പുകഞ്ഞകൊള്ളികൾ!

Column

പുകഞ്ഞകൊള്ളികൾ!


യൂറോപ്പിൽ കാലുകുത്തിയ ദിവസം മൂക്കിൽ നിറഞ്ഞത് സിഗരറ്റിന്റെ രൂക്ഷ ഗന്ധമാണ്. അടച്ചിട്ട മുറികളിൽ, ഓഫീസുകളിൽ, സ്കൂളുകളിൽ, സൂപ്പർമാർക്കറ്റുകളിൽ, ട്രാമിന്റെയും ട്രെയ്‌നിന്റെയുമകത്ത്, വിമാനത്താവളങ്ങളിൽ വായനശാലകളിൽ, മാളുകളിൽ അങ്ങനെ കൃത്യമായി വേർതിരിച്ച ഇടങ്ങളിൽ മാത്രം ആരും പുകവലിക്കുന്നില്ല. തെരുവോരങ്ങളിൽ, തുറസ്സായ മാർക്കറ്റുകളിൽ, വഴിവക്കിൽ, കഫേകളുടെ മുന്നിൽ, ഓഫീസ് കെട്ടിടങ്ങൾക്ക് പുറത്തെ ചെറിയ മേപ്പടവുകളിൽ, വീടുകളിലെ ബാൽക്കണികളിലൊക്കെ ആരെയും കൂസാതെ പുകവലിക്കുന്ന മനുഷ്യർ. ആമാശയവും കൊരവള്ളിയും ശ്വസനനാളിയും നാവും ചുണ്ടും എരിഞ്ഞും കരിഞ്ഞും പുകയൂതി നിർവൃതി കണ്ടെത്തുന്നവർ. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലതിൽ! ഇയ്യിടെ കൗമാരം കടന്നവർപോലും ഒരു കൂസലുമില്ലാതെ സ്വാഭാവികമായി ഊതിയൂതി പുകയുടെ അരുചി വായുവിൽ കലർത്താൻ മത്സരിക്കുന്നപോലെ തോന്നി. ഒറ്റയ്ക്കും തെറ്റയ്ക്കും നിന്നനില്പിലും ആഞ്ഞുവലിച്ചു പുറന്തള്ളുന്ന നരച്ചപുകചുരുളിൽ ലോകം തന്നെ മത്തുപിടിച്ചിരിക്കുന്നു. ചില ദിനങ്ങളിലെ പുകച്ചുവയ്ക്കുന്ന സായാഹ്‌ന സവാരികളും, സിഗാർ ധൂമപാനത്തിലാടിയുലയുന്ന അത്താഴവിരുന്നുകളും മനംമടുപ്പിക്കുന്ന ഈ പുകയിലഗന്ധം ഒന്നു കൊണ്ടുമാത്രം അരോചകമായി എനിക്ക് തോന്നിയിട്ടുണ്ട്. തികച്ചും വൈയക്തികമാണല്ലോ ഇത്തരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും! പക്ഷേ യൂറോപ്പിലുടനീളം യാത്രചെയ്തപ്പോൾ മനസ്സിലായത് അവിടെ ഇതൊരു അസാധാരണ സംഭവമേയല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയും പൊതുസമൂഹത്തിന്റെ സുരക്ഷയും തമ്മിലുള്ള ഏറ്റക്കുറവ് കൃത്യമായി നിലനിർത്തി പുകവലിക്കുകയോ കുടിക്കുകയോ കൂത്താടുകയോ ആകാം! യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ ലഹരി ഉപയോഗങ്ങളുടെയും മാനദന്ധമായി കണക്കാക്കുന്നത് നിയന്ത്രിതമായ സഹവർത്തിത്വമാണ്!

