ശ്മശാനഭൂഖണ്ഡം!

Column

ശ്മശാനഭൂഖണ്ഡം!


പാരീസിലെ ഇന്നത്തെ യാത്ര ഒരു സെമിത്തേരിയിലേക്കാണ്. ഈ ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരേക്കാൾ എത്രയോ അധികം പേർ മണ്മറഞ്ഞുപോയവരാണ് എന്നാലോചിച്ചാണ് ഞങ്ങൾ മോംപർണസ് ശ്മശാനപരിസരത്തേക്ക് നടന്നത് (Montparnasse Cemetery‌). ഇതുവരെ നൂറ്റിയെട്ട് ബില്യൺ മനുഷ്യർ ഈ ലോകത്തിൽ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഏകദേശം എട്ട് ബില്യൺ ആണ് നിലവിൽ ലോകജനസംഖ്യ. അപ്പോൾ ഇതുവരെ മരിച്ചുപോയവരുടെ എണ്ണം ഇന്ന് ജീവിച്ചിരിക്കുന്നവരെ അപേക്ഷിച്ച് ഏകദേശം പതിനാലിരട്ടി കൂടുതലാണ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു ഞാണിൻമേൽകളിയുടെ പേര് മാത്രമാണ്  ജീവിതം! ഈ കളിമൈതാനത്ത് തോൽവിയും ജയവുമില്ല. കളിക്കാരും റെഫെറിയുമെല്ലാം നമ്മൾ തന്നെ. കൈയടിക്കാനും ആർപ്പുവിളിക്കാനും നമ്മൾക്ക് നമ്മൾ മാത്രം. വിശ്വാസമെന്ന വലക്കണ്ണിയിൽ തൊടുമ്പോൾ ചിലമനുഷ്യർ മറ്റുചിലമനുഷ്യരെ കണ്ടെത്തുന്നു. സ്നേഹമാണ് അവരുടെ മതം. സഹാനുഭൂതിയാണ് ജീവശ്വാസം. അധ്വാനമാണ് അവരുടെ പ്രത്യയശാസ്ത്രം. സത്യമാണ് വഴി. പ്രണയമാണ് വിധി. വാക്കാണ് യതിയും നിയതിയും. അങ്ങനെയുള്ളവർ മരിച്ചാലും ഓർമകളിലൂടെ ജീവിക്കും. എന്നാൽ മനപ്പൂർവം തെറ്റും ചതിയും കള്ളവും കാട്ടി ഈ കളിക്കളത്തിൽ റെഡ് കാർഡ് മാത്രം വാങ്ങി നിത്യം പയറ്റുന്നവരുണ്ട്. കണ്ണടച്ച് പാലുകുടിക്കുന്നവരുണ്ട്. മരിച്ചുജീവിക്കുകയാണവരൊക്കെ എന്നതാണ് സത്യം! അമിതമായ നാടകീയതയ്ക്ക് സ്റ്റേജിൽ പോലും കൂക്കിവിളികളെ കിട്ടാറുള്ളു എന്ന് മറക്കരുത്. അങ്ങനെയുള്ള കൊടുംവഞ്ചകർകൂടിയുള്ളതുകൊണ്ടാണ് ഈ ലോകത്തു 'നന്മ'യുടെ തെളിച്ചം വേറിട്ട് കാണാനാകുന്നത്. മരണശയ്യപോലെയുള്ള ഈ കുഴിമാടങ്ങൾക്ക് അരികിൽനിന്നു ഞാനിതെന്തൊക്കെയാണ് പറയുന്നത്? യാത്രയ്ക്കുള്ളിലെ യാത്രകളാണ് ഇത്തരം ചിതറിയ ചിന്തകൾ. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെയാണല്ലോ?

ലോകമിന്നോളം കണ്ടിട്ടുള്ളതിൽവെച്ച് ജൈവികമായ ചിന്താപദ്ധതികൾ അവതരിപ്പിച്ച രണ്ടു മനുഷ്യരുടെ ശവകുടീരങ്ങൾ കാണാനാണ് പാരീസ് നഗരത്തിലെ മോംപർണസ് ശ്മശാനത്തിലെത്തിയത്. ആധുനിക അസ്തിത്വവിചാരത്തിന്റെ ദാർശനികനാവായ ജീൻ-പോൾ സാർത്രിന്റെയും സ്ത്രീസ്വാതന്ത്യത്തിന്റെ ഉജ്ജ്വലപ്രതീകമായ സിമോൺ ദി ബോവാറിന്റെയും പ്രണയകുടീരമായ ശവകല്ലറ. ആയിരത്തിത്തൊള്ളായിരത്തി എൺപതിലാണ് സാർത്രെ അന്തരിച്ചത്. ആറുകൊല്ലം കഴിഞ്ഞു സിമോൺ ദ് ബോവാറും മരണപ്പെട്ടു. ജീവിച്ചിരുന്നപ്പോൾ സദാചാരക്കെട്ടുപാടുകൾ ഉപേക്ഷിച്ചു പരസ്പരം വിവാഹം കഴിക്കാതെ പ്രണയിച്ചുജീവിച്ച രണ്ടുമനുഷ്യരുടെ ഗാഢാനുരാഗത്തിന്റെ ഭൗതികമായ തെളിവാണ് അവരുടെ അന്ത്യവിശ്രമയിടം. അങ്ങനെ സൗന്ദര്യത്തിന്റെയും ഫാഷന്റെയും നഗരം വല്യ ശ്മശാനങ്ങളുടെയും പാർപ്പിടമാകുന്നു.


Related Articles