങളോടെ അവിടെ തെളിഞ്ഞുനില്‍ക്കുന്നുണ്ടാവും.

ഐഐടിയിലെ ചെറുതല്ലാത്ത ഒരു വിദ്യാര്‍ത്ഥി സമൂഹം രാത്രിയില്‍ സജീവമാണ്. ചിലര്‍ പാതിരാത്രികളില്‍ പഠിച്ച് മടുത്തതിന് ശേഷം ഒന്ന് ഉഷാറാവാന്‍ നൈറ്റ് ഷോപ്പുകളിലേക്ക് എത്തുന്നുണ്ട്. മറ്റുചിലര്‍ എന്‍ജോയ്‌മെന്റിനും എത്തുന്നുണ്ട്. ചില ഭാഗത്ത് കുട്ടികള്‍ ഗിറ്റാറും ഒക്കെ കൊണ്ടുവന്ന് നല്ല മെലഡികളും റാപ്പും ഒക്കെ പാടി ഗംഭീരമായ ഒരു നൈറ്റ്‌ലൈഫ് ആസ്വദിക്കുന്നുണ്ട്. അവരുടെ നാളെകളില്‍ ഇന്നലെകളെക്കുറിച്ച് ആലോചിക്കാന്‍ അവര്‍ക്ക് ഇതുപോലെ എത്രയെത്ര നിമിഷങ്ങളാകും ഈ ക്യാമ്പസ് ലൈഫ് അവര്‍ക്ക് സമ്മാനിച്ചിരിക്കുക. പഴയ കോളേജ് ലൈഫിന്റെ മധുരസ്മരണകള്‍ മനസ്സിലിട്ട് ഐഐടി ക്യാമ്പസിലൂടെ കുറേ അലഞ്ഞതിന് ശേഷം പുലര്‍ച്ചയോടടുത്ത് റൂമിലേക്ക് മടങ്ങി വന്നു, കട്ടിലില്‍ വീണു.


Related Articles