റ്റിറ്റ്ലിസിൽ നിന്ന് നേരെ പറന്നിറങ്ങിയത് പാരീസ്സിലേക്കാണ്. കൊടുംതണുപ്പിൽ നിന്ന് പൊരിവെയിലിലേക്കെന്നപോലെയായി ഈ യാത്ര. പാരീസ് ESTയിൽ ട്രെയിൻ ഇറങ്ങിയതും ഐഫൽ ടവറും, നോത്രദാം കത്തീഡ്രലും, സെയ്ൻ നദിയും, വിക്ടർ ഹ്യൂഗോയും, മാർസൽ പ്രൂസ്റ്റും, അൽബേർ കാമ്യൂവും, സാർത്രും, സിമോൺ ദെ ബൊവാറും, നെപ്പോളിയൻ ബോണപ്പാർട്ടും, ഡെസ്കാർട്ടും, മൊണ്ടെസ്ക്യൂവും, മിഷേൽ ഫൂക്കെയും, ഡെറിഡയും എന്നുവേണ്ട വായിച്ചുകേട്ടുമറിഞ്ഞ പലപേരുകളും മനസ്സിലേക്ക് ഓടിയെത്തി. കഥകേട്ടുറങ്ങിയ ബാല്യകാലമാണല്ലോ സർഗാത്മകതയുടെ ഉറവിടം. അക്ഷരം കൂട്ടിവായിക്കാൻ പഠിക്കുന്നതിനു മുൻപേ അച്ഛൻ പറഞ്ഞുതന്ന ഹ്യുഗോയുടെ പാവങ്ങളും നോത്രദാമിലെ കൂനനുമെല്ലാം കഥയല്ല ജീവിതമാണെന്ന് കരുതിയ നിഷ്കളങ്കമായ കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അന്നുതൊട്ട് പാരീസെന്നയിടം കഥകളിലെ ഒരു പശ്ചാത്തലം മാത്രമായല്ല ഭാവനാദേശങ്ങളിലെ മിന്നുന്ന നഗരമായി മനോരാജ്യത്തിൽ പ്രതിഷ്ഠിച്ചിരുന്നു. പാരീസ്സിനെ വെളിച്ചത്തിന്റെ മഹാനഗരമെന്നാണ് (City of Light) വിളിക്കുന്നത്. പ്രണയത്തിന്റെ നഗരവും ഫാഷന്റെ നഗരവും കലയുടെ നഗരവും മ്യൂസിയങ്ങളുടെ നഗരവും ഇതുതന്നെ. സംഗീതത്തിന്റെ നഗരമെന്നും ചരിത്രസ്മാരകങ്ങളുടെ നഗരമെന്നും വിപ്ലവത്തിന്റെ നഗരമെന്നും ചിന്തകരുടെ നഗരമെന്നും ഉരുക്കുശില്പങ്ങളുടെ നഗരമെന്നും സൗന്ദര്യനഗരമെന്നും ഗാലറികളുടെ നഗരമെന്നും നിറങ്ങളുടെ നഗരമെന്നും നഗരങ്ങളുടെ നഗരമെന്നും എങ്ങനെ വിചാരിച്ചാലും തെറ്റില്ലെന്നു പാരീസ്സിലൂടെയുള്ള നടത്തം ഞങ്ങൾക്ക് ഈ ദിവസങ്ങളിൽ കാട്ടിത്തരുന്നു.
യൂറോപ്പ് യാത്രയിൽ ഓരോരാജ്യത്തിനും ഓരോ ഭാവമായിരുന്നു. ജർമ്മനി ആദ്യകാഴ്ചയിൽ അടുക്കുംചിട്ടയും അധികമുള്ള ഇടമായിതോന്നിയിരുന്നു. ഓസ്ട്രിയയ്ക്ക് ആന്തരികമായ ഒരു അച്ചടക്കം പ്രത്യക്ഷത്തിൽ ദൃശ്യമായിരുന്നു. സ്വിസ്റ്റർലാൻഡ് ആകർഷകമായ അഴകിന്റെ റാണിയെപ്പോലെ കാണപ്പെട്ടു. ഇറ്റലി അർദ്ധദ്വീപുകളുടെ ചാരുതയിൽ വിളങ്ങിനിൽക്കുന്നു. കടൽകണികാണാൻ പോലും പറ്റാത്ത രാജഭരണരാജ്യമായി ലൈക്റ്റൻസ്റ്റൈൻ. അങ്ങനെയങ്ങനെ സമാനതകളുടെ പ്രതിസമതയില്ലാത്ത നഗരങ്ങൾ.. ഗ്രാമങ്ങൾ ...മനുഷ്യർ! ഫ്രാൻസ് ഇവയിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു. പാരീസ് - ഗാർ ദെ ലെസ്റ്റിൽ (Gare de l'Est) ട്രെയിൻ ഇറങ്ങിയതും നോർത്ത്ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളുടെ ഒരു ചൂരും ചൂടും മൂക്കിലേക്ക് പ്രവഹിച്ചു. വൃത്തിയില്ലായ്മയും ജനനിബിഡതയും കാരണം വല്ലാത്തൊരു പിരിമുറുക്കം ആദ്യം തോന്നിയെങ്കിലും ആൾക്കൂട്ടത്തിന്റെ തിരക്കിൽ ഞങ്ങളും ഒഴുകിനീങ്ങി. യാത്രികരുടെ വിധിയതാണ്. സങ്കരസംസ്കാരത്തിന്റെ പ്രതിനിധികളെപ്പോലെ വിഭിന്നഛായയുള്ള മനുഷ്യർ ഞങ്ങളെ ചുറ്റിക്കടന്നുപോയി. ജനാധിപത്യത്തിന് വേരുറപ്പുള്ളമണ്ണാണിതെന്ന ബോധ്യത്തിലുണരുന്ന അപാരമായസ്വാതന്ത്ര്യം വായുവിൽ അലയടിക്കുന്നുണ്ടായിരുന്നു !
