ആർട്ട് ഗാലറികളുടെ പറുദീസയാണ് യൂറോപ്യൻ ഭൂഖണ്ഡം. സ്വകാര്യശേഖരങ്ങൾ മുതൽ പൊതുമ്യൂസിയങ്ങൾ വരെ ചെറുതും വലുതുമായ നാല്പ്പതിനായിരത്തോളം കലാവേദികകൾ പശ്ചാത്യരാജ്യങ്ങളിലുണ്ട്. ചിത്തരോഗാവസ്ഥയിൽ ഉരുകിയ കുറെ മനുഷ്യർ കലയിൽ അവരുടെ മാനസികവിഭ്രാന്തികളെ പകർത്തിവെച്ചൊരു ഗാലറിയിൽ അപ്രതീക്ഷിതമായാണ് ഇന്നെത്തിപ്പെട്ടത്. കലയെന്ന പ്രാണനാളി വിനിമയമാർഗ്ഗങ്ങളുടെയും ബോധനമൊഴികളുടെയും ആവിഷ്ക്കാരസാധ്യതകളുടെയും പ്രതിപക്ഷാഖ്യാനങ്ങളുടെയും രൂപത്തിൽ പലനാട്ടിൽ പലവേഷത്തിൽ വെളിപ്പെടുന്നു. ചാരം മൂടിയ കനൽ പോലെ ഒളിഞ്ഞും തെളിഞ്ഞും മനുഷ്യനുള്ളിടത്തോളം നിലനിൽക്കുന്ന അജ്ഝലവൈഡൂര്യമാണ് കല. ചിലർക്കു കല ജീവിതത്തിൽ നിന്ന് അടർത്തിമാറ്റാനാവാത്ത അവയവം പോലെയാണ്. മറ്റുചിലർക്ക് ഏച്ചുകെട്ടി പൊയ്ക്കാലിൽ നടക്കാനുള്ള ഊന്നുവടി മാത്രവും. വിപര്യയങ്ങളുടെ സാഗരമാണ് കലയിലും ജീവിതത്തിലും ഞങ്ങൾ മൂന്നാളുടെയും താല്പര്യങ്ങൾ. രുചിയും കൊതിയും വികാരവിചാരവും വസ്ത്രവഴക്കങ്ങളും വിശ്വാസസാക്ഷ്യങ്ങളും ജിജ്ഞാസകളും അഭിനിവേശങ്ങളും അത്രമേൽ വ്യത്യസ്തം. പൊരുത്തങ്ങളെല്ലാം ഒത്തുവരുക യാത്രകളിലെ അപരിമിത കലാവാതായനങ്ങൾ തള്ളിത്തുറക്കുമ്പോഴാണ്. ഭർത്താവും കുഞ്ഞും ഞാനും ഒറ്റവാക്കിൽ കൈകൊടുത്തു ധാരണയിലെത്തുന്ന ഒരേയൊരു കാര്യം സഫാരികൾക്കിടയിലെ കലാനിരീക്ഷണമാണ്. ആയുസ്സിന്റെ ഒസ്യത്തെന്നോണം സർഗ്ഗാത്മകയലച്ചിൽ ജഹാൻ പോലും നന്നായി ആസ്വദിക്കുന്നുണ്ട്. അതിനായി പണം മുടക്കാനും എത്ര നേരം ക്യൂ നിൽക്കാനും എത്ര ദൂരം താണ്ടാനും ഞങ്ങൾക്കു മടിതോന്നാറില്ല. ചിലപ്പോൾ ഒരു കണ്ണാടിപ്പോലെ ഒരു സമൂഹത്തെയാകെ പ്രതിഫലിപ്പിക്കുക ഇത്തരം കലാശ്രമങ്ങളാണ്. ചിത്രങ്ങൾ ശില്പങ്ങൾ ഇൻസ്റ്റാലേഷനുകൾ എണ്ണിയാലൊടുങ്ങാത്ത കലാപ്രകടനകളുടെ വപുസ്സും നഭസ്സും. എന്തിനേറെപ്പറയുന്നു