കഴിഞ്ഞ ലക്കത്തിൽ പറഞ്ഞുവന്നത് മൾബെറിയെക്കുറിച്ചും ഷെൽവിയെക്കുറിച്ചുമാണ്. പറഞ്ഞുനിർത്തിയത് ഒരു പുസ്തകത്തെക്കുറിച്ചും. ബെന്യാമിൻ എഴുതിയ,'മൾബെറി എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ' എന്ന പുതിയ നോവലിനെക്കുറിച്ച്.
ഷെൽവിയുടെ പുസ്തകജീവിതത്തിലൂടെയും കസൻദ്സാക്കീസിന്റെ രചനാലോകത്തിലൂടെയും ഒരു ഫിക്ഷനെഴുത്തുകാരൻ നടത്തുന്ന സ്വതന്ത്രസഞ്ചാരമാണാ നോവൽ.
ഷെൽവിയെക്കുറിച്ച് ബെന്യാമിനെഴുതിയ ചില വരികൾ ഇവിടെയൊന്ന് പകർത്തട്ടെ.
"അക്കാലത്ത് എന്നെ മറ്റൊരുതരത്തിൽ സ്വാധീനിച്ചിട്ടുള്ളത്, അല്ലെങ്കിൽ പുസ്തകങ്ങൾ അയച്ചുതന്നു സഹായിച്ചിട്ടുള്ളത് മൾബെറി ബുക്സിൻ്റെ ഉടമ ഷെൽവിയാണ്. ഷെൽവിയെ മറന്നുകൊണ്ട് എനിക്ക് എൻ്റെ സാഹിത്യജീവിതത്തെക്കുറിച്ച് ഓർക്കാനേ കഴിയില്ല. അന്നു മൾബെറി ബുക്സ് എന്നു പറയുന്നത് പുസ്തകപ്രസാധനരംഗത്ത് ഏറ്റവും ശക്തമായിനിൽക്കുന്ന, മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ, മൂന്നാംലോകകഥകൾ, മാർകേസിൻ്റേതുൾപ്പെടെയുള്ള കഥകൾ പ്രസിദ്ധീകരിച്ചുകൊണ്ട് പ്രസിദ്ധീകരണരംഗത്തേക്കു വന്ന്, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. പുസ്തകനിർമ്മിതിയിൽത്തന്നെ ഒരു വലിയ വിപ്ലവം സൃഷ്ടിച്ചയാളാണ് ഷെൽവി. സ്വാഭാവികമായും ആ പുസ്തകങ്ങൾ ഇല്ലാതെ വായന മുന്നോട്ടുപോകില്ല എന്ന നിലയിൽ ഞാൻ അവർക്ക് കത്തയയ്ക്കുകയും ഷെൽവി എനിക്കു പുസ്തകങ്ങൾ സ്ഥിരമായി ഗൾഫിലേക്ക് അയച്ചുതരുകയും ചെയ്യുമായിരുന്നു.
