പ്രാര്‍ത്ഥനയുടെ സൗന്ദര്യശാസ്ത്രം!

Column

പ്രാര്‍ത്ഥനയുടെ സൗന്ദര്യശാസ്ത്രം!


വത്തിക്കാനില്‍ പ്രാര്‍ത്ഥന ഒരുടമ്പടിയാണ്. 'പ്രാ'യെന്നാല്‍ 'സ്വയം' എന്നാണ് വ്യഞ്ജകമെന്നും, 'അര്‍ത്ഥന' എന്നാല്‍ 'സമര്‍പ്പണം' എന്നാണ് ധ്വനിയെന്നും മനസ്സിലാകുന്നവര്‍ക്കേ പ്രാര്‍ത്ഥനയെന്ന ആത്മാര്‍പ്പണത്തിന്റെ ഇന്ദ്രിയജ്ഞാനം നുകരനാകൂ. മനുഷ്യന്റെ സര്‍ഗ്ഗാത്മകഭാവനയുടെ അങ്ങേയറ്റമാണ് ദൈവസൃഷ്ടിയെന്ന സങ്കല്പംപോലും. സക്രിയതയും സൃഷ്ടിപരതയും തമ്മിലുള്ള ഗുപ്തമായ പ്രമാണസാക്ഷ്യങ്ങള്‍ക്ക് മേല്‍ നാസ്തികനും ആസ്തികനും ഒരുപോലെ ഒപ്പുചാര്‍ത്തുന്നു. കവി പാടിയത് പോലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു..' എന്ന ആശയം പരമസത്യമാണ്. നരജാതികളുടെ ക്രിയാത്മകജനിതകങ്ങള്‍ സൃഷ്ടിരഹസ്യങ്ങളുടെ കലവറയാണ്. ദൈവങ്ങളും ചെകുത്താന്മാരും വിശ്വാസത്തിന്റെ ദുര്‍ബലപാശത്തില്‍ നമ്മളെ ഞാണിന്‍മേല്‍ക്കളി കളിപ്പിക്കുന്ന ലോകമാണിത്. കിഴക്കാണെങ്കിലും പടിഞ്ഞാറാണെങ്കിലും അതില്‍ വല്യമാറ്റമില്ല. ഇന്നത്തെ യാത്രാലക്ഷ്യം വത്തിക്കാനായതിനാല്‍ മതവും ഭക്തിയും ആലോചനാവഴികളില്‍ സഹയാത്രികരാകുന്നു.

യൂറോപ്പിന്റെ ഹൃദയം പോലെയാണ് വത്തിക്കാന്‍ സിറ്റി. നഗരമാണോ രാജ്യമണോ എന്ന് ചോദിച്ചാല്‍, നഗരം പോലൊരു രാജ്യം അഥവാ രാജ്യം പോലൊരു നഗരം എന്നേ പറയാന്‍ പറ്റു! വത്തിക്കാന്‍ ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാജ്യമാണ്. മതം അതിര്‍ത്തി വരച്ച ഒരു പ്രവിശ്യ. റോമാ ടെര്‍മിനലില്‍ ട്രെയിന്‍ ഇറങ്ങിയതും ഒട്ടും സമയം കളയാതെ ഞങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബസിലിക്കയിലേക്ക് പുറപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ ഒഴുകുന്ന ആള്‍ക്കൂട്ട ബഹളത്തിനിടയില്‍ നിന്ന് റോമന്‍ പോലീസ്, പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും ശ്രദ്ധിക്കണമെന്ന താക്കീത് യാത്രക്കാര്‍ക്ക് നല്കുന്നുണ്ടായിരുന്നു. പത്തിരുപതുദിവസം യൂറോപ്പില്‍ യാത്രചെയ്തിട്ടും പുണ്യാളന്മാരുടെ ഈ നഗരത്തില്‍വെച്ചാണല്ലോ കള്ളന്മാരെ സൂക്ഷിക്കണമെന്ന ജാഗത്രാനിര്‍ദ്ദേശം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടിവന്നത്. പാസ്സ്‌പോര്‍ട്ടും പണവുമടങ്ങിയ ബാഗുകള്‍ പൊത്തിപ്പിടിച്ചു ഞങ്ങള്‍ തിക്കുംതിരക്കുമുള്ള സ്റ്റേഷന് പുറത്തിറങ്ങി. അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്നതിനെ അബദ്ധമെന്നു പോലും വിളിക്കാനാകില്ല. അതൊരു ജന്മവാസനയാണ്. അവരവര്‍ വിചാരിച്ചാല്‍ പോലും ചിലപ്പോള്‍ അതില്‍ മാറ്റംകൊണ്ടുവരാനാകില്ല. സാക്ഷാല്‍ റോമിലെ ദൈവം പോലുമതില്‍ എത്ര നിസ്സഹായന്‍! മുന്നയറിയിപ്പുകളുടെ ഉലകമേ, നിനക്ക് സ്തുതിയായിരിക്കട്ടെ!

ഇന്ന് കാണുന്ന വത്തിക്കാന്‍ ഒറ്റദിവസം ഉണ്ടായതല്ല. റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും പോപ്പിന്റെ ആത്മീയാധികാരവ്യാപ്തിയുമെല്ലാം കൂടിചേര്‍ന്ന് ഏകദേശം പതിനാലു നൂറ്റാണ്ടുകളുടെ കഥയുണ്ട് ഈ സിറ്റി സ്റ്റെയ്റ്റിന്റെ ജനനത്തിനു പിന്നില്‍. കഥയറിഞ്ഞു ആട്ടം കാണാന്‍ ഒരല്‍പ്പം ചരിത്രം രുചിച്ചുനോക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യകാലത്തു ( 27 BCE - 476 CE) ഗായസ് ജൂലിയസ് സീസര്‍ ഒക്ടേവിയന്റെ (Gaius Julius Caesar Octavianus ) വിശ്വസ്തസഹായിയായിരുന്നു മാര്‍ക്കസ് അഗ്രിപ്പ (Marcus Vipsanius Agrippa : 63 BCE - 12 BCE). അദ്ദേഹം മുഖ്യ പട്ടാളനേതാവും സൈനികനും ഭരണകര്‍ത്താവുമായിരുന്നു. റോമന്‍ ആധിപത്യം ശക്തമായിരുന്ന കാലത്ത് (27 BCE - 476 CE), അന്നത്തെ വത്തിക്കാനെന്നത്, വത്തിക്കാനോ കുന്നുകള്‍ നിറഞ്ഞ സ്ഥലമായിരുന്നു. ചരിത്രപരമായി നോക്കിയാല്‍ അഗ്രിപ്പയുടെ കാലത്ത് വത്തിക്കാനോ ഹില്‍ (Vatican Hill) ചില പള്ളിപ്പരിപാടികള്‍ക്കും റോമന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്ന പ്രദേശമായി വളര്‍ന്നു.


Related Articles