മനുഷ്യന്റെ ആദിചോദനയിൽ പോലും കലയുടെയും ആസ്വാദനത്തിന്റെയും രസാനുഭവങ്ങളുടെയും വിത്തുകൾ ഉറങ്ങിക്കിടപ്പുണ്ട്. സ്മരണാതീതമായ ഒരു ആർദ്രതയിൽ അത് വിരിയുന്നു വിലസുന്നു കൊഴിയുന്നു. വീണ്ടുമിതേ ചംക്രമണപ്പൊരുൾ പ്രകൃതിയിലും കലയിലും അവസാനമില്ലാതെ ആവർത്തിക്കപ്പെടുന്നു. അത് ഭൗതികമായി ഒരുക്കിവെച്ചയിടങ്ങൾ കലാനിലയങ്ങളാണ്. അവിടേക്കു ഞങ്ങളെപ്പോലെ ചിലർ തീർത്ഥാടകാരായും സന്ദർശകരായും ഒഴുകിയെത്തുന്നു.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുണ്ടായിരുന്നപ്പോൾ കയറിയിറങ്ങിയ മ്യൂസിയങ്ങൾക്കും ഗാലറികൾക്കും കൈയും കണക്കുമില്ല. ക്ഷീണവും ക്ഷമയും മാറിനിന്നും കൂടെനിന്നും അനുക്രമം പാലിച്ചു ഞങ്ങൾക്ക് നിരുപാധികം പിന്തുണയേകി. ഇന്നിപ്പോൾ ഹെയ്ഡൽബെർഗിലെ ഈ അസാധാരണ ആർട്ട് മ്യൂസിയത്തിൽ ഞാൻ ഒറ്റയ്ക്കാണ് നിൽക്കുന്നത്. പിതാവും പുത്രനും കോഴിക്കോടേക്ക് മടങ്ങിയതിനു ശേഷമുള്ള ഏകാന്തസഞ്ചാരങ്ങളിലൊന്നാണിത് ! ഇതുവരെ കണ്ടതിനേക്കാൾ നെഞ്ചുലയ്ക്കുന്ന കലയുടെ പരകോടിയായൊരിടത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. പരമോന്നമായ കലയെന്നുണ്ടോ എന്ന് ഞാൻ പലവട്ടം ആലോചിച്ചു. ആരാണ് ഏറ്റവും വല്യ പ്രതിഭാശാലി? പരിപൂർണ്ണതയാണോ സൗന്ദര്യം? ആശ്ചര്യഹേതുവാണോ സുഖാനുഭൂതി? താദാത്മ്യപ്പെടുകയാണോ അനുകമ്പയിലലിയിക്കുകയാണോ കലയുടെ ഉന്നം? വിരേചനൗഷധമാണോ വിമോചനായുധമാണോ കല? ഉന്മാദവിഷാദികളായ മനുഷ്യർ സൃഷ്ടിച്ച ഈ വർണ്ണത്തുരുത്ത് എന്നോടെന്താണ് പറയുന്നത്? എന്റെ സുബോധങ്ങളുടെ നേർത്ത തന്ത്രികളിൽ ആരാണ് ഈ ജ്വരരാഗവിസ്താരം മീട്ടുന്നത്? ഭയമാണോ അഭയമാണോ കലയെന്നു പറഞ്ഞുതരാൻ ആരാണിവിടെ അവശേഷിക്കുന്നത്? പേരോ വിപണിയോ വിൽപ്പനയോ ലാഭമോ കച്ചവടമോ ഐതിഹ്യമാനമോ തീർച്ചപ്പെടുത്താനാകാത്ത ഈ ബഹിർസ്ഫുരണങ്ങൾ വിലയിരുത്താൻ ഞാൻ അശക്തയാണ് !
