"മഹേശന്റെ ഗിരിശൃംഗങ്ങൾ കൈയാൽ ഇളക്കിമറിച്ചാണ് നാം ചന്ദ്രഹാസം നേടിയത്" അതു പറഞ്ഞത് ലങ്കാലക്ഷ്മിയിലെ രാവണനാണ്.
ഒരു മഹേഷിന്റെയും ഗിരീഷിന്റെയും സംഗതികളും സാധനങ്ങളും തള്ളിമറിച്ചിട്ടല്ല ഈ ചന്ദ്രഹാസമുണ്ടായത്. വാക്കിൻ്റെ കൈലാസഗിരികളെടുത്തമ്മാനമാടാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരുത്തൻ സ്വന്തം ആശ്വാസത്തിനായി തല്ലിപ്പരത്തിയെടുത്ത വാ പോയ ഒരു വാളെന്നു കരുതിയാൽമതിയാകുമിതിനെ.
വാളല്ലെൻ സമരായുധമെന്ന് വയലാർ പാടിയത് ചുമ്മാതല്ല. പക്ഷേ കരവാളു വിറ്റ് മണിപ്പൊൻവീണ വാങ്ങിച്ചതുപോലെ എളുപ്പമല്ലല്ലോ വായിലെ നാക്കിനെ അടക്കിവയ്ക്കാൻ, വാക്കിൻ്റെ ചാട്ടത്തെ പിടിച്ചുനിർത്താൻ. ചില നേരങ്ങളിൽ വാളെടുത്തു വീശുന്നതിനേക്കാൾ അപകടകരമാണ് വാക്കെടുത്തുള്ള വീശൽ. ചിലർക്ക് മിണ്ടാതിരിക്കൽ വലിയ ഇണ്ടലാണ്. മിണ്ടിയില്ലെങ്കിൽ തൊണ്ടക്കുഴി ചൊറിയും. പൂക്കാതിരിക്കാൻ മാത്രമല്ല പറയാതിരിക്കാനും എനിക്കാവതില്ലേ എന്ന് ഉള്ളിൽ നിന്ന് ഒരാന്തലുണ്ടാകും.
വാക്കിൽ നിരന്തരം പണിയെടുക്കുന്നത് ചിലരുടെ വിധിയാകുന്നു. എഴുതുന്നത് മാത്രമല്ല എഴുതിയത് വായിച്ചെടുക്കുന്നതും വാക്കിന്മേലെടുക്കുന്ന പണിതന്നെ. വിധിയെ ബ്രഹ്മനും തടുക്കമുടിയാത്.
