ട്രാവല്‍ ഏജന്‍സിയുടെ ആളുകള്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ബാലിയുടെ ദേശീയ പുഷ്പമായ ചെമ്പകം (അമ്പല പാല) കൊരുത്ത മാലകള്‍ അണിയിച്ച് ഞങ്ങള്‍ ഓരോരുത്തരേയും അവര്‍ എതിരേറ്റു. നിയുക്തനായ ഞങ്ങളുടെ ഗൈഡ് പേരുവിളിച്ച് എണ്ണം തിട്ടപ്പെടുത്തി കാത്തു കിടന്ന എസി ബസ്സില്‍ ഞങ്ങളെ കയറ്റി.
ബോളിവുഡ് മസാലാസ് (Bollywood Masalaz) എന്നു പേരുള്ള ഇന്‍ഡ്യന്‍ റസ്‌റ്റോറന്റിലായിരുന്നു ബാലിയിലെ ആദ്യഭക്ഷണം. പലതരം വിഭവങ്ങളുണ്ടായിരുന്നത് എല്ലാം തന്നെ സ്വാദിഷ്ടമായിരുന്നു. വിശപ്പിന്റെ ആധിക്യത്താല്‍ തോന്നിയതല്ല, അതങ്ങനെ തന്നെ ആയിരുന്നുവെന്നതാണ് വാസ്തവം. ചുട്ടെടുത്ത ചിക്കന്‍ കറിയാക്കിയതിന്റെ രുചി പറയാതിരിക്കാന്‍ വയ്യ.
കോഴിക്കോട്ടുകാരായ മലയാളികളുടേതാണ് ആ റസ്‌റ്റോറന്റ്. മാനേജര്‍ രാകേഷും കോഴിക്കോട്ടുകാരന്‍ തന്നെ. എന്നെ തിരിച്ചറിഞ്ഞ രാകേഷ് കുശലം പറഞ്ഞ് ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
