അധികം ദൂരത്തല്ലാത്ത ഒരു കാപ്പിത്തോട്ടത്തിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. യഥാര്‍ത്ഥത്തില്‍ കാപ്പിത്തോട്ടമല്ല ഒരു കച്ചവട സ്ഥാപനമാണത്. കാരണം, അധികം കാപ്പിച്ചെടികളൊന്നും അവിടില്ല. മാങ്കൊസ്റ്റിന്‍ തുടങ്ങിയ ഫലവൃക്ഷങ്ങളോടൊപ്പം ഏതാനും അവിടവിടെ ഉണ്ടെന്നു മാത്രം. സീസണ്‍ കഴിഞ്ഞതിനാലാവാം അതില്‍ കാപ്പിക്കുരു ഒട്ടില്ലതാനും.
കോഫി പ്ലാന്റേഷനും അവിടുള്ള വില്പനശാലയും തന്റെ സുഹൃത്തിന്റേതാണെന്നും അതിനാല്‍ അവിടെ നിന്ന് കാപ്പിപ്പൊടി വാങ്ങാന്‍ ഞങ്ങള്‍ സന്മനസ്സ് കാണിക്കണമെന്നും ഗൈഡ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കമ്മീഷനടിക്കാനുള്ള അദ്ദേഹത്തിന്റെ ആ അടവ് മനസ്സിലായെന്ന് സാധുക്കളായ ഞങ്ങള്‍ ഭാവിച്ചതേയില്ല.
ഞങ്ങളുടെ വരവ് മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവാം ഞങ്ങള്‍ ചെല്ലുമ്പോള്‍ കാപ്പിപ്പൊടി സംസ്‌കരണ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഒരാള്‍ ഒരു വറചട്ടിയില്‍ കാപ്പിപ്പരിപ്പ് ഇളക്കിക്കൊണ്ടിരിക്കുകയാണ്.
ഈ വറക്കലും പൊടിക്കലും ഞങ്ങള്‍ക്ക് പുത്തരിയാണോ? ചെറുപ്പകാലത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ എന്റെ പ്രധാന പണി കാപ്പിക്കുരു പറിക്കലല്ലായിരുന്നോ? അതെല്ലാം ഉണങ്ങി കുത്തി പാറ്റി പരിപ്പ് വില്‍ക്കുകയും തൊണ്ട് സൂക്ഷിക്കുകയും ചെയ്തിരുന്നതല്ലേ? ആവശ്യാനുസരണം ആ തൊണ്ട് വറുത്തു പൊടിച്ച കട്ടന്‍ കാപ്പിയല്ലേ കപ്പ പുഴുങ്ങിയതിനോടൊപ്പം ദിവസം രണ്ടു നേരം കുടിച്ചു കൊണ്ടിരുന്നത്. സാമ്പത്തിക പരാധീനത കുറഞ്ഞുവന്നതനുസരിച്ചല്ലേ തൊണ്ടും പരിപ്പും ചേര്‍ത്തും പിന്നീട് പരിപ്പ് മാത്രമായ കാപ്പിയും രുചിച്ചു തുടങ്ങിയത്.
