മഴക്കാലവും വേനൽക്കാലവും ഊഴംവെച്ചുറയൊഴിക്കുന്ന ഓർമ്മപ്പാൽക്കുടങ്ങളാണ് മലയാളിക്ക് കാലാവസ്ഥ. സമയമെന്ന പാത്രത്തിലെ മോഹതൈര് സ്വയം കടഞ്ഞെടുക്കുമ്പോൾ കിട്ടുന്ന വെണ്ണയും മോരും പോലെ കൊഴുപ്പും തുടിപ്പുമുള്ള പടിഞ്ഞാറൻ മൺസൂണും കിഴക്കൻ മൺസൂണുമായി ഈ നാട് ക്ലിപ്തകാലങ്ങളെ വർഷാവർഷം പിരിച്ചെഴുതുന്നു. കേരളത്തിൽ ജനിച്ചു ജീവിക്കുമ്പോൾ ഒരുഷ്ണമേഖലാനൂൽപ്പാലത്തിലെ ഹരിതബാഷ്പം പോലെ നമ്മൾ വിയർത്തും കുളിർന്നും പുകഞ്ഞും ആവിയായി നിരന്തരം രൂപാന്തരം പ്രാപിച്ചുമാണ് ഓരോദിവസവും പുലരുന്നത്. പുതുമഴയോടൊപ്പമുയരുന്ന ഉതിർമണ്ണിന്റെ പ്രാക്തനഗന്ധം മതിയാവോളം നുകരാൻ എന്റെ നാസാരന്ധ്രങ്ങൾപോലും അശക്തം. പച്ചപ്പൊരു പ്രാർത്ഥനയെങ്കിൽ അതുത്ഭവിക്കുന്ന ജൈവാത്ഭുതമാണ് സഹ്യാദ്രി. അറബിക്കടലിനും ദക്ഷിണേന്ത്യൻ സമതലത്തിനുമിടയിൽ നീളെനീളെ പടർന്നുകിടക്കുന്ന സഹ്യപർവ്വതനിരകൾ കാവൽകൈകളെന്നപോലെ ഈ നാടിന്‍റെ ആവാസവ്യൂഹത്തെ പൊതിഞ്ഞുപിടിക്കുന്നു.
ദൂരങ്ങളുടെ അക്ഷാംശരേഖകൾ അടിമുടി കാറ്റിൽ പറത്തിയ ഈ യൂറോപ്യൻ യാത്രയിൽ ഋതുവെന്നത് ഒരു സ്വഭാവനടിയുടെ അതിസ്വാഭാവികതയോടെ കണ്മുന്നിൽ നിറഞ്ഞാടുന്നതായാണ് തോന്നിയത്. ജർമനിയിൽ ഓഗസ്റ്റ് മാസത്തിലെ ഇളംവേനലിന്റെ താളവും ചിരിയും പാരിസിൽ സെപ്റ്റംബറിലെ അവധിക്കാലയാത്രകളുടെ ജരഠവേവലും ഓസ്ട്രിയയിലെ ശരത്കാലസീമയുടെ മിന്നലാട്ടവും വിയന്നയിലെ ചെറുചാറ്റലും ഇൻസ്ബർഗിലെ നീളംകുറഞ്ഞ ദിവസങ്ങളുടെ ശീതലഹരിയും കാൾസ്റൂഹിലെ നവംബറിന്റെ നിശബ്ദതയും ഇറ്റലിയിലെ ഡിസംബറിന്റെ ഹിമവൃഷ്ടിയും ഒരൊറ്റ യാത്രയിലെ പ്രാപഞ്ചികസാധുതയുടെ സുഭഗമാർഗ്ഗങ്ങളായി. കൈസർസ്രാസ്സെയും (Kaiserstraße) വാട്‌സ്സ്രാസ്സെയും(Waldstraße) യൂറോപ്പാപ്ലാട്സയും (Europpaplatz) വേഷം മാറുന്ന മാന്ത്രികരെപ്പോലെ ഉടയാടകൾ ദിവസേന മാറ്റിമാറ്റിയണിയുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ കാലത്തിന്റെ നിറമെന്തെന്ന ചോദ്യം തോരാക്കവിതപോലെ എന്റെ മുന്നിൽ നീണ്ടുകിടന്നു.
