കണ്ടതും കാണാത്തതും!

Column

കണ്ടതും കാണാത്തതും!


യാത്രയുടെ അറ്റമന്വേഷിക്കുന്നൊരുവളുടെ കൂടെയാണ് ഇന്നത്തെ പ്രയാണം. എന്റെയുള്ളിലാണ് അവളുടെ ഇരിപ്പും കിടപ്പും. മടങ്ങിപ്പോകാമെന്നുറപ്പുള്ള വഴികളിലൂടെയുള്ള നടത്തം ഘനരഹിതമാണെന്ന് അവളാണെനിക്ക് പറഞ്ഞുതന്നത്. അജ്ഞാതകാന്തരങ്ങളുടെ സുഷുമ്നാമാർഗ്ഗങ്ങളിൽ ദിശതെറ്റിയാൽ ഒരുകാലത്തും പിന്നൊരു പിന്മടക്കം സാധ്യമല്ലെന്നു അവൾ കട്ടായം പറയുന്നു. ദേശാടനങ്ങളുടെ ഭാഷ പഠിച്ചാൽ അതിർത്തികൾ മാഞ്ഞുപോകുന്ന ജാലവിദ്യ കണ്മുന്നിൽ തെളിയുമെന്നും മടങ്ങിയെത്താൻ വീടുപോലും ഇല്ലാത്തവരുടെ നെട്ടോട്ടം വേദനയുടെ ഓട്ടപ്പന്തയമാണെന്നും കാട്ടിത്തന്നതും അവളാണ്. കണ്ടും കേട്ടും അറിഞ്ഞും പകർന്നും നുകർന്നും കടന്നുപോയ നഗരനടത്തങ്ങളെയും ഗ്രാമഗമനങ്ങളെയും മനോവ്യാപാരങ്ങളെയും സർവകോശങ്ങളിലും ഞാൻ കൊരുത്തിവെയ്ക്കട്ടെ. പിരിമുറുക്കങ്ങളുടെ സ്ഥലജലഭ്രമങ്ങൾക്കിടയിൽ ഭൂപടങ്ങൾ വേദപുസ്തകമാക്കുന്ന ഉള്ളിലുള്ളൊരുവളുടെ കൈകോർത്തുപിടിക്കുന്നു. മുന്നോട്ട് ആഞ്ഞാഞ്ഞു തുഴയുന്നു. നഗരങ്ങൾക്ക് ശ്വാസനിശ്വാസമുണ്ടെന്നും നദികൾക്ക് ഓർമ്മകളുണ്ടെന്നും നിലക്കല്ലുകൾക്ക് പോലും ഉച്ചാരണഭേദങ്ങളുണ്ടെന്നും യാത്രയുടെ ചിറകിലിരിക്കുമ്പോൾ ബോധ്യമാകുന്നുണ്ട്. അറിയാത്ത ഭാഷയുടെ കാണാത്ത ലിപികളിൽപ്പോലും യുദ്ധക്കറകളും പലായനത്തിണർപ്പുകളും അഭയാർത്ഥിപ്പിടച്ചിലും വിഷാദത്തഴമ്പുകളും എഴുന്നുനില്‍ക്കുന്നുണ്ട്. ഇതൊക്കെ കാണാതെ പോയിവരുന്ന വിനോദയാത്രയെന്ന ഉല്ലാസപ്പെരുക്കങ്ങൾക്ക്‌ ആത്മനിന്ദയുടെ മുഖച്ഛായയാണ്. ഈ യൂറോപ്യൻ യാത്രയിൽ കണ്ട മനുഷ്യരെല്ലാം ഓരോരോ രീതിയിൽ അവരവരുടെ ഓർമ്മയെപ്പുണർന്നാണ് ജീവിക്കുന്നത് എന്നത് ഒരു പച്ചപരമാർത്ഥമാണ്. ഒരേ ഫ്രെയിമിൽ സംസ്‌കാരത്തെയും കലയെയും ഭാഷയെയും സാഹിത്യത്തെയും മനുഷ്യസ്നേഹത്തെയും അവർ രാജ്യത്തിന്റെ സത്യസ്ഫുലിംഗങ്ങളായി പരിപാലിക്കുന്നു. യുദ്ധം തകർത്ത കെട്ടിടങ്ങളെ അറുപതും എഴുപതും വർഷങ്ങളെടുത്തു മനഃസാക്ഷിക്കുത്തോടെ പുനഃസൃഷ്ടിക്കുന്നു. വർത്തമാനകാലം മണൽക്കണ്ണാടിയെന്നപോൽ ഈ ചരിത്രപ്രകമ്പനങ്ങളെ വെയിൽക്കായാൻ നട്ടുച്ചനേരത്തു ഇറക്കിവിടുന്നു.

