സുന്ദരീ പറയൂ നീയെവിടെ ?

Column

സുന്ദരീ പറയൂ നീയെവിടെ ?


ക്യാമ്പസിൽ സുന്ദരി എന്ന് പേരുള്ള ഒരു പട്ടിയുണ്ടായിരുന്നു. ചെറിയ ശരീരവും മുറിഞ്ഞ വാലും വെള്ളനിറത്തിനുമുകളിൽ ബ്രൗൺ വരകളുമുള്ള ആ പട്ടി വർഷങ്ങളായി ഹോസ്റ്റലിലും വരാന്തകളിലും ക്ലാസ് മുറികളിലും ജീവിച്ചു. ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ജീവിയും അതായിരിക്കാം. പാതിരാത്രി കഴിഞ്ഞ് ഒരു മണിക്കോ രണ്ടുമണിക്കോ ഒക്കെ ടൗണിലെ തട്ടുകടയിൽ ചായ കുടിക്കാൻ പോകുന്ന ശീലമുണ്ട് ഞങ്ങൾക്ക്. സോബിൻ, രാജേഷ്, അനീഷ്, സുദീപ്, ജിനീഷ്, ജ്യോതിരാജ്... അങ്ങനെ ഗവേഷകരുടെ ഒരു കൂട്ടം തന്നെ ഉണ്ടാകും. മിക്ക ദിവസങ്ങളിലും പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് ഉറക്കം. ബ്രഹ്മ മുഹൂർത്തം ഉണരലിനുള്ള സമയമാണെങ്കിലും ഞങ്ങൾക്കത് ഉറക്കം ആരംഭിക്കാനുള്ളതാണ്. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ എം എക്കാരും ഡിഗ്രിക്കാരുമൊക്കെ ഒപ്പം കാണും.

സുന്ദരി
സുന്ദരി

ഹോസ്റ്റൽ വരാന്തയിലെ ടൈലിൽ വിരിച്ചിട്ട ചാക്കിലാണ് സുന്ദരിയുടെ കിടത്തം. പാതിരാത്രി പുറത്തുപോകാനായി ഗ്രിൽ തുറക്കുമ്പോൾ തന്നെ അത് ചാടിക്കയറി മുന്നിൽ നിൽക്കും. പിന്നെ ഞങ്ങളെ നയിക്കുന്നത് സുന്ദരിയാണ്. തട്ടുകടയിലേക്കുള്ള വഴി അതിന് മന:പാഠമാണ്. കടക്കാരനായ ബാബു ചേട്ടനുമായും സുന്ദരി കൂട്ടാണ്. ഞങ്ങൾ എന്താണോ കഴിക്കുന്നത് അതിലൊരു പങ്ക് നിർബന്ധമാണ്. ഇല്ലെങ്കിൽ കുരച്ച് ബഹളം വെക്കും. സ്വീറ്റ് പൊറോട്ട, വട, ബിസ്ക്കറ്റ് തുടങ്ങി എന്തും കഴിക്കും. ഹോസ്റ്റൽ വരെ അനുഗമിച്ച ശേഷമാണ് അതിൻ്റെയും ഉറക്കം. ഹോസ്റ്റലിലേക്ക് ചെറിയ വയലിന്റെ മധ്യത്തിലൂടെയാണ് റോഡ്. അതിനാൽ തന്നെ പാമ്പും തവളയുമെല്ലാം ഒരു പേടിയുമില്ലാതെ സഞ്ചരിക്കുന്ന ഇടമാണത്. ചെറിയ മൊബൈൽ വെളിച്ചത്തിൽ ചിലപ്പോൾ അതൊന്നും ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. പക്ഷേ മൊബൈൽ വെളിച്ചത്തേക്കാളും വലിയ വെളിച്ചമായി സുന്ദരി മുന്നിൽ നടക്കുമെന്നതിനാൽ അനുഗാമികൾ ഭയപ്പെടാറില്ല. ഏത് ജീവിയെ കണ്ടാലും കുരച്ചു തുള്ളും. ഒരിക്കൽ പാതിരാ ചായകുടിക്കായുള്ള നടത്തത്തിനിടയിൽ സുന്ദരി പ്രത്യേക ശബ്ദത്തിൽ കുരയ്ക്കുകയും വട്ടം ചുറ്റുകയും ചെയ്തു. എല്ലാവരും ടോർച്ച് വെട്ടം തെളിച്ചപ്പോഴതാ ഒരു കൊച്ചു മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു. സുന്ദരിയുള്ളതുകൊണ്ട് മാത്രം രക്ഷപ്പെട്ട ഞങ്ങളുടെ കാലുകൾ. സുന്ദരിയെയും ഞങ്ങളെയും കുറച്ചുനേരം നോക്കിനിന്നശേഷം മൂർഖൻ പത്തിതാഴ്ത്തി പതിയെ വയലിലേക്കിറങ്ങിപ്പോയി. ഇങ്ങനെ പലതവണ പലരുടെയും ജീവൻ രക്ഷിച്ച ധീര വനിതയാണ് സുന്ദരി. റേസർ ബെറ്റ്സൻ്റെ ജീവനാണ് അതിൽ പ്രധാനം.


Related Articles