പൊൻകുന്നം വർക്കിയുടെ ഉണ്ണീശോക്കഥ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞയാഴ്ചയിലെ ചന്ദ്രഹാസം തുടങ്ങിയത്. ഇത്തവണയും കഥ വർക്കിസാറിൽനിന്നുതന്നെ തുടങ്ങുകയാണ്. പുള്ളിക്കാരൻ പണ്ട് കോട്ടയത്ത് നാഷണൽ ബുക്ക്സ്റ്റാൾ നടത്തിക്കൊണ്ടിരിക്കുന്ന കാലം. ആ സമയത്താണ് ചങ്ങമ്പുഴ കൃഷ്ണപിള്ള അവതാരിക എഴുതുന്നതിനുവേണ്ടി 'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കൃതി വർക്കിസാറിനെ ഏൽപ്പിക്കുന്നത്. അത് വായിച്ചിട്ട് കക്ഷി എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രീയപ്രവർത്തകനായ കോട്ടയം ഭാസി അങ്ങോട്ടേക്കെത്തുന്നത്.
ഇന്നത്തെ തലമുറയ്ക്കത്ര പരിചിതനായിരിക്കില്ല കോട്ടയം ഭാസി. കോട്ടയത്തുനിന്ന് എൻ.ബി.എസ് ഇറക്കിയ വിശ്വവിജ്ഞാനകോശത്തിൽപ്പോലും അടൂർ ഭാസിയേ ഉള്ളൂ. അതിൽ കോട്ടയം ഭാസിക്ക് ഇടംകിട്ടിയിട്ടില്ല. പക്ഷേ, പണ്ടത്തെ കോട്ടയംകാരോട് ചോദിക്കണം ഭാസി ആരായിരുന്നെന്ന്. അവര് പറയും കോട്ടയത്തിന്റെ ചെന്താരകമായിരുന്നു ഭാസിയെന്ന്. കള്ളുസഭകളിൽ പ്രായംകൂടിയ ചില കാർന്നോന്മാര് പറഞ്ഞുകേട്ടാണ് ഞാൻ ഈ മനുഷ്യനെക്കുറിച്ച് ആദ്യമറിയുന്നത്.
നമുക്ക് സ്പന്ദിക്കുന്ന അസ്ഥിമാടത്തിലേക്ക് തിരിച്ചുവരാം. എനിക്ക് ആ കൃതിയുമായി സോറി, അതിന്റെ തലക്കെട്ടുമായി ഒരു ആത്മബന്ധമുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിച്ച എറണാകുളം മഹാരാജാസ് കോളേജിലെ ക്ലാസ്സിലിരുന്നുപഠിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. കേസരി ബാലകൃഷ്ണപിള്ള സ്പന്ദിക്കുന്ന അസ്ഥിമാടത്തിന് എഴുതിയ ആമുഖം എം എ സിലബസിന്റെ ഭാഗമായി ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. അതെടുത്തിരുന്ന ജോസ് വെമ്മേലി സാറിൻ്റെ ക്ലാസ്സ് അത്യുഗ്രനുമായിരുന്നു. ചങ്ങമ്പുഴയുടെ മഹാരാജാസ് പഠനകാലത്ത് നടന്ന ഒരു സംഭവമുണ്ട്. അത് വായിച്ചറിയുന്നത് വളരെ പ്രശസ്തയായ ഒരു വനിതയുടെ ആത്മകഥയിൽനിന്നാണ്.
