യൂറോപ്യൻ ഉർവ്വശീയം!

Column

യൂറോപ്യൻ ഉർവ്വശീയം!


ർവശി ബുട്ടാലിയയെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടുമുട്ടിയ ഒക്ടോബറിലെ ഹെയ്‌ഡൽബെർഗ് സായാഹ്നത്തിന് ആകസ്മികതയുടെ മഴവിൽപകിട്ടായിരുന്നു. വായനയാൽ ആത്മബന്ധുക്കളേപ്പോൽ നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന ചില എഴുത്തുകാരുണ്ടാകുമല്ലോ? എന്നെങ്കിലും അവരെ നേരിൽ കാണണമെന്നുപോലും കരുതാൻവിടാതെ അവരുടെ പുസ്തകങ്ങൾ നമ്മെ ചുറ്റിവരിയും. എല്ലാവരും ഒരേതാളത്തിൽ ഗംഭീരം ഗംഭീരമെന്നു തലയാട്ടുന്ന പുസ്തകമാവില്ല അവരുടെ സംഭാവന. നിശബ്ദമായി സംസ്കാരത്തെയും ചരിത്രത്തെയും വർത്തമാനത്തെയും രാഷ്ട്രീയത്തെയും തിരുത്തിയെഴുതാൻ പ്രാപ്തിയുള്ള ചാട്ടുളികളാണ്‌ അവരുടെ അക്ഷരങ്ങൾ. അവരെ അറിയുമ്പോൾ ഓരോ വായനക്കാരനും പല പാരായണങ്ങളിൽ സ്വയം നിറഞ്ഞുതുളുമ്പിത്തൂവിപ്പോകാറുണ്ട്. പഠനകാലത്തു വായിച്ചാരാധിച്ച ഉർവശി ബുട്ടാലിയ ഹെയ്ലഡൽബെർഗ് യൂണിവേഴ്സിറ്റിയിൽ ഒരു പ്രോജക്ടിന്റെ ഭാഗമായി എത്തിയതാണ്. ക്യാമ്പസിൽ താമസം. സമാന്തരമായി ഗവേഷണവും എഴുത്തും ക്ലാസും പരിശീലനക്കളരികളുമായി എഴുപത്തിനാലാം വയസ്സിലും ഊർജസ്വല. ഹെയ്‌ഡൽബെർഗ് സർവകലാശാലയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കാനായി ഞാൻ സ്റ്റേജിൽ കയറുമ്പോഴാണ് വെള്ളനൂലിഴപോലെ നീണ്ട മുടി മുന്നിലേക്കഴിച്ചിട്ട സാക്ഷാൽ ഉർവശി ബുട്ടാലിയ പിൻനിരയിൽ ഇരിക്കുന്നത് കണ്ടത്. കണ്ടതും ഓടിപോയി പരിചയപ്പെട്ടു. ഇൻഡ്യയിൽ നിന്നാണെന്നും കേരളത്തിലാണ് വീടെന്നും ഒറ്റശ്വാസത്തിൽ പറഞ്ഞതോർക്കുന്നു. കവിതയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും അതുരണ്ടും സമഞ്ജസമായി സമ്മേളിക്കുന്ന എന്റെ പ്രോജെക്ടിനെക്കുറിച്ചും യാത്രകളെക്കുറിച്ചും സാകൂതം ചോദിച്ചത് എന്നെ സത്യത്തിൽ അമ്പരപ്പിച്ചു. ധിക്ഷണാശാലികളുടെ എളിമയെന്നത് അളവറ്റയൊരു ധാരയാണെന്ന് വീണ്ടും ബോധ്യപ്പെടാൻ ഈ സമാഗമം കാരണമായി. ഒരല്പമറിവിന്റെയും അധികാരത്തിന്റെയും പിൻബലത്താൽ പൊയ്ക്കാലിൽ നടക്കുന്ന ചിലർ പൊടുന്നനെ കണ്മുന്നിൽ മിന്നിമറഞ്ഞു.

