ഒബാമ സന്ദര്‍ശിച്ച ക്ഷേത്രം

Column

ഒബാമ സന്ദര്‍ശിച്ച ക്ഷേത്രം


ട്രാവല്‍ ഏജന്‍സിയുടെ ഔദ്യോഗിക വക്താക്കളും ടീമംഗങ്ങളും ഉള്‍പ്പെടുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പ് യാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പേ സന്ദേശങ്ങള്‍ കൈമാറിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ സസ്യഭുക്കാണോ സസ്യേതരനാണോ എന്നൊക്കെ ഏജന്‍സിയെ അറിയിച്ചത് ആ വഴിക്കാണ്. യാത്ര പുറപ്പെട്ട സമയം മുതലുള്ള വിശേഷങ്ങള്‍ ചിലര്‍ അതിലൂടെ പങ്കുവെച്ചിരുന്നു. യാത്രയിലുടനീളമുണ്ടായ കഷ്ടങ്ങള്‍ എഴുതിയും പറഞ്ഞും സന്ദേശങ്ങളായി ട്രാവല്‍ ഏജന്‍സിയെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടുമിരുന്നു. ഉളുവാടു ക്ഷേത്രപരിപാടികള്‍ ക്യാന്‍സലായതിനു ശേഷം ഹാലിളകിയ മട്ടിലാണ് പലരുടേയും പ്രതികരണങ്ങള്‍ വന്നത്. എല്ലാം ഏജന്‍സിയുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. തങ്ങള്‍ക്കിണങ്ങാത്ത ഗൈഡിനെ തന്നതിന് പറയാവുന്നതെല്ലാം പറഞ്ഞു. ആരോപണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി വൈകുന്നതിലും ചിലര്‍ രോഷാകുലരായി.

ഏജന്‍സിക്കാര്‍ക്ക് ഇതുവല്ലതും പുത്തരിയാണോ? ഞങ്ങള്‍ പറഞ്ഞതും ഗൈഡ് പറഞ്ഞതും കേട്ടിട്ട് പിറ്റേന്നു രാവിലെയാണ് ഞങ്ങളെ സമാധാനിപ്പിക്കാനായി അവര്‍ സന്ദേശമിട്ടത്. കുഴപ്പങ്ങളുടെ അടിസ്ഥാനം ബാഗേജ് പ്രശ്‌നമാണെന്ന് വിലയിരുത്തിയിട്ട് ഞങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് അറിയിച്ചു. മധുസൂദനന്‍ മാറി മിസ്റ്റര്‍ അര്‍ഡിറ്റ (Ardita) പുതിയ ഗൈഡായി വരും. ഉളുവാടു ക്ഷേത്ര സന്ദര്‍ശനവും നൃത്ത പരിപാടിയും പിറ്റേന്നുള്ള നൂസോ പെനിഡ ദ്വീപ് സന്ദര്‍ശത്തിനു ശേഷം പുന:ക്രമീകരിക്കും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളും സമയനിഷ്ഠയും കര്‍ശനമായി പാലിക്കണമെന്ന് ടീമംഗങ്ങളെ ഓര്‍മ്മപ്പെടുത്തുക വഴി ഞങ്ങള്‍ അത്ര നിര്‍ദ്ദോഷികളല്ലെന്ന് അവര്‍ സൂചിപ്പിക്കുകയും ചെയ്തു.

ആകസ്മികമായകൃത്യനിഷ്ഠാവിലോപങ്ങള്‍ സംഭവ്യങ്ങളും സഹിഷ്ണുതയോടെയുള്ള സമീപനം അര്‍ഹിക്കുന്നതുമാണ്. എന്നാല്‍ കൃത്യനിഷ്ഠാ വൈമുഖ്യം സ്ഥിരമായി അനുവര്‍ത്തിക്കുന്ന ചിലരെങ്കിലുമുണ്ട്.


Related Articles