ആകാശത്തിനും ആഗ്രഹങ്ങൾക്കും അതിരുവരയ്ക്കാൻ കഴിയാത്തിടത്തോളം കാലം ഈ ലോകമെത്ര സുന്ദരമെന്നോ? പ്രേമോഷ്മളതയ്ക്കും ഏകതാനതയ്ക്കും എതിരുപറയാൻ ആളില്ലാതാകുന്ന കാലം ഈ ഭൂമിയെത്ര ഉദാരമെന്നോ? നാളെയെന്തെന്ന് അറിയാത്തോരിടത്തുനിന്നാണ് ഭാവിയെപ്പറ്റിയും ഭാവനയെപ്പറ്റിയും നമ്മൾ വ്യാകുലപ്പെടുന്നതും വിഷമിക്കുന്നതും. കവിതയെന്ന പിടിവള്ളിയിൽ തൂങ്ങിയാടി ജീവിതസമസ്യകൾക്കുമേൽ ചിരിതൂകിനിൽക്കാൻ ശ്രമിക്കുക എന്നതാണെന്റെ ആദ്യത്തെ ആഗ്രഹം. സ്നേഹത്താൽ സമ്പന്നമായ വീട്ടിലും മനുഷ്യർക്കുമിടയിൽ സ്വയമലിഞ്ഞപ്രത്യക്ഷയാകുക എന്നതാണ് രണ്ടാമത്തെ ആഗ്രഹം. അത്യാർത്തിയുടെ ചതിക്കുരുക്കിൽ നമ്മെ കുടുക്കാൻ വരുന്നവരെ ഇനിയെങ്കിലും കാലേകൂട്ടി തിരിച്ചറിയാനാകണം എന്നതാണ് മൂന്നാമത്തെയാഗ്രഹം. വ്യാജമനുഷ്യരുടെ അമിതവിനയത്തിലും കപടബുദ്ധിജീവികളുടെ കൃത്രിമപരിവേഷങ്ങളിലും ദുർമ്മോഹികളുടെ അനുചിത ഉടമ്പടികളിലും മതിമറന്നുപോകരുതെന്നതാണ് നാലാമത്തെ ആഗ്രഹം. ഉള്ളിലേക്കും ഉണ്മയിലേക്കും നോക്കി ഉലകം ചുറ്റണമെന്നതാണ് അഞ്ചാമത്തെ ആഗ്രഹം. അനാവശ്യ നാടകീയത ഒഴിവാക്കണമെന്നും സുതാര്യമായ സൗഹൃദങ്ങളെ പരിലാളിക്കണമെന്നും മൃണ്മയമായ കൊതികളെ പെറ്റുപോറ്റണമെന്നും മനസ്സറിയാത്ത അനുരഞ്ജനശീലങ്ങൾ വെടിയണമെന്നും വിഷാദപദ്മങ്ങളിൽ തപസ്സിരിക്കുന്ന സുഖദുഃഖങ്ങളെ തേടിപ്പോകണമെന്നും 'ആത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണ'മെന്നും അവളവളിലേക്കെത്താൻ ഇനിയുമേറെ പൊരുതണമെന്നും അസൂയാലുക്കളുടെ ഇകഴ്ത്തലുകളെ അവഗണിക്കണമെന്നും തുല്യനീതിയുടെ പുലരി പിറക്കണമെന്നും മാതൃഭാഷയുടെ പ്രദീപ്തിയിൽ വിളങ്ങണമെന്നും അച്ഛന്റെയും അമ്മയുടെയും വാത്സല്യപ്പെരുക്കങ്ങളിൽ ആജീവനാന്തം നിറയണമെന്നും ഭർത്താവും മകനുമടങ്ങുന്ന കുടുംബസ്വർഗ്ഗത്തിൽ എന്നെന്നും റാണിയായി വാഴണമെന്നും തുടങ്ങി പിടിതരാത്ത അത്യുക്തികൾ നിറഞ്ഞ അഭിലാഷങ്ങൾക്ക് ആദിയും അന്തവുമില്ല. പറഞ്ഞു വന്നത് കേരളത്തിൽ നിന്ന് യൂറോപ്പിലെത്തിയ ഏഴു വനിതകളുടെ സാഹസികയാത്രയെക്കുറിച്ചാണ്. അവർ താണ്ടിയ കടൽദൂരങ്ങൾ എനിക്ക് വേണ്ടിയാണെന്ന് കരുതുന്നത് എന്റെ സ്വാർത്ഥത!!
