പാതിമുറിഞ്ഞ മുഖമുള്ള കൊളോസിയം !

Column

പാതിമുറിഞ്ഞ മുഖമുള്ള കൊളോസിയം !


എത്ര തുഴഞ്ഞാലും മറുകരയെത്താത്ത കലയുടെ ജപസാഗരം പോലെയായിരുന്നു വത്തിക്കാൻ. ഇന്നലത്തെ വത്തിക്കാൻ കറക്കം കഴിഞ്ഞു റോമിൽ തന്നെ ഞങ്ങൾ  രാത്രി തങ്ങി. ഇന്ന് കൊളോസിയമാണ് ലക്ഷ്യം. അച്ഛന്‍റെ ലൈബ്രറിയിലെ എടുത്താൽ പൊങ്ങാത്ത ചിത്രപുസ്തകങ്ങളിലാണ് ആദ്യമായി പാതിമുറിഞ്ഞ മുഖമുള്ള കൊളോസിയം കാണുന്നത്. ലോകാത്ഭുതങ്ങളുടെ വാതായനങ്ങൾ തുറന്നത് കുട്ടിക്കാലവായനയാണ്. ഛിന്നഭിന്നമായ് ചിതറികിടക്കുന്ന കല്ലുകളുടെ ഈ ശിലായൂഥം അതിരില്ലാപ്പഴങ്കഥകളുടെ മായാപഥമാണ്. കൊളോസിയത്തിലേക്കുള്ള വഴിമദ്ധ്യേ ഗൂഗിളിൽ ചരിത്രം തപ്പിയ ജഹാന്‍റെ കണ്ണിലുടക്കിയത്  ഗ്ലാഡിയേറ്റർ എന്ന വാക്കാണ്. അവൻ അതാവർത്തിച്ചു പറയുന്നുമുണ്ടായിരുന്നു. അലസയാത്രകളെ അന്വേഷണങ്ങളാൽ ചടുലമാത്രകളാക്കുന്ന വിദ്യ ഇതിനോടകം അവനും പഠിച്ചുവല്ലോ! ജീവിതത്തിന്‍റെ ആംഫിതിയേറ്ററിൽ നടമാടിയ അനേകം വേഷങ്ങളെ കുറിച്ചാലോചിച്ചാണ്  കൊളോസിയത്തിന്‍റെ പന്തയച്ചുറ്റിലേക്കു കാലെടുത്തുവെച്ചത്. പ്രകാശവും ശബ്ദവും കാഴ്ചയും കൃത്യമായി സമ്മേളിക്കുന്ന വൃത്താകൃതിയിലുള്ള പടുകൂറ്റൻ ഗതകാലപോരങ്കണം.

വിനോദത്തിനായി ഹിംസാത്മകവക്കാണങ്ങളിൽ ഏർപ്പെടുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. യുദ്ധം ചെയ്‌തും പരസ്പരം വെട്ടികൊന്നും കൊലവിളിച്ചും ചതിയും വഞ്ചനയും കാട്ടി ഏതുവിധേനയും മറ്റു മനുഷ്യരെ കീഴ്‌പ്പെടുത്തുകയും വാക്കുകൊണ്ടും നോക്കുകൊണ്ടും മനുഷ്യരെ കബളിപ്പിക്കുകയും അതിൽ നിഗൂഢാനന്ദം ആസ്വദിക്കുകയും ചെയ്യുന്ന പരമനീചരാണ് നമ്മൾ മനുഷ്യരെന്ന ജന്തുക്കൾ. കൊളോസിയത്തിന്‍റെ പൊടിക്കാറ്റുയരുന്ന അരീനയിൽ (arena) യോദ്ധാക്കളും വാൾപ്പയറ്റുകാരും മല്ലന്മാരും ദ്വന്ദ്വയുദ്ധപ്പോരാളികളും പടയാളികളും കവചിതഭടന്മാരും ഗുസ്തിക്കാരും ശൂരന്മാരും കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നട്ടഹസിച്ചു തമ്മിലടിക്കുന്നു. പോർക്കളത്തിൽ ആപൽക്കരമായ പടഹധ്വനികൾ മുഴങ്ങുന്നു. സിംഹങ്ങൾ കടുവകൾ ചീറ്റകൾ കരടികൾ പുള്ളിപ്പുലികൾ ആനകൾ ഹൈയീനകൾ കാട്ടുകുതിരകൾ പോത്തുകൾ പന്നികൾ പോരുകോഴികൾ എന്നുവേണ്ട മരുഭൂമിയിലെ ഒട്ടകത്തെവരെ കൊണ്ടുവന്നു പരസ്പരം ഏറ്റുമുട്ടിക്കുന്നു. സമുദ്രയുദ്ധങ്ങളുടെ വീറും വാശിയും കരയിൽ പ്രദർശനപ്പോരാട്ടമെന്നനിലയിൽ അരങ്ങേറുന്നു. വിജയപരാജയങ്ങളിൽ ദുരധികാരത്തിന്‍റെ അപകീർത്തി ചൂതാടിനേടുന്നു. കണ്ടുനിൽക്കുന്ന ആയിരക്കണക്കിന് മനുഷ്യർ ചുറ്റോടുചുറ്റുമിരുന്ന് ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കുന്നു. ചോരയും വിയർപ്പും കണ്ണീരും വീണഴുകിയ കാരുണ്യമില്ലാത്ത ഈ വെല്ലുവിളിയുടെ അർത്ഥാന്തരങ്ങൾ കിഴക്കും പടിഞ്ഞാറും പരന്നുകിടക്കുന്ന ചരിത്രത്തിന്റെ ചൂണ്ടുപലകകളിൽ ഒന്നിൽപോലും എനിക്ക് കണ്ടെത്താനാകുന്നില്ല.

