പുസ്തകങ്ങളുടെ നഗരം

Column

പുസ്തകങ്ങളുടെ നഗരം


എമേഴ്സൺ പറഞ്ഞതുപോലെ ചില പുസ്തകങ്ങൾ നമ്മെ അടിമുടി വിമോചിതരാക്കുന്നു. മറ്റുചിലത് നമ്മെ പലവഴി സ്വതന്ത്രരാക്കുന്നു. അക്ഷരയിലകളാൽ കൊരുത്തെടുത്ത വൃക്ഷങ്ങൾ പോലെയാണ് പുസ്‌തകങ്ങൾ. 'പുസ്‌ത'(ക) എന്ന സംസ്‌കൃത വാക്കിന്റെ അർഥം 'ഇല' എന്നായത് വെറുതെയല്ല! പനയോലകളിലും താളിയോലകളിലും എഴുതിയെഴുതിയാണല്ലോ നാമിവിടെവരെയെത്തിയത്! ജർമ്മനിയിലെ പുസ്തകങ്ങളുടെ നഗരമായ ഫ്രാങ്ക്ഫർട്ടിലിരുന്നു 'book' എന്ന ആംഗലേയ പദത്തിന്റെ പിറവി വഴിതേടുമ്പോൾ പുരാതന ജർമ്മൻ വാക്കായ ബീച്ച് മരം എന്നർത്ഥം വരുന്ന "bok" എന്ന പദത്തിൽ തട്ടി ആലോചനകൾ നിൽക്കുന്നു. ഇലയും മരവും വാക്കും പുസ്തകവും കാവ്യാത്മകമായി എങ്ങനെയെക്കൊയോ അഴിയാക്കുരുക്കിൽ പെട്ടു കിടക്കുന്നത് കാണുമ്പോൾ ഫ്രാങ്ക്ഫർട്ട് എന്ന ഗ്രന്ഥങ്ങളുടെ നഗരത്തിലെ ഈ ഇടക്കാലവാസം സാർത്ഥകമാകുന്നു!

അച്ചടിസംസ്കാരത്തിന്റെ ജന്മഭൂമിയാണ് ഫ്രാങ്ക്ഫർട്ട്. യോഹന്നസ് ഗുട്ടൻബർഗ് പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച അച്ചടിയന്ത്രം ആ നാടിന്റെ തലവരതന്നെ മാറ്റിയെഴുതി. ഈ സാംസ്‌കാരികവിപ്ലവത്തിന്റെ പ്രതിഫലനമെന്നോണം അറിവും വിദ്യാഭ്യാസവും ജനാധിപത്യവൽക്കരിക്കപ്പെട്ടു. പുസ്തകങ്ങൾ കൂടുതൽ കൂടുതൽ ലഭ്യമായതോടെ ഒരുതരത്തിൽ പറഞ്ഞാൽ വായനാവകാശം എല്ലാവർക്കും തുല്യമായി ലഭിക്കുന്ന സാഹചര്യമുണ്ടായി. രാഷ്ട്രീയവും മതവും അവരവർക്കു വേണ്ട രീതിയിൽ പുസ്തകലഭ്യത പ്രയോജനപ്പെടുത്തി ഭാഷകളുടെ മതിലുകൾ കടന്നു പുസ്തകങ്ങൾ വിവർത്തനാകാശത്തിൽ പുതിയ തരംഗം സൃഷ്ടിച്ചു. പ്രിന്റിങ്‌മെഷീന്റെ കണ്ടുപിടിത്തം ഫ്രാങ്ക്ഫർട്ടിനെ പുസ്തകപ്രസാധനത്തിന്റെയും വില്പനയുടെയും ലോകോത്തരസങ്കേതമാക്കി. ലോകത്തിലെ ഏറ്റവും വലുതും പ്രാചീനവുമായ പുസ്തകമേളയ്ക്ക് അവിടം ഉറവിടമായി. ഇന്ന് ലോകമെമ്പാടുമുള്ള പ്രസാധകരും എഴുത്തുകാരും വായനക്കാരും ഒത്തുചേരുന്ന ഒരു വമ്പൻ ആഗോളവേദിയാണത്. പുസ്തകങ്ങൾ വിൽപ്പനയ്ക്കുള്ള വസ്തുക്കളോ കച്ചവടയുരുപ്പടികളോ മാത്രമല്ല മറിച്ചു സാംസ്കാരിക ഇടപെടലിന്റെയും അറിവിന്റെയും തിരിച്ചറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകങ്ങൾ എന്ന നിലയിലാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് ഫ്രാങ്ക്ഫർട്ട് “പുസ്തകങ്ങളുടെ നഗരം” എന്ന ബഹുമതി നേടിയത്. സാംസ്കാരിക നയതന്ത്രങ്ങളുടെ ഭാഗമായി ഓരോ വർഷവും പുസ്തകമേളയിൽ ഒരു രാജ്യത്തെ പ്രത്യേകാതിഥിയായി തിരഞ്ഞെടുക്കുന്നു. ആ ഭൂമികയുടെ സാഹിത്യം, ഭാഷ, സംസ്‌കാരം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഫ്രാങ്ക്ഫർട്ട് ഭാഷകളുടെയും സംസ്കാരങ്ങളുടെയും കെട്ടുറപ്പുള്ള പാലമായി മാറുന്നു.

ഫ്രാങ്ക്ഫർട്ടിൽ പുസ്തകങ്ങൾ ജ്ഞാനഭാവനയുടെയും ചിന്താസ്വച്ഛന്ദതയുടെയും ബിംബങ്ങളാണ്. നഗരത്തിന്റെയാകെ ബൗദ്ധികവിഹായസ്സിൽ ദീപസ്തംഭംപോലെ എല്ലാവർഷവും ഒക്ടോബർ മാസം ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെസ്റ്റിവൽ കൊണ്ടാടപ്പെടുന്നു. ആഗോളസാഹിത്യസംഭാഷണങ്ങളുടെ നഗരമെന്ന പ്രത്യേകതയും ഈയിടത്തിനുണ്ട്. പുസ്തകമേളക്കാലത്ത് ഫ്രാങ്ക്ഫർട്ട് ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും, വടക്കും തെക്കും തമ്മിൽ ചേരുന്ന സംഗമസ്ഥലംപോലെ സർഗാത്മകതയുടെയും സാർവ്വലൗകികമായ ധൈഷണികതയുടെയും പര്യായമാകുന്നു. സാഹിത്യകാരന്മാരും പ്രസാധകരും വായനക്കാരും സമാസമം ചേരുമ്പോൾ നഗരം ലോകസാഹിത്യത്തിന്റെ തലസ്ഥാനമായി മാറുന്നു.


Related Articles