ഇഷ്ടവിഷയങ്ങളുടെ സമ്മോഹനമായ ഒരു കാവ്യപദ്ധതിയാണ് എന്നെ യൂറോപ്പിലെത്തിച്ചത്. ഇത്തരം പരീക്ഷണങ്ങളുടെ പുതുവഴികൾ കഠിനമാണ്. ഉദാഹരണങ്ങളുടെ ദൃഷ്ടാന്തങ്ങൾ മുന്നിലില്ലാത്തതിന്റെ രക്ഷയും ശിക്ഷയും ഏറ്റവും വല്ല്യ വെല്ലുവിളിയാണ്. നൃത്തവും കവിതയും ബാല്യം മുതൽ കൂട്ടുണ്ടായിരുന്നെങ്കിലും ഒരു പടിഞ്ഞാറൻരാജ്യത്ത് അതുരണ്ടും ചേർത്തുതുന്നിയ കലയുടെ പട്ടുറുമാൽ വീശിപ്പറത്താനാകുമെന്നു സ്വപ്നേപി കരുതിയിരുന്നില്ല. അങ്ങനെയൊരു നിയോഗം വന്നുചേർന്നപ്പോൾ സദാ ജാഗരൂഗയായ സഞ്ചാരിണിയുടെ ഉദ്വേഗത്താൽ യൂറോപ്യൻയാത്രയ്ക്കിറങ്ങിയതാണ്. പിന്നിട്ട ദൂരങ്ങൾക്കു രാപ്പകൽ പ്രയത്നങ്ങളുടെയും മനംനിറഞ്ഞ അനുഗ്രഹങ്ങളുടെയും നിസ്വാർത്ഥമായ പരിശ്രമങ്ങളുടെയും അമ്മ കടം തന്ന സമയത്തിന്റെയും ചൂടും ചൂരുമുണ്ട്. നമ്മളുടെ ചെറിയ നേട്ടങ്ങളിൽ നമ്മളെക്കാൾ സന്തോഷിക്കുന്ന മനുഷ്യർ ചുറ്റുമുണ്ടെങ്കിൽ ഒന്നുറപ്പിച്ചോളു ഈ ലോകം പ്രത്യാശയറ്റ ഒറ്റത്തുരുത്തല്ല. പരാജയങ്ങളുടെ ആഴങ്ങളിൽ നിന്ന് പാതാളക്കരണ്ടികൊണ്ട് അവർ നമ്മെ കോരിയെടുക്കും. അങ്ങനെയുള്ള ഒരു പിടി മനുഷ്യരെ ഞാൻ എനിക്കുവേണ്ടിത്തന്നെ ആത്മനിർവൃതിയോടെ സ്നേഹിക്കുന്നുണ്ട്. അവർക്കു വേണ്ടി കരുതിവെക്കുന്ന ഇത്തിരി നിമിഷങ്ങളിൽ സഹവർത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും മമതയാകെ സംഭരിച്ചുവെക്കുന്നുണ്ട്. ഭാവിയിലേക്കുള്ള ഈടുവെപ്പുകൾ അത് മാത്രമാണ്. മനുഷ്യരെ സത്യസന്ധമായി സഹായിക്കാനും തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും പിൻതുണയ്ക്കാനും ചേർത്തുപിടിക്കാനുമായില്ലെങ്കിൽ ആയുസ്സിന്റെ സാരഗർഭങ്ങൾ പാഴായിപ്പോകും. ഈ ചെറിയജീവിതത്തിൽ വെറുത്തുപേക്ഷിക്കേണ്ടിവന്ന വിരലിലെണ്ണാവുന്ന ചിലർ മനസ്സിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളുണ്ട്. ക്ഷമിക്കാനും മറക്കാനുമാവാത്ത ചിലത്. എന്നാൽ എന്തിനും ഏതിനും മരുന്നാകുന്ന അചഞ്ചലമായ ബന്ധങ്ങൾ ദിവ്യഔഷധം പോൽ ജീവിതത്തിൽ മാരിവിൽ നിറങ്ങൾ നിറയ്ക്കുന്നു. എന്തുപേരിട്ടു വിളിക്കുമെന്ന സംഭ്രമത്തിൽ എന്നെകുഴക്കിയ ഒരപൂർവ്വ സ്നേഹസന്ദർഭം ഈ യൂറോപ്യൻ യാത്രയും കാത്തുവെച്ചു! ഈ ജന്മം മറക്കാനാകാത്ത രണ്ടു ദിവസങ്ങൾ !!