പ്രാചീന റോമിന്‍റെ ഐക്കണുകളൊക്കെയും സാങ്കേതികശക്തിയും, മനുഷ്യസാഹസികതയും അതിജീവനസൂത്രവാക്യങ്ങളും നിറഞ്ഞതാണ്. കൊളോസിയത്തിന്‍റെ നിർമ്മാണം എഡി എഴുപത് -എഴുപത്തിരണ്ട് കാലഘട്ടത്തിൽ വസ്പാഷ്യൻ (Vespasian) എന്ന റോമൻ സാമ്രാജ്യാധിപതിയുടെ ഭരണത്തിൽ ആരംഭിച്ചു. ഫ്ളേവിയനെന്ന (Flavian) റോമൻ വംശപരമ്പരയിൽപെട്ടതാണ് വസ്പാഷ്യൻ (Vespasian), ടൈറ്റസ് (Titus), ഡോമിറ്റിയൻ (Domitian) എന്നീ ഭരണകുടുംബങ്ങൾ. കൊളോസിയം ആംഫിതീയേറ്ററിനെ (Amphitheatre)  ഫ്ളേവിയൻ ആംഫി തീയേറ്റർ എന്ന് വിളിക്കുന്നതിനു കാരണം ഫ്ളേവിയൻ കുലമാണ് ഈ വമ്പൻ സൃഷ്ടിയുടെ നിർമ്മാണത്തിന് ഉത്തരവിട്ടത്. കൊളോസിയം ഫ്ളേവിയൻ സാമ്രാജ്യാധിപതികളുടെ കരുത്തും ശുഭപ്രതീക്ഷയും വെളിപ്പെടുത്തുന്ന ഒരു സ്മാരകമാണ്. വസ്പാഷ്യന്റെ മകനായ ടൈറ്റസ്സിന്‍റെ (Titus) ഭരണകാലയളവിലാണ് (AD 80) കൊളോസിയം ഔദ്യോഗികമായി ലോകത്തിനു സമർപ്പിച്ചത്. ഡോമിറ്റിയൻ രാജാവിന്‍റെ കാലത്തും കൊളോസിയത്തിന്‍റെ വികസനപ്പണികൾ മുന്നോട്ടുപോയി. റോമൻ മണ്ണിൽ ഒരിക്കൽ നീറോയുടെ ഭീമാകാരപ്രതിമ — Colossus of Nero —ആകാശംതൊട്ട് നിന്നിരുന്നു. പ്രതിമയുടെ തണൽസ്പർശിച്ച സ്ഥലത്ത് നിർമ്മിച്ച വൃത്താകൃതിയിലുള്ള ഈ കൂറ്റൻ ആംഫി തീയേറ്ററിനെ ജനങ്ങൾ  നീറോയുടെ പ്രതിമയെ ഓർത്ത് കൊളോസിയം (Colosseum) എന്നു വിളിക്കാൻ തുടങ്ങി.


Related Articles