ഏതാണ്ട് കാൽ നൂറ്റാണ്ട് മുൻപുണ്ടായ ഒരു സംഭവം പറയാം.
പഠിപ്പിച്ചിരുന്ന സ്കൂളിൽ ശിശുദിനാഘോഷമായിരുന്നു. വർഷങ്ങളായി ശിശുദിനാഘോഷം കെങ്കേമമായി കൊണ്ടാടുന്ന പാരമ്പര്യമാണ് ആ പള്ളിക്കൂടത്തിനുള്ളത്. അധ്യാപകർ കുട്ടികളുടെമുന്നിൽ പാട്ടും ഡാൻസും പലതരം കലാപരിപാടികളുമൊക്കെ അവതരിപ്പിക്കും നവംബർ 14 ന്.
എന്ത് പരിപാടിയില്ലെങ്കിലുംശരി ഒരു തമാശനാടകം മസ്റ്റാണ്. നാടകത്തിൻ്റെ കലാമേന്മയെക്കാൾ പ്രധാനം, എന്നും കൃത്രിമഗൗരവത്തിന്റെ മുഖംമൂടിയും കടുപ്പക്കാരുടെ കോട്ടും ധരിച്ച് പ്രത്യക്ഷപ്പെടുന്ന അധ്യാപകർ പലതരം വേഷങ്ങളിൽ വിദ്യാർത്ഥികൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുക എന്നതിനാണ്. കള്ളനായും കുടിയനായും പോലീസായും പഞ്ചായത്ത് പ്രസിഡണ്ടായിട്ടുമൊക്കെ വേഷംകെട്ടി അരങ്ങിലെത്തുന്ന വാധ്യാർവർഗ്ഗത്തെ കണ്ട് കുട്ടികൾ ആർപ്പുവിളിക്കും.
അത്തവണ ഞാനടക്കമുള്ള ചെറുപ്പക്കാരായ അധ്യാപകരുടെ ചുമലിലാണ് നാടകമവതരിപ്പിക്കാനുള്ള ചാർജ് വന്നുവീണത്. കഷ്ടപ്പെട്ട് ഒരു നാടകമൊക്കെ എഴുതിയുണ്ടാക്കിയെങ്കിലും ഒരു പ്രശ്നമുണ്ടായി.
