ഇന്ന് യാത്ര വടക്കോട്ടാണ്. ബേരാറ്റന്‍ (Beretan) തടാകവും അവിടെയുള്ള ഉലുന്‍ഡാനു (Ulundanu) ക്ഷേത്രവുമാണ് പ്രധാന കാഴ്ചകള്‍. കുറച്ചുകൂടി വടക്ക് ഹന്‍ഡാരാ ഗേറ്റ് (Handara Gate) വരെ പോയിട്ടാണ് മടക്കം. പിന്നീട് കടല്‍ തീരത്തുള്ള താനാ ലൊട്ട് (Tanah Lot)അമ്പലം സന്ദര്‍ശിച്ച് സൂര്യാസ്തമയവുമൊക്കെ ആസ്വദിച്ച് ഒപ്പം ഒന്നാം ദിവസം കാണാന്‍ പറ്റാതെ പോയ കേചക് നൃത്ത പരിപാടിയും കണ്ടിട്ടാണ് തിരിച്ചു പോരേണ്ടത്.
രണ്ടു ദിവസമായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഗൈഡ് അര്‍ഡിറ്റയ്ക്ക് അന്ന് സ്വഭവനത്തില്‍ ഒരു പൂജ നടക്കുന്നതിനാല്‍ വരാന്‍ സാധിക്കുമായിരുന്നില്ല. പുതിയ ഗൈഡ് എത്താന്‍ അല്പം താമസിക്കുകയും ചെയ്തു. അതിനാല്‍ എട്ടുമണിയോടെ ഭക്ഷണം കഴിച്ച് എല്ലാവരും റെഡിയായെങ്കിലും പുറപ്പെടാന്‍ അല്പം വൈകി. ഞങ്ങള്‍ ഹോട്ടലിന്റെ റിസപ്ഷന്‍ ഹാളിലിരുന്ന് വരുന്നവരേയും പോണവരേയും കണ്ട് സമയം പോക്കി. അങ്ങനെയിരിക്കുമ്പോള്‍ എന്റെ കാഴ്ചയില്‍ കുരുങ്ങിയത് രണ്ട് ആഫ്രിക്കന്‍ അമ്മച്ചിമാരാണ്. ആധുനിക രീതിയിയിൽ ലളിതവസ്ത്രധാരികളായ അവർ പല പോസിൽ സെൽഫി എടുത്തും മറ്റും അർമാദിക്കുകയാണ്. കൊച്ചുകുട്ടികളുടെ മാതിരി നിഷ്ക്കളങ്കമായി വർത്തിക്കുന്ന അവരെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമാണ് തോന്നിയത്. മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന്റെ പ്രഭവകേന്ദ്രം ആഫ്രിക്ക ആയതു കൊണ്ടോ അവിടെ പോയിട്ടുള്ളതുകൊണ്ടോ അവരോട് പണ്ടെങ്ങോ ഉടലെടുത്ത ഒരു അനുഭാവം ഉള്ളിലുള്ളതുകൊണ്ടോ ഒക്കെ ആവാമത്.
പുതിയ ഗൈഡ് എത്തി. ഞങ്ങള്‍ പുറപ്പെട്ടു. മൈക്ക് കൈയിലെടുത്ത ഗൈഡ് 'നമസ്‌തേ' പറഞ്ഞ് ഒരു നീണ്ട പുഞ്ചിരി എല്ലാവര്‍ക്കുമായി സമ്മാനിച്ചു. 'വിശ്വംബര്‍' എന്ന് തന്റെ പേരു പറഞ്ഞിട്ട് അദ്ദേഹം എല്ലാവരുടേയും പേരു ചോദിച്ചു. ചോദിക്കുക മാത്രമല്ല, ഞങ്ങളുടെ പേരുകള്‍ പ്രത്യേകിച്ച് സ്ത്രീകളുടേത് ഹൃദിസ്ഥമാക്കിയിട്ട് അനിതാജീ, മീനാജീ, ആലീസ്ജീ, എന്നൊക്കെ ബഹുമാനപുരസ്സരം വിളിക്കാനും തുടങ്ങി.
