യൂറോപ്പിൽ വന്നിട്ടിപ്പോൾ പത്തുദിവസങ്ങളോളം കഴിഞ്ഞിരിക്കുന്നു. കാണാനാഗ്രഹിച്ച പലയിടങ്ങളിലും ഇതിനോടകം പോകാനായി. കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം എന്ന പോലെയാണ് ഓരോ ദിവസവും ഇതൾവിരിയുന്നത്. വീട്ടിൽനിന്നു പുറപ്പെടുന്നതിനുമുമ്പേതന്നെ ഈ യാത്രാവേളയിൽ പറ്റുമെങ്കിൽ ആൽപ്സ് മഞ്ഞുമലത്തുമ്പിലെത്തി ആകാശം തൊടണമെന്ന ആഗ്രഹം ഞങ്ങൾ പരസ്പരം പങ്കുവെച്ചിരുന്നു. കാണാമറയത്തേക്കു യാത്രചെയ്യാനും കൈയെത്താത്തത് എത്തിപ്പിടിക്കാനുമുള്ള ഒരു അപൂർവ്വാഭിനിവേശം മനുഷ്യർക്ക് എന്നുമുള്ളിലുണ്ടല്ലോ?
അതിനെ പിൻപറ്റിയല്ലേ ഇക്കാണുന്ന കണ്ടുപിടുത്തങ്ങളും നിർമ്മാണങ്ങളും എല്ലാം ലോകത്തുണ്ടാകുന്നത്. സമയവും സാഹചര്യവും ഒത്തുവന്നു വിളിക്കുമ്പോൾ ആരും നടക്കാത്ത സഞ്ചാരപഥം തേടി ഇറങ്ങിത്തിരിക്കാതെ എങ്ങനെയാണ് പൊറുതികിട്ടുക? സങ്കൽപ്പവും ഭാവനയും രണ്ടു ചക്രങ്ങളാണെങ്കിൽ യുക്തിയും യാഥാർഥ്യവും അതിനെ മുന്നോട്ടു വലിക്കുന്ന ഊർജ്ജപ്രവാഹിനികളാണ്. യാത്രകളിൽ ഇവയെല്ലാം സമ്മേളിക്കുന്നു. പുതുശ്വാസവും ആത്മധൈര്യവും ഉള്ളിൽ നിറച്ചു മുന്നോട്ട്... മുന്നോട്ട് ... എന്നുറക്കെ പറയാൻ പാകത്തിൽ അത് യാത്രികരെ പരുവപ്പെടുത്തുന്നു.
വിയന്നയിൽ നിന്ന് ഇൻസ്‌ബ്രുക്കിലേക്കും അവിടുന്ന് സൂറിച്ച് വഴി ബാസൽ SBBയിലേക്കുമുള്ള യാത്രക്ക് സ്വപ്നസമാനമായ സൗന്ദര്യമുണ്ടായിരുന്നു. കടഞ്ഞെടുത്ത ഒരു മാസ്മരികഭംഗി ഇൻസ് നദിയുടെ കരകളെ സ്വർഗീയതാവളങ്ങളാക്കി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ണുകൾകൊണ്ടു കണ്ടുതീർക്കാനാകാത്ത അപാരലാവണ്യം. ഒരു യൂറോപ്യൻ സിംഫണി ആസ്വദിക്കുന്നത് പോലെയാണ് ട്രെയിൻ ഓസ്ട്രിയയ്ക്കും സ്വിസ്റ്റർലാന്‍റിനുമിടയിൽ ഒഴുകിനീങ്ങുന്നത്. മൊസാർട്ടിന്റെ സംഗീതധാരയിൽനിന്ന് നീട്ടിവലിച്ചൊരു തന്ത്രിമീട്ടിയതുപോലെ വിയന്നയിൽ നിന്ന് പടിഞ്ഞാറോട്ടു യൂറെയിൽ നീങ്ങിയപ്പോൾ ദൂരെ ദൂരെ വെള്ളമഞ്ഞുതൊപ്പിയണിഞ്ഞപോലെ ആൽപ്സ് കൊടുമുടിയറ്റങ്ങൾ തെളിഞ്ഞുവന്നു... ആഹാ! മഞ്ഞും മഞ്ഞുമലയും ഒരുകുട്ടിക്കാലഫാന്റസിയായി ഇപ്പോഴും മനസിൽക്കിടക്കുന്നതിനാൽ ഇരിപ്പുറയ്ക്കാതെ ഫോണിലും ക്യാമറയിലും തീവണ്ടിയിൽവെച്ചുതന്നെ പ്രകൃതിദൃശ്യങ്ങൾ മാറിമാറി പകർത്തി സംതൃപ്തിയടയാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആൽപ്സിലൂടെ കടന്നുപോകുന്ന സെമറിംഗ് പാസ്, ആർൽബെർഗ് ടണൽ തുടങ്ങിയ എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ ഈ ട്രെയിൻപാതയിലാണ്. പലവട്ടം ടണലിന്റെ ഇരുൾഗുഹയിൽ ട്രെയിൻ കയറിയിറങ്ങികൊണ്ടിരുന്നു. തുരങ്കത്തിന്റെയറ്റത്തെ ഇത്തിരിപ്പോന്ന വെളിച്ചത്തെ 'പ്രത്യാശ'യെന്ന് പേരുചൊല്ലിവിളിച്ചത് ഒരു കവിയാകാനേ സാധ്യതയുള്ളൂ അല്ലെ? ട്രെയിനിന്റെ ഋജുവായ താളത്തിൽ ഡാന്യൂബ് നദിയും ഇൻ നദിയും റൈൻ നദിയും ജീവപ്രവാഹങ്ങളായി ഞങ്ങൾക്ക് സമാന്തരമായി പലവർണ്ണങ്ങളിൽ ഒഴുകിക്കൊണ്ടിരുന്നു. ഓളങ്ങളിൽ പ്രതിഫലിച്ചത് സ്വിസ്റ്റർലാൻഡിന്റെ അനന്തചാരുതയാണ്. ഭാഷയിൽ പകർത്താനാകാത്ത അഴകാണ് നാലുദിക്കിലും!!