ഫ്രാൻസിലെ പാരിസിൽ രാത്രി തങ്ങിയ ദിവസം ജീവിതത്തിൽ മറക്കാനിടയില്ലാത്തൊരു 'പുകഞ്ഞ' അനുഭവമുണ്ടായി. ഈഫൽ ടവർ കണ്ടും പാരീസ് നഗരം പലവട്ടം ചുറ്റിയടിച്ചും തളർന്നാണ് റൂമിൽ ഭർത്താവിനോടും മകനോടൊപ്പവും ചെന്നുകയറിയത്. പാതിരാത്രിയോടടുത്താണ് റൂമിലെത്തിയത്. ചെന്നതും കുളിമുറിയില്‍ കയറി. മേൽക്കഴുകി വന്നതും ഭർത്താവും കുഞ്ഞും ഉറക്കമായി. അല്പം എഴുത്തും വായനയുമായി അപരിചിത സത്രങ്ങളിൽ പാതിരായാമം ചെലവഴിക്കുന്നത് എനിക്കിഷ്ടമാണ്. പകൽ ഓട്ടപ്പാച്ചിലുകളായതിനാൽ രാത്രിയാണ് അവളവൾക്കുള്ള അരനാഴികനേരം! ഏതിരുട്ടിലും നിഴലക്ഷരങ്ങളുടെ മിന്നലാട്ടങ്ങൾ മതിഭ്രമത്തോടെ നോക്കിയിരിക്കാറുണ്ട്. ഫ്രാൻസെന്നോ കോഴിക്കോടെന്നോ ഉള്ള വേർതിരിവൊന്നും ഭാവനയ്ക്കില്ലല്ലോ! അങ്ങനെ ജനലിലൂടെ നിദ്രാരഹിതമായ നഗരത്തിരക്കിനെ കൺനിറയെ കണ്ടുനിൽക്കുമ്പോൾ പുറത്തു നിർത്താതെയുള്ള അലാം മുഴങ്ങി. അടുത്തുനിന്നാണോ അകലേനിന്നാണോ എന്ന് വ്യക്തമായില്ല. ഞങ്ങളുടെ മുറിക്കു തൊട്ടുവെളിയിൽ ആളുകൾ ഓടുന്നതും ഉറക്കെ വർത്തമാനം പറയുന്നതും കേട്ടിട്ടും അമ്പരപ്പിനേക്കാൾ വല്യ ഭീതിയൊന്നും ആദ്യം തോന്നിയില്ല. ഉറങ്ങുന്നവരെ വിളിച്ചുണർത്താനും മനസ് വന്നില്ല. സുരക്ഷിതത്വം ഒരു മിഥ്യയല്ല; ഏറ്റവും വല്യ യാഥാർഥ്യമാണ്. സുഷുപ്തിയിലാണ്ടുകിടക്കുന്ന രണ്ടു മനുഷ്യർ അത്രമേൽ പരിത്രാണത്തഴമ്പു ഹൃദയത്തിൽ നിറച്ചിട്ടുണ്ട്. വീണ്ടും അപായമണികൾ മുഴങ്ങി. ഞാൻ നിന്നേടത്തു നിന്ന് മാറി പഞ്ഞിസോഫായിൽ ഇരുന്നു സ്വപ്‍നം കാണൽ തുടർന്നു. അത്രയ്ക്കുണ്ട് നിരപായധൈര്യം! എന്നാൽ പിന്നെയും അലാറം മുഴങ്ങിയപ്പോൾ ഞാനൊന്നു കിടുങ്ങി. ഈപ്രാവിശ്യം ഇടതടവില്ലാത്തതായിരുന്നു. എന്തോ അത്യാപത്തിന്റെ സൂചനപോലെ! ഞാൻ ജോബിയേട്ടനെ കുലുക്കി വിളിച്ചു. നിർത്താത്ത അലാറം ശബ്ദത്തിലേക്കാണ് അദ്ദേഹം കണ്ണുതുറന്നത്. എന്താ ചുറ്റും നടക്കുന്നത് എന്നറിയാൻ കിടന്ന വേഷത്തിൽ പുറത്തേക്കിറങ്ങിയോടി. പോയതിലും വേഗം മടങ്ങിയെത്തി കെട്ടിടത്തിൽ അഗ്നിബാധാമുന്നറിയിപ്പിന്റെ അലാറമാണ് മുഴങ്ങുന്നതെന്നും കുഞ്ഞിനെയെടുത്തു വേഗം പുറത്തിറങ്ങണമെന്നും പറഞ്ഞു. ജഹാനും പാസ്സ്പോർട്ടുകളുമല്ലാതെ മറ്റൊന്നും വാരിയെടുക്കാൻ ഒരു നിമിഷം പോലും കിട്ടിയതുമില്ല. ബഹളങ്ങൾ ആക്രോശങ്ങൾ ഉച്ചത്തിലുള്ള സംസാരങ്ങൾ വേവലാതികളുടെ ഒച്ചകൾ കരച്ചിലുകൾ പതംപറച്ചിലുകൾ മാത്രം ചുറ്റിലും. ഭയമാണോ മരവിപ്പാണോ ഉറക്കപ്പിച്ചാണോ അറിയില്ല! പതിനാലോളം നിലകളുടെ പടികൾ നടന്നിറങ്ങി ഒരുവിധം താഴെയെത്തി. ഗ്രൗണ്ട് ഫ്ലോറിലെത്തിയപ്പോഴാണ് അരമണിക്കൂർമുന്നേത്തന്നെ ഇതേ അലാറം കേട്ട് ഭയചകിതരായ ഒരുപിടി മനുഷ്യരെ കണ്ടത്. അംബരചുംബിയായ ഹോട്ടലിന്റെ പല തട്ടുകളിലുള്ള റൂമുകളിൽ നിന്ന് പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയ പലപല രാജ്യക്കാരായ... ദേശക്കാരായ.... സഞ്ചാരികൾ! ആപത്കരമായ ഈ ചുറ്റുപാടിന്നിടയിലാണല്ലോ ഞാൻ ആ ഫ്രഞ്ച്മുറിയുടെ കുളിരിൽ അഭയമെന്നോ പ്രണയമെന്നോ പേരുള്ള സുഷുപ്ത്തിയിലാണ്ട രണ്ടുമനുഷ്യർക്കരികിൽ സമാധാനമായിരുന്നു സ്വപ്നാടനത്തിൽ മുഴുകിയത്!!


Related Articles