‘ഒരേ ഭാഷാകുടുംബത്തിന്റെ വേരും പൂവുമാണ് നമ്മൾ!’—
ഇങ്ങനെയാണ് ക്രിസ് വൈസ് എന്ന ജർമ്മൻ പ്രസാധകൻ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംഭാഷണം തുടങ്ങിവെച്ചത്. ആ വാചകം എനിക്ക് അത്യന്തം ബോധിച്ചു. ഹൈഡൽബർഗിൽ, യുനെസ്കോ സാഹിത്യനഗരപദ്ധതിയുടെ ഭാഗമായി, ആ നഗരത്തിന്റെ അതിഥിയായി ആൾട്‌ഷ്റ്റാടിൽ (Altstadt - ഓൾഡ് സിറ്റി) എത്തിയ ദിവസങ്ങളിലൊന്നിലായിരുന്നു ഈ പരിചയപ്പെടൽ. അവർ സംഘടിപ്പിച്ച Meet the Author പരിപാടിസ്ഥലമായിരുന്നു കണ്ടുമുട്ടലിന് വേദിയായത്. സ്വന്തം സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങൾ വിവർത്തനഗ്രന്ഥങ്ങൾ വല്യ താല്പര്യത്തോടെ കണ്ടയുടൻ അദ്ദേഹം എനിക്കു സമ്മാനിച്ചു. കാലം കാത്തു വെച്ച വിസ്മയങ്ങളായിരുന്നു ആ പുസ്തകങ്ങൾ! ഞാൻ പുറംചട്ടയിലേക്ക് ഒന്ന് പാളി നോക്കി. ഒരു ജർമൻ തലക്കെട്ട്. പിന്നീട് വിശദമായി നോക്കാമെന്നുകരുതി കൈയിലിരുന്ന ഫയലിലേക്കു അവ അപ്പോൾത്തന്നെ വെക്കുകയും ചെയ്തു. എഴുത്തുകാരും പ്രസാധകരും തമ്മിൽ കാണുമ്പോൾ സാധാരണമായി സംഭവിക്കുന്ന ഒരു കൊടുക്കൽവാങ്ങൽ മാത്രമെന്നേ അപ്പോൾ കരുതിയുള്ളൂ. പക്ഷേ എന്നോടുള്ള അദ്ദേഹത്തിന്റെ പ്രത്യേകതാൽപര്യത്തിന് പിന്നിൽ ഭാഷാപരമായ ആഴമുള്ള കണ്ണിചേരലുകളുണ്ടായിരുന്നു—അത് പിന്നീടാണ് വ്യക്തമായത്. എന്റെ ONE HUNDRED LINES OF DISCORDS (Write Left and Centre, 2023) എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഞാനും അദ്ദേഹത്തിന് നൽകി. എന്റെ ഏതെങ്കിലും മലയാളം പുസ്തകം കൈയിലുണ്ടോ എന്ന് ജർമ്മൻ ചുവയുള്ള ഇംഗ്ലീഷിൽ അദ്ദേഹം ചോദിച്ചു. ചുറ്റും മലയാളികളില്ലാതിരുന്നതിനാൽ കാവ്യസമാഹാരം ബാഗിൽ നിന്ന് എടുത്തിരുന്നില്ല. പരിപാടി തീരുന്നതിന് മുൻപേ തന്നെ വീണ്ടും കാണണമെന്ന് പറഞ്ഞ് അദ്ദേഹം ആൾക്കൂട്ടത്തിൽ മറഞ്ഞു. ആ സന്ധ്യയിലുടനീളം, ഭാഷയുടെ വേരും പൂവും കായും വിത്തും മണ്ണും മനസ്സും ഞാൻ ഉള്ളിൽ കണ്ടു. പി.ജി. ക്ലാസുകളിലെ ലിംഗ്വിസ്റ്റിക്സ് ലക്ചറുകൾ ഓർമ്മവന്നു. ഇൻഡോ–യൂറോപ്യൻ ഭാഷാകുടുംബം ലോകത്തിലെ ഏറ്റവും വലിയ ഭാഷാഗോത്രമാണല്ലോ എന്നോർത്തു. ക്രിസ് വൈസും ഞാനും ഒരേ അച്ചിൽവാർത്ത ഭാഷയുടെ പക്ഷികളാണെന്ന ബോധം ഉള്ളിൽ ചിറകടിച്ചു.
ഇൻഡോ–ജർമ്മാനിക് ഉത്ഭവങ്ങളും ഉത്കർഷങ്ങളും ഇന്ത്യ മുതൽ ജർമ്മാനിക് യൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു വിശാലമായ ഭാഷാപരമ്പരയാണ്. ഇന്ന് സാധാരണമായി ഉപയോഗിക്കുന്ന ഇൻഡോ–യൂറോപ്യൻ എന്ന പദത്തിന്റെ പഴയ സമാനപദമാണ് ഇൻഡോ–ജർമ്മാനിക്. ഇന്ത്യ (Indo) മുതൽ ജർമ്മാനിക് യൂറോപ്പ് (Germanic) വരെയുള്ള ഭൗമവ്യാപ്തിയാണ് ഇതിന്റെ അടിസ്ഥാനം. ഈ ഭാഷാവേരുകൾ പ്രോട്ടോ–ഇൻഡോ–യൂറോപ്യനാണെന്നത് (PIE) ശാസ്ത്രീയമായി പുനർനിർമ്മിക്കപ്പെട്ട ഒരു ആദിഭാഷയിലേക്ക് വിരൽചൂണ്ടുന്നു. ഏകദേശം ക്രി.മു. 4000 കാലഘട്ടത്തിൽ, ഇന്നത്തെ പൊണ്ടിക്–കാസ്പിയൻ സ്റ്റെപ്പ് പ്രദേശത്ത് ജീവിച്ചിരുന്ന പ്രോട്ടോ–ഇൻഡോ–യൂറോപ്യൻ ജനവിഭാഗങ്ങൾ ഈ ഭാഷ സംസാരിച്ചിരുന്നുവെന്നാണ് ഭാഷാശാസ്ത്രജ്ഞരുടെ അനുമാനം. കാലക്രമേണ ഇവർ യൂറേഷ്യയിലുടനീളം കുടിയേറുകയും അതോടെ ആ ആദിഭാഷ വിവിധ ശാഖകളായി വികസിക്കുകയും ചെയ്തു. പ്രാചീനഭാഷയിൽ നിന്ന് ആരംഭിച്ചതാണ് ഈ ഭാഷായാത്ര. അതിനാൽത്തന്നെ മനുഷ്യചരിത്രത്തിലെ ഏറ്റവും ആഴമുള്ള സാംസ്കാരിക പ്രസ്ഥാനങ്ങളിലൊന്നാണ് പ്രോട്ടോ–ഇൻഡോ–യൂറോപ്യൻ (PIE) ശീലുകൾ.
