മേരിയും കുഞ്ഞാടും പിന്നെ അറവുകാരന്റെ മകനും എന്നൊരു കഥയുണ്ട്. ശാസ്ത്രസാഹിത്യകരയോഗചിന്തകൾ എന്ന് മറ്റൊരു കഥയുണ്ട്. ഇത് രണ്ടും ഞാൻ വായിച്ചത് ഒറ്റ വാരികയിലാണ് പത്തിരുപത്തെട്ട് കൊല്ലം മുമ്പ്. കൃത്യമായിട്ട് പറഞ്ഞാൽ 1998 - ലെ വിഷുക്കാലത്ത്.
ആദ്യത്തെ കഥയെഴുതിയത് ആലപ്പുഴ എടത്വയിലെ സെയ്ന്റ് അലോഷ്യസ് കോളേജിൽ ബി എസ് സി ക്ക് പഠിച്ചിരുന്ന ഒരു പയ്യനാണ്. രണ്ടാമത്തെ കഥയെഴുതിയത് കോട്ടയം ഭാരതീയ വിദ്യാഭവനിൽ പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ കോഴ്സ് പഠിച്ചോണ്ടിരുന്ന വേറൊരു പയ്യൻ.
മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ കഥാമത്സരത്തിലെ സമ്മാനാർഹരായിരുന്നു രണ്ടു കഥാകൃത്തുക്കളും. അത്തവണ മത്സരത്തിൽ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഇല്ലായിരുന്നു. മൂന്ന് പ്രോത്സാഹനസമ്മാനങ്ങൾ മാത്രം. മേല്പറഞ്ഞ രണ്ടുപേർക്കും തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പഠിച്ചിരുന്ന ജിഷ്ണു ആറിനുമായിരുന്നു അത് കിട്ടിയത്.
