യുദ്ധത്തിന്റെ തീനാവ് നക്കിത്തുടച്ച സമയച്ചൂടിൽ നിന്നും മോചിതരാകാത്ത അനവധി മനുഷ്യരെ ജർമനിയിൽ പലസ്ഥലത്തും ഈ യൂറോപ്യൻ യാത്രയ്ക്കിടെ കണ്ടുമുട്ടി. പലപ്രായക്കാർക്കിടയിലും എത്ര തുവർത്തിയാലും അറുതിയില്ലാത്ത പീഡാനുഭവം കൂടിയ അനുപാതത്തിൽ തിളച്ചുമറിഞ്ഞു. മാരകമായ ഗതകാലസാക്ഷ്യപത്രങ്ങളുടെ വേവ് ഇപ്പോഴും അവരുടെ വാക്കുകളെ കല്ലാക്കുന്നു. നോട്ടങ്ങളുടെ മുനകൂർപ്പിക്കുന്നു. എത്ര വെളിച്ചം തെളിച്ചാലും മാഞ്ഞു പോകാത്തൊരു കനത്തനിഴൽ ചരിത്രമെന്ന പേരിൽ അവർ ഹൃദയത്തിൽ പേറുന്നു. ഓർമയുടെ മരണമാണ് സ്നേഹരാഹിത്യങ്ങളെക്കാൾ ഭീകരമായത്. പിൻനോട്ടങ്ങളില്ലാതെ ജീവിതം മുന്നോട്ടു നയിക്കാനാവില്ലെന്നു ജർമ്മൻ ജനത ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. സന്തോഷാശ്രുക്കളിൽ മുങ്ങിപ്പൊങ്ങുന്ന പുളിമധുരമുള്ള ഗൃഹാതുരമായ ഓർമകളെ താലോലിച്ചിരിക്കാൻ എളുപ്പമാണ്. എന്നാൽ കനലാരണ്യത്തിലെ ശൂന്യസങ്കടം പോൽ പൊള്ളുന്ന സ്മരണകളുള്ള ജനതയ്ക്ക് അതിനു കഴിഞ്ഞെന്നു വരില്ല. ദുരവസ്ഥയുടെ പങ്കുപറ്റാത്തവരായി യുദ്ധഭൂമിയിൽ ആരുമുണ്ടാകില്ല. അനുഭവവിചാരങ്ങളുടെ ജനിതകചേരുവകളിൽ പോലും തലമുറകൾ കൈമാറിയെത്തിയ ആ നടുക്കുന്ന ഓർമ്മകൾ സ്വയം നിന്ന് കത്തും; ഈ ജന്മം അതിൽ നിന്നൊരു വിടുതലില്ലായെന്നപോലെ ഓരോ മനുഷ്യരും ഉരുകിത്തീരുന്നു! പി കേശവദേവിന്റെ കഥയിൽ പറയുന്നപോലെ അമ്മയുടെ കണ്ണീരുപ്പിൽ കുഴച്ചുണ്ട ചോറുരുള! ഹോ ! കയ്പ്പ് നിറഞ്ഞ യാഥാർഥ്യങ്ങളുടെ നിറം വടക്കും പടിഞ്ഞാറും ഒന്നുതന്നെ! പേക്കിനാവിന്റെ വേപഥു ജർമൻ തെരുവുകളിലും അകത്തളങ്ങളിലും പാഠപുസ്തകങ്ങളിലും വായനകളിലും കാഴ്ചകളിലും കലയിലും വാസ്തുവിദ്യയിലും ഒരുപോലെ അറിയാനാകുന്നുണ്ട് ജർമനിയിൽ.
ഏകദേശം 60 മുതൽ 70 ലക്ഷം വരെ മനുഷ്യരെ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കു നഷ്ടമായി. ഏകദേശം 20 ലക്ഷത്തോളം പേർ ഒന്നാം ലോകമഹായുദ്ധത്തിലും കൊല്ലപ്പെട്ടു. അതിൽ സൈനികരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലായിരുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ കണ്ണുംപൂട്ടി കൊന്നുതള്ളുന്ന വേട്ടക്കാരുടെ ലോകമായിരുന്നു അത്. അവിടെ ഇരകളും മനുഷ്യർ തന്നെ. ഇന്നത്തെ ജർമൻ ജനത യുദ്ധത്തെ വിജയത്തിന്റെ മഹാകഥയായി കാണുന്നില്ല എന്നുറപ്പിച്ചു പറയുന്നു. ഞാൻ കണ്ടു സംസാരിച്ച മനുഷ്യരെല്ലാം കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും നാണക്കേടിന്റെയും പൊറുതിയില്ലാത്ത ഭാഷയിലാണ് സംസാരിച്ചത്. നാസിസമെന്നത് കഴിഞ്ഞുപോയ കാലം മാത്രമല്ലെന്നും അതൊരിക്കലും ആവർത്തിക്കരുതെന്ന കറയറ്റ മുന്നറിയിപ്പാണ് ചരിത്രമെന്നും അവർ വിശ്വസിക്കുന്നു. ഹിറ്റ്ലർ എന്നത് പൈശാചികപരമാധികാരത്തിന്റെ ആൾരൂപം മാത്രമാണ്. അതുകൊണ്ടുതന്നെയാണെന്ന് തോന്നുന്നു ജർമനിയിൽ സ്മാരകങ്ങൾ ആഘോഷത്തിന്റെ മാത്രം ഇടങ്ങളല്ല മൗനത്തിന്റെയും ഓർമ്മയുടെയും ജാഗ്രതയുടെയും പരിവേദനകളുടെയും പൊഴുതുകളാണ്. യുദ്ധപരാജയത്തെ നേരിടാൻ കാണിച്ച അസാമാന്യധൈര്യമാണ് ഇന്നത്തെ ജർമനിയുടെ കുതിപ്പിന് കാരണമായത്.
