തിരിമുറിയാതെ അടമഴയും അണ തുറന്നപോലെ ഇടിവെട്ടും പെയ്യുകയായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഞാനന്നേരം കൊച്ചിയിലുള്ള അച്ചിവീട്ടിൽ പുതച്ചുകിടന്നുറങ്ങി.
ഉച്ചയും ഉച്ചരയും ഉച്ചേമുക്കാലുമൊക്കെക്കഴിഞ്ഞു. "അസ്തഗിരീശ്വര മസ്തകസീമനി ഭാസ്കരഭഗവാൻ" നേരത്തേ ലീവെടുത്തുമറഞ്ഞു. അന്തമില്ലാത്ത അന്ധകാരം പരന്ന അന്തിനേരത്ത് ഫോൺ കുണു കുണാ എന്ന് കരഞ്ഞു.
മറുതലക്കൽ സിനിമാസംവിധായകൻ അനുരാജ് മനോഹർ.
"ചേട്ടാ, നരിവേട്ട എന്ന പേരിൽ ഞാനൊരു സിനിമ സംവിധാനം ചെയ്തിറക്കിയിട്ട് ഒരാഴ്ചകഴിഞ്ഞു. ഒന്നുകിൽ നിങ്ങളത് കാണേണ്ടെന്നുവച്ചു. അല്ലെങ്കിലത് കണ്ടിട്ടിഷ്ടപ്പെട്ടില്ല. ഇതിലേതാണുണ്ടായതെന്ന് ഇപ്പോളറിയണം."
അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ തരിമ്പും കഴമ്പില്ലാത്തതുകൊണ്ട് അനിയനോട് അന്തസ്സായി മറുപടിപറഞ്ഞു.
"ഒരു ചെറിയ പടത്തിലഭിനയിക്കാൻ പോയിരുന്നു. ഇന്നലെ രാത്രി ഭാര്യവീട്ടിൽ വന്നു കയറിയതേയുള്ളൂ."
