രാവിലെ ഏഴുമണിക്ക് തന്നെ എല്ലാവരും റെഡിയായി ബസില്‍ കയറണമെന്ന് ഇന്നലെ തിരിച്ചു വന്നപ്പോള്‍ ഗൈഡ് നിര്‍ബ്ബന്ധമായി പറഞ്ഞിരുന്നു. ബാലിയില്‍ 7 am എന്നു പറഞ്ഞാല്‍ അതങ്ങനെ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ചത് ആദ്യ ദിവസത്തെ ഞങ്ങളുടെ അനവധാനത കൊണ്ടു മാത്രമല്ല. ഇന്നത്തെ യാത്ര നൂസപെനിഡ ദ്വീപിലേയ്ക്കാണ്. ഫെറി ടെര്‍മിനലിലെത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ ബസ് യാത്രയുണ്ട്. എട്ടുമണിക്ക് അവിടെ എത്തിയാലേ ഞങ്ങള്‍ക്ക് ബാലി ഡോള്‍ഫിന്‍ ക്രൂയിസ് എന്ന സ്പീഡ് ബോട്ടില്‍ പോകാന്‍ സാധിക്കുകയുള്ളു. അത് നടന്നില്ലെങ്കില്‍ ഇന്നത്തെ യാത്ര ക്യാന്‍സലാകും. കാരണം അതിനുശേഷം അങ്ങോട്ട് ബോട്ടുകള്‍ ഉണ്ടാവില്ല. രാവിലെ പോകുന്ന ബോട്ടുകള്‍ നാലു മണിക്കാണ് മടങ്ങുന്നത്. അതില്‍ മടങ്ങാന്‍ 3.30 നെങ്കിലും തിരിച്ചെത്തണം. അതു പറ്റിയില്ലെങ്കില്‍ അന്ന് മടക്കം ഉണ്ടാകില്ല. ആ ദ്വീപില്‍ തന്നെ കഴിയേണ്ടിവരും. അതിനാല്‍ ഇന്നേ ദിവസം സമയദീക്ഷയില്‍ വിട്ടുവീഴ്ച പാടില്ലത്രേ!
ഞങ്ങള്‍ മലയാളികളായതിനാലും പ്രായമായവരായതിനാലും ഞങ്ങളുടെ ഉച്ചഭക്ഷണവും അത്താഴവും ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ ഏര്‍പ്പാടാക്കാന്‍ ട്രാവല്‍ ഏജന്‍സി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ നൂസോപെനിഡാദ്വീപില്‍ ഉച്ചയ്ക്ക് ബാലിക്കാരുടെ തനതു ഭക്ഷണമാണ് കിട്ടാന്‍ പോകുന്നത്. അത് എത്രമാത്രം ഇഷ്ടപ്പെടുമെന്നും അറിഞ്ഞുകൂടാ. അതിനാല്‍ പ്രഭാത ഭക്ഷണം നന്നായി കഴിക്കണമെന്ന് ഗൈഡ് ഞങ്ങളോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.
ഏതു നാട്ടില്‍ പോയാലും നമ്മുടെ ആചാരങ്ങളും ശീലങ്ങളും മാറാപ്പിലാക്കി കൊണ്ടുപോകുന്നത് മലയാളികളുടെ പൊതുസ്വഭാവമാണല്ലോ. എവിടെയായാലും നാട്ടില്‍ കഴിക്കുന്ന ഭക്ഷണം കഴിക്കാനാണ് മിക്കവര്‍ക്കും താല്പര്യം. നമ്മുടെ രുചിശീലത്തെ കെട്ടഴിയാതെ മുറുകെ പിടിക്കുന്നതു കൊണ്ടാണത്. അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന് അമിതരുചി തോന്നുന്നത് അമ്മയുടെ പാചകം കേമമായതുകൊണ്ടല്ല, മറിച്ച് ചെറുപ്പത്തില്‍ അമ്മയുണ്ടാക്കിത്തന്ന ഭക്ഷണത്തിന്റെ രുചി നാവിന് ശീലമായിപ്പോയതുകൊണ്ടാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ളത് ഞാന്‍ തന്നെ പാചകം ചെയ്ത ഭക്ഷണമാണ്. അതിനാല്‍ ഞാനുണ്ടാക്കുന്ന ഭക്ഷണമാണ് എനിക്ക് ഏറെയിഷ്ടം. എന്നാല്‍ ഏതു ഭക്ഷണവും അതിന്റേതായ രുചി ആസ്വദിച്ചു കഴിക്കാനും ഞാന്‍ ശീലിച്ചിട്ടുണ്ട്. അന്യനാട്ടില്‍ ചെന്നാല്‍ അവിടുത്തെ ഭക്ഷണമാണ് ഞാന്‍ താല്പര്യപ്പെടുക. ഓരോ നാട്ടിലേയും ഭക്ഷണ സംസ്‌കാരം രൂപപ്പെട്ടിരിക്കുന്നത് അവിടുത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ആശ്രയിച്ചു മാത്രമല്ല, അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിട്ടായിരിക്കുമെന്നും എനിക്ക് അഭിപ്രായമുണ്ട്. അതിനാല്‍ ഉച്ചയ്ക്കുള്ള ബാലി ഭക്ഷണം എനിക്കൊരു പ്രശ്‌നമല്ല. എങ്കിലും ഗൈഡിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ ഞാനും ശ്രമിച്ചു. പ്രാതല്‍ ഗംഭീരമാക്കി.
