കരയിലും ആകാശത്തിലും വെള്ളത്തിലുമല്ലാത്ത ഇടങ്ങൾ ലോകത്തുണ്ടെങ്കിൽ അത് വെനീസാണ്. സലിലസരണികളുടെ സങ്കേതം! വെനീസിയൻ ലഗൂണുകളിലൂടെ നടന്നപ്പോൾ ജലമൊരു യാഥാർത്ഥ്യവും മിഥ്യയും അത്ഭുതവുമായി ചുറ്റും ഇളകിയാടി. ഭൂമിയും കടലും മനുഷ്യരും ചേർന്നുസൃഷ്‌ടിച്ചെടുത്ത അതുല്യമായ ഭൗമവിസ്മയം. ഇറ്റലിയിലെ വടക്കുകിഴക്കൻ ഭാഗത്ത് അദ്രിയാറ്റിക് കടലിന്റെ തീരത്ത് ലഗൂണുകൾക്കിടയിൽ പിറന്ന പട്ടണമാണിത്. യാത്രികരുടെ പറുദീസയായ വെനീസിൽ ഒരു വൈകുന്നേരസമയത്താണ് ഞങ്ങളെത്തിയത്. അടുത്തദിവസം വത്തിക്കാനിലേക്ക് പോകേണ്ടതിനാൽ ഒട്ടും നേരംകളയാതെ സായാഹ്നസവാരിക്കായി അതിപ്രശസ്തമായ വെനീസിയൻ കനാലുകൾ തേടി ഞങ്ങളിറങ്ങി. ഇന്നലെ നട്ടുച്ചയ്ക്ക് പാരീസ്സിന്റെ ശരത്കാലവേവിൽ വിയർത്തുകുളിച്ചു നിൽക്കുകയായിരുന്നു. ഇന്നിപ്പോൾ ഈ ത്രിസന്ധ്യയിൽ നിത്യമിളകുന്ന ജലനഗരത്തെ ചുറ്റിക്കാണുന്നു. സമയദൂരങ്ങൾ മറന്ന ദേശാടനം ! പണ്ടൊരു മണിപ്പൂർ യാത്രയിൽ ഇംഫാലിൽ നിന്ന് അമ്പതോളം കിലോമീറ്ററപ്പുറത്തു കെയ്ബുൽ ലംജാവോ ദേശീയോദ്യാനത്തിൽ പോയത് പെട്ടെന്നോർമ്മ വന്നു. ലോക്ടക് ശുദ്ധജലതടാകത്തിനു മുകളിലൂടെ ഒഴുകിനീങ്ങുന്ന ലോകത്തിലെത്തന്നെ ഒരേയൊരു ഉദ്യാനമായിരുന്നു അത്. കെയ്ബുൽ ലംജാവോ ദേശീയോദ്യാനം ഏറ്റവും പ്രശസ്തമായത് വംശനാശ ഭീഷണിനേരിടുന്ന സങ്ങായി മാൻ (Sangai deer) എന്ന അപൂർവ മാനുകളുടെ ആവാസകേന്ദ്രം എന്ന നിലയിലാണ്. ഭൂലോകത്ത് ഇവയെ കാണാൻ കഴിയുന്ന ഏക സ്ഥലം ഈ ദേശീയോദ്യാനമാണ്. തടാകത്തിനുമുകളിലൂടെ ഓളങ്ങളിലാടിയുലയുന്ന ഫുംദിയെന്ന (phumdis) ജൈവസസ്യാവശിഷ്ടങ്ങൾക്കും പച്ചമണ്ണിനും ജൈവപദാർത്ഥങ്ങൾക്കും മുകളിൽ നിൽക്കുമ്പോൾ ഇലച്ചാർത്തിനിടയിൽ മാനുകൾ നൃത്തം ചെയ്യുന്നപോലെ തോന്നും. ഇളമാൻ 'നടനമാനാ'യത് (dancing deer) അങ്ങനെയാകാം. വെള്ളത്താൽ ചുറ്റപ്പെട്ട ഇറ്റാലിയൻത്തെരുവിൽ ജലവേരുകൾ തേടിനടക്കുമ്പോൾ പിന്നിട്ടു വന്ന യൂറോപ്യൻദൂരങ്ങളെ ഇതിനോടകം ആരാണ് ആയുസ്സിന്റെ നിമിഷവള്ളിയിൽ ആറാനിട്ടത്? ഞാനോ നീയോ?
ഒരു നാടിനെയറിയാൻ അതിന്റെ ചരിത്രോൽപ്പത്തി തേടാതെ മറ്റൊരു പോംവഴിയില്ല. വഴിയോരക്കാഴ്ചകളായി പോകേണ്ടുന്നതിനെയെല്ലാം പൂർണ്ണമായി പഠിക്കാനും അറിയാനുമുള്ള വിഫലശ്രമങ്ങൾ ഓരോയാത്രയെയും ഭാരമുള്ളതാക്കുന്നുണ്ട്. കനമുള്ളതാകണം കനവുകളെന്നു പറഞ്ഞതാരായാലും അതിൽ കള്ളമില്ല. കടലിൽ നിന്ന് പടുത്തുയർത്തിയ ഉപ്പുവെള്ളക്കായലുകളാണ് ഈ വെനീഷ്യൻ ലഗൂണുകൾ. കുറുമണൽത്തിട്ടയാലോ പാറമതിലുകളാലോ അതിർത്തിതിരിച്ച ഏകദേശം നൂറ്റിപ്പതിനെട്ടോളം ചെറുദ്വീപുകൾ. അവ തമ്മിൽ പാലങ്ങൾകൊണ്ടും കയ്യാണികൾകൊണ്ടുമാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. വെനീസ് ലഗൂൺ ഒരു പരിവർത്തനജലപ്രദേശമാണ് (transitional water ecosystem). കരയും കടലും ചേരുംപടിചേർന്നു ഉപ്പുനിലങ്ങളായിട്ടും (salt marshes), മൺപരപ്പുകളായിട്ടും (mudflats), കടൽപുൽത്തിട്ടകളായിട്ടും (seagrass beds), മണൽത്തട്ടുകളായിട്ടും (sandbanks), ചെറുദ്വീപുകളായിട്ടും (islands) 55,000 ഹെക്ടറോളം അദ്രിയാറ്റിക് കടൽത്തീരത്തു വെനീഷ്യൻ തടാകം പടർന്നുകിടക്കുന്നു. എട്ടുശതമാനം മാത്രമേ അവിടെ കരഭൂമിയുള്ളൂ. "Venice and its Lagoon" യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നയിടമാണ്.
