ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേനടന്ന ഒരു കാര്യം പറയാം. ഒന്നാം വര്‍ഷം മലയാളബിരുദ കോഴ്‌സിന് അഡ്മിഷനെടുക്കാന്‍ ഒരു മകനും അച്ഛനും പേരും പെരുമയുമുള്ള വലിയൊരു കോളജ് ക്യാമ്പസിലെത്തി. ബക്കിംഗ്ഹാം പാലസ് പോലെ നീണ്ടുപരന്നു കിടക്കുന്ന മുട്ടന്‍ കെട്ടിടങ്ങള്‍ കണ്ടമ്പരന്ന് അവര്‍ ഏതു ദിക്കിലേക്ക് നടക്കണമെന്നറിയാതെ ശങ്കിച്ചുനില്‍ക്കുകയായിരുന്നു.
ഒരു പീരിയഡ് കഴിഞ്ഞ് അടുത്ത പീരിയഡ് തുടങ്ങാനുള്ള ബെല്ലടിച്ചതുകൊണ്ട് ക്യാമ്പസിലാകെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നെട്ടോട്ടം. അടിയന്തരസര്‍ജറിക്ക് പോകുന്ന ഡോക്ടര്‍മാരെപ്പോലെ തിരക്കിട്ടുപായുന്ന യോഗ്യന്മാരായ അധ്യാപകരെ തടഞ്ഞുനിര്‍ത്തി വഴിചോദിക്കാന്‍ അവര്‍ക്ക് വൈക്ലബ്യം തോന്നി.
റാഗിംഗിന്റെയൊക്കെ കഥകള്‍ കേട്ടിട്ടുള്ളതുകൊണ്ട് വിദ്യാര്‍ത്ഥികളോട് ചോദിച്ച് വെറുതെ ഏണിപിടിക്കേണ്ട എന്നവര് നേരത്തെ തീരുമാനിച്ചിരുന്നു. എങ്ങോട്ട് പോകണം എന്ത് ചെയ്യണമെന്നറിയാതെ വടിവിഴുങ്ങിയ മട്ടില്‍ വണ്ടറടിച്ചു വായുംപൊളിച്ചുനിന്നുപോയി അവര്‍.
അന്നേരമാണ് വലിയ കുഴപ്പമില്ലാത്ത ഒരു കക്ഷി മണസാ കുണുസാ മട്ടില്‍ യാതൊരു തിരക്കുമില്ലാതെ മന്ദം മന്ദം നടന്നടുക്കുന്നത് അവരുടെ കണ്ണില്‍പ്പെട്ടത്. മങ്ങിയ നിറമുള്ള ഷര്‍ട്ടും വെള്ള എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന പോളിസ്റ്റര്‍ മുണ്ടുമുടുത്ത് വരുന്ന മന്ദഗമനനെ കണ്ടപ്പോള്‍ അവര്‍ക്കല്പം ആശ്വാസം തോന്നി. വല്ലതും ചോദിച്ചാല്‍ ഇങ്ങോട്ട് ചാടിക്കേറി കടിക്കാന്‍ സാധ്യതയില്ലാത്ത ടൈപ്പാണ് പുള്ളിക്കാരനെന്ന് ഒറ്റനോട്ടത്തിലുണ്ടായ തോന്നലായിരുന്നു ആശ്വാസത്തിന് കാരണം.