“The Power of Storytelling for Social Justice” എന്നതായിരുന്നു അന്നത്തെ ഹെയ്‌ഡൽബെർഗ് യൂണിവേഴ്സിറ്റിയിലെ സെമിനാർ പാനൽ ചർച്ചയുടെ വിഷയം. കഥകൾക്ക് ലോകത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ടോ? കഥപറച്ചിൽ ഒരു കലാരൂപംമാത്രമല്ല, മറിച്ചു സാമൂഹികമാറ്റത്തിനുള്ള ശക്തമായ ഉപകരണമാണെന്ന ബോധ്യം പങ്കുവെച്ചാണ് വർത്തമാനങ്ങൾ മുന്നേറിയത്. വേദിയിൽ ഒരെഴുത്തുകാരൻ, റേഡിയോ ഫീച്ചർ നിർമ്മാതാവ്, സിനിമാ ക്യൂറേറ്റർ, പിന്നെ കവിയെന്നനിലയിൽ ഞാനുംകൂടിയപ്പോൾ അന്ന് പങ്കെടുത്തവരെല്ലാം പല മേഖലകളിൽ നിന്നുള്ളവരായി. അനുഭവങ്ങളുടെ, സ്മരണകളുടെ, രാഷ്ട്രീയബോധത്തിന്റെ, സമന്വയചിന്തകളുടെ പരീക്ഷണവേദിപോലെയായി പ്രസംഗപീഠം. സാമൂഹിക അനീതികൾ, കുടിയേറ്റം, സംസ്കാരപരമായ തിരിച്ചറിവ്, ലിംഗവിവേചനം, യുദ്ധാനന്തര സാഹചര്യങ്ങൾ എന്നിവ കഥകളിലൂടെ എങ്ങനെ മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ വിശദമായി സംവദിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഹർഷ് മന്ദർ സാമൂഹിക നീതിയുടെ നിലപാടുതറകൾ പങ്കുവെച്ചപ്പോൾ, കവിതയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കര്ല മോണ്ടാസർ തന്റെ അനുഭവങ്ങൾ വിവരിച്ചു. ഡോക്യുമെന്ററി നിർമ്മാണത്തിലൂടെ സമൂഹത്തെ വായിക്കാൻ ശ്രമിക്കുന്ന ലോറൻസ് റോൾഹൗസറും, അറബ് ലോകത്തെ സിനിമയിലൂടെ അവതരിപ്പിക്കുന്ന ഇറിറ്റ് നൈധാർട്ടും സംവാദത്തെ സമ്പുഷ്ടമാക്കി. കേരളത്തിൽ നിന്നുള്ള ദ്വിഭാഷാ കവിയെന്ന നിലയിൽ എന്റെ സാന്നിധ്യം ആ വേദിക്ക് സാംസ്കാരിക വൈവിധ്യത്തിന്റെ ആഴം നൽകിയെന്നു സംഘാടകർ പറയുന്നുണ്ടായിരുന്നു. റേഡിയോ മീഡിയയിലൂടെ സമൂഹവുമായി ബന്ധം സ്ഥാപിക്കുന്ന തോമസ്, ഫ്രാങ്ക് എന്നിവർ ശബ്ദത്തിന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് സംസാരിച്ചു. കഥപറച്ചിൽ കേവലം വിനോദോപാധിയല്ല; അത് ചിലപ്പോൾ സാക്ഷ്യം, പ്രതികരണം, പ്രതിരോധം, സാംഗത്യം— എല്ലാമാണ്. വാക്കുകൾവഴി മനുഷ്യരെ കൂട്ടിച്ചേർക്കാനും, വേദന പങ്കുവെക്കാനും, നീതിക്കായി ശബ്ദമുയർത്താനും കഴിയും എന്ന വിശ്വാസം പാനൽ ചർച്ചയിൽ ഉയർന്നു. അവതരിപ്പിക്കപ്പെട്ട പേപ്പറുകൾ ഭാവിയുടെ വാഗ്ദാനം പോലെ സംഭരിക്കേണ്ടവയെന്നു അഭിപ്രയം ഉയർന്നു. സാമൂഹിക നീതി ഒരു രാഷ്ട്രീയ ആശയം മാത്രമല്ല; അത് മനുഷ്യബന്ധങ്ങളുടെ പുനർവായനയാണ്. കഥകളിലൂടെ അത് സാധ്യമാകുന്നതിന്റെ നോവും വേവും വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് ഉർവശി ബൂട്ടാലിയ വിശദീകരിച്ചത്.


Related Articles