അപരാധബോധവും അവകാശബോധ്യവും തമ്മിലുള്ള പിടിവലിയിൽ ജർമ്മൻ ഭാഷയുടെ തീനാവിൽ ഇന്നും ഉറുമ്പരിക്കുന്നുണ്ട്. പാപമോചനങ്ങളുടെ മോക്ഷവഴിയിൽ ഭാഷ വിയർത്തും കിതച്ചും ഒറ്റയ്ക്ക് നിൽക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമ്മൻ ഭാഷ പലവുരു പുനർജനിപ്പാത നൂണ്ടിറങ്ങിയിട്ടുണ്ട്. ഭാഷയെന്ന അധികാരഗർവ്വം നിർമ്മിച്ച വെറുപ്പിന്റെ നിഴൽ ലോകാവസാനം വരെ അവിടുത്തെ മനുഷ്യരെ പിന്തുടരുമെന്നതാണ് സത്യം. ഹിറ്റ്ലറിന്റെ പ്രസംഗങ്ങളിലെ പദവിന്യാസങ്ങൾക്ക് ആയുധങ്ങളുടെ കെട്ടനാറ്റമായിരുന്നു. “ശുദ്ധി”, “മഹത്വം”, “ദേശാഭിമാനം” എന്നീ വാക്കുകൾ മരണക്യാമ്പുകളിലേക്കുള്ള അവിച്ഛിന്ന സൂചനകളായി. ഭാഷ തന്നെ സംശയത്തിന്റെ ഇരയായി. ഹീനമായ കുറ്റകൃത്യങ്ങളിൽ ഭാഷപോലും ഹേതുവായി. ആജ്ഞാപനങ്ങളുടെ ചൂടും വേവും നോവും വർഷങ്ങളോളം പേറിപ്പേറി ആ ഭാഷ തളർന്നുപോയിരിക്കണം. എഴുത്തുകാരും ചരിത്രകാരന്മാരും ഭാഷയെ നവീകരിക്കാൻ ഈക്കണ്ട കാലമത്രയും കിണഞ്ഞു പരിശ്രമിച്ചു. കൊലചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരുടെ ഭാഷയിൽ കവിത എഴുതുന്നത് എങ്ങനെയെന്ന ചോദ്യം കൂരമ്പായി ഉന്നം കാത്തിരിക്കുന്നു. ലോകമഹായുദ്ധങ്ങൾക്ക് ശേഷം ജർമ്മൻ ഭാഷ ഒരു സാധാരണ ആശയവിനിമയോപാധിയായി ഉപയോഗിക്കേണ്ടിവന്നപ്പോഴൊക്കെ പശ്ചാത്താപത്തിന്റെ തീപ്പൊള്ളലിൽ ജർമ്മൻ ജനത വെന്തുരുകിയിരിക്കണം. ഈ ഭാഷയിലെഴുതുക എന്നത് ഒരു സാംസ്‌കാരിക തിരഞ്ഞെടുപ്പല്ല, ഒരു നൈതിക പ്രശ്നമായിരുന്നു ആ മനുഷ്യർക്ക്.


Related Articles