എന്നെ മറന്നീടല്ലേ എന്നെ വെറുത്തീടല്ലേ കണ്മണിയൊരുനാളും

Column

എന്നെ മറന്നീടല്ലേ എന്നെ വെറുത്തീടല്ലേ കണ്മണിയൊരുനാളും


ക്യാമ്പ് - ഭാഗം - 1

മറക്കാനാവാത്ത ഒരുപിടി ഓർമ്മകളാണ് നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പുകൾ സമ്മാനിച്ചിട്ടുള്ളത്. അന്നൊക്കെ ദശദിന ക്യാമ്പുകളാണ്. ഇന്നത് സപ്ത ദിനത്തിലേക്ക് ചുരുങ്ങി. പത്തുദിവസം വീടും നാടും ക്യാമ്പസുമെല്ലാം മറന്ന് ഒരു കുടുംബമായി താമസിക്കുന്നതിന്റെ സന്തോഷം. ഏതു നാട്ടിലാണോ ക്യാമ്പ് നടക്കുന്നത് ആ നാട്ടുകാരും ഞങ്ങളും ഉൾപ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു കൊണ്ടാണ് ക്യാമ്പിന് തുടക്കമിട്ടുക. പലപ്പോഴും ഉൾനാടുകളിലാവും ക്യാമ്പ്. ഫേസ്ബുക്കോ മറ്റു സോഷ്യൽ മീഡിയകളോ ഉദയം ചെയ്തിട്ടില്ല. മൊബൈലാണെങ്കിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം. ഇൻകമിംഗ് കോളിനും പൈസയീടാക്കുന്നതിനാൽ അതും അത്യാവശ്യത്തിന് മാത്രം ആളുകൾ ഉപയോഗിക്കുന്നു.

വാകയാട് ഊട്ടേരിയിലായിരുന്നു ഞങ്ങളുടെ ബാച്ചിലെ ആദ്യത്തെ ക്യാമ്പ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് വെട്ടുക എന്നതാണ് ലക്ഷ്യം. ആ നാടിന് ഏറെ ഉപകാരമുള്ള പ്രവർത്തിയായതിനാൽ നാട്ടുകാരുടെ സമ്പൂർണ്ണ പിന്തുണ ക്യാമ്പിലുണ്ടായിരുന്നു. ഞങ്ങളുടെ താമസമാകട്ടെ ഓരോ വീടുകളിലുമായിരുന്നു. അഞ്ചുപേർ വെച്ച് ഒരു വീട്ടിൽ. അങ്ങനെ പത്ത് വീടുകളിലായി അമ്പതു പേർ. ചില ദിവസങ്ങളിൽ അതിഥികളായി എത്തുന്നവരുമുണ്ടാകും. പല വീടുകളിലും ഒന്നോ രണ്ടോ മുറികളെയുള്ളൂ. അഞ്ചുപേരെക്കൂടി ഉൾക്കൊള്ളാനുള്ള സ്ഥലമില്ലെങ്കിൽ പോലും സന്തോഷത്തോടെയും സ്നേഹത്തോടെയും അവർ കിടക്കാനുള്ള ഇടം നൽകി; ചിലപ്പോൾ ഗൃഹനാഥർ കോലായിലോ തിണ്ണയിലോ ആവും കിടന്നുറങ്ങുക. ഇന്ന് അതൊക്കെ ആലോചിക്കുമ്പോൾ അതിശയം തോന്നുന്നു.


Related Articles