മൂന്നാഴ്ചയോളമായി യൂറോപ്യൻ യാത്രയിലാണ്. ഭർത്താവും ഞാനും കുഞ്ഞും കുറച്ചധികം നാളുകളായി ഒരുമിച്ചു കണ്ടൊരു സ്വപ്നദേശാടനമായിരുന്നു ഇത്. ഇല്ലാത്ത സമയം മിച്ചംപിടിച്ച് ആസൂത്രണം ചെയ്തയൊന്ന്. തീരാജോലിയും വെച്ചുമാറാനാകാത്ത ചുമതലകളും ലീവിന്റെ കണക്കിൽ കണ്ണുംപൂട്ടി കൊരുത്തിട്ട് ഒറ്റപ്പോക്ക്. ആ നിലയിൽ മാത്രം സാധ്യമാകുന്ന ഒന്ന്. എപ്പോഴും ഇങ്ങനെയൊന്നും നടപ്പിലാക്കാൻ നമ്മൾക്ക് കഴിഞ്ഞെന്നു വരില്ല. ഊരിപ്പോരാൻ പറ്റാത്തത്ര വേലകളിൽ മുഴുകി മരിച്ചെഴുന്നേൽക്കുന്ന വ്യാകുലമർത്യരാണല്ലോ നമ്മൾ! ത്രിമൂർത്തികളായി അജ്ഞേയതാവളങ്ങളിൽ അലഞ്ഞപ്പോൾ ലക്ഷ്യസ്ഥാനങ്ങളെക്കാളും ഈ കൂട്ടുനടപ്പാണ് ഞങ്ങളെ ഉന്മത്തരാക്കിയത്. ഈ നിമിഷത്തിൽ ജീവിക്കുകയെന്ന ജഹാന്റെ ഗുപ്തവാക്യമായിരുന്നു ഊർജം. ആത്മാനന്ദങ്ങളിലേക്കുള്ള ജഹാന്റെ ക്ഷണക്കത്തുകളായിരുന്നു ഈ യാത്രയുടെ ഗ്രീൻ സിഗ്നൽ. ഉള്ളുതുറന്നുള്ള അവന്റെ ചിരിയും മൊഴിയും ഈ പ്രായത്തിലിനി അതേപോലെ നമ്മുക്ക് പകർത്താനായെന്നു വരില്ല. അത് പിൻതുടരാനായാൽ കാലുഷ്യങ്ങളിൽ നിന്നും യുക്തിസഹമായി മാറിനിൽക്കാനാകുമെന്ന് എനിക്ക് തോന്നാറുണ്ട്. മത്സരബുദ്ധിയേതുമില്ലാത്ത ഒരു കുഞ്ഞാണവൻ. വ്യാജമായതെല്ലാം അവൻ സ്വയം ഉപേക്ഷിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിപ്പോകാറുണ്ട്. അണ്ണാൻക്കുഞ്ഞിനെ ആരെങ്കിലും മരംകയറ്റം പഠിപ്പിക്കണോ? അവനു വേണ്ടത് അവൻ തിരഞ്ഞു കണ്ടെത്തുന്നു. ഞങ്ങളുടെയും അവന്റെയും ഇഷ്ടാനിഷ്ടങ്ങൾ അക്ഷാംശരേഖകൾ പോലെ കൂട്ടിമുട്ടാറില്ല. അവൻ ചുണയോടെ ഇടപെടുന്ന രംഗങ്ങൾക്കു സമാന്തരപാതകൾ ഇല്ലെന്നത് ഒരുകാലത്ത് ഞങ്ങളെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. കലയിൽ ഇടപെടുമ്പോൾ മനുഷ്യർ വ്യത്യസ്തവാതായനങ്ങളുടെ നിദർശനപ്പടവിൽ ചവിട്ടിക്കയറുന്ന കാഴ്ച ജഹാനാണ് കാട്ടിത്തന്നത്. അന്ന് മുതൽ ആ സംശയം വൃഥാവിലായി. ഒരോരുത്തർക്കും കയറ്റം ഇറക്കം ഇതരഭാവമുള്ളതാണ്. ഒന്നുപോലെയല്ല മറ്റൊന്ന്. അതിനാൽ താരതമ്യം അസാധ്യം. മത്സരങ്ങൾക്കും മാർക്കുകൾക്കുമിടയിൽ നിന്ന് അവൻ നിസ്സംഗതയോടെ ഇറങ്ങിപ്പോകാറാണ് പതിവ്.
സമ്മാനംകിട്ടിയില്ലെങ്കിൽ ഒരാഴ്ചയെങ്കിലും കരഞ്ഞുനിലവിളിക്കുന്ന എന്റെ കുട്ടിക്കാലം ഓർത്തു എനിക്കിപ്പോൾ ലജ്ജ തോന്നുന്നുണ്ട്. എന്നാൽ അജ്ഞാതഭൂപടങ്ങൾ അവനെ ആകർഷിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. യാത്രപോകാൻ വിളിച്ചാൽ ഏതു വെളുപ്പാങ്കാലത്തും അർദ്ധരാത്രിയിലും പട്ടാപ്പകലും ജഹാൻ റെഡിയാണ്. ബാഗും ബുക്കും ഡ്രോയിങ് ഷീറ്റും പെൻസിലും കളറും കൂളിംഗ് ഗ്ലാസും ഷൂസുമിട്ടൊരു ഒരിറക്കമുണ്ട്. അതിനാൽ ഈ ഷെങ്കൻ യാത്ര അവനു വീണുകിട്ടിയ ലോട്ടറിപോലെയായി. ഇന്ന് അവനോടൊപ്പം നടക്കുമ്പോൾ കലയുടെ സാളഗ്രാമങ്ങൾ കണ്മുന്നിൽ ഇതൾ വിരിയുന്നു. പരിമളം പടർത്തുന്നു. വെളിച്ചം വിതറുന്നു. ഈ ജീവിതത്തിന്റെ ഒടുങ്ങാത്തിരക്കിൽനിന്നും അവനുവേണ്ടി ഞങ്ങൾ ഹരിച്ചെടുക്കുന്ന ഇത്തിരിസമയം പെട്ടിയുമെടുത്തു പുറപ്പെടുകയല്ലാതെ വേറെ വഴിയില്ല. എത്ര കൊഴുത്ത ചവർപ്പു കുടിച്ചുവറ്റിച്ചാണ് ഇത്തിരി ശാന്തിതൻ ശർക്കര പോലെ അതിമധുരം നിറഞ്ഞ ഈ നിമിഷങ്ങൾ പിഴിഞ്ഞെടുത്ത്. എന്നാൽ പിതാവും പുത്രനും കഴിഞ്ഞദിവസം കേരളത്തിലേക്ക് മടങ്ങി. ഞാൻ കാൾസ്റൂഹിലെ ഇസെഡ് കെ എം അന്താരാഷ്ട്ര മീഡിയ സെന്ററിൽ ആർട്ടിസ്റ്റ് -ഇൻ-റെസിഡൻസി ഫെല്ലോയായി പ്രോജെക്ടിൽ ജോയിൻ ചെയ്യുകയും ചെയ്തു.
