മ്യൂണിക്കും വിയന്നയും അമരകലയുടെ കാലൊച്ചയും !

Column

മ്യൂണിക്കും വിയന്നയും അമരകലയുടെ കാലൊച്ചയും !


സ്ഥലങ്ങൾ മാറുന്നതിനനുസരിച്ചു മനുഷ്യനിലും പ്രകൃതിയിലും നാടിനും നഗരത്തിനും എന്തിനു കെട്ടിടങ്ങൾക്കു വരെ സ്വാഭാവികമായ മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. ഫ്രാങ്ക്ഫർട്ടിന്റെ അടുക്കും ചിട്ടയും കാൾസ്റൂഹിനില്ല. കാൾസ്റൂഹിന്റെ ഇളംചൂടും തണുപ്പും ഇടകലർന്ന കാലാവസ്ഥ ഹെയ്‌ഡൽബെർഗിലില്ല. ഫ്രാൻസിന്റെ ഗ്രാമവീഥികൾ വിളർത്തും ഓസ്ട്രിയൻ നാട്ടുവഴികൾ തളിർത്തും കാണപ്പെട്ടു. സ്വിറ്റ്സർലൻഡിന്റെ ലക്ഷണമൊത്ത അഴകും ബവേറിയൻ ഭൂപ്രദേശങ്ങളുടെ ചാരുതയും രണ്ടും രണ്ടാണ്. പണ്ടത്തെ പഴഞ്ചൊല്ലിൽ പറയുന്നപോലെ എല്ലാ റോഡുകളും നമ്മെ റോമിലേക്ക് നയിക്കുന്നപോലെയുള്ള കാഴ്ചയാണ് വത്തിക്കാനിൽ കാണുക. വെനീസിന്റെ ഗ്രാൻഡ് കനാലെന്ന ജലവഴികൾ വിചിത്രസൗന്ദര്യമുള്ളതുതന്നെ.

ഓരോയിടങ്ങളും എത്ര വ്യത്യസ്തമെന്നോർത്തു ഇപ്പോൾ നിൽക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഫ്രാവൻകിർഷെ പള്ളിക്കു മുൻപിലാണ്. മ്യുണീക്കിലെ മരിയൻപ്ലാസയ്ക്കു സമീപത്താണിത്. ആദ്യകാലത്ത് ഇതൊരു  കത്തോലിക്കാ ദേവാലയമായിരുന്നു, പിന്നീടിത് പ്രോട്ടസ്റ്റന്റ് മതക്കാരുടെ ആരാധനാലയമായി. പതിനെട്ടാം  നൂറ്റാണ്ടിൽ  1726-ൽ, ജോര്‍ജ് ബാഹർ (George Bähr) എന്ന ശില്പിയുടെ നേതൃത്വത്തിൽ, ബാരോക്ക് ശൈലിയിലുള്ള പുതിയ ദേവാലയം നിർമ്മിക്കാൻ തീരുമാനിക്കുന്നു. 1743-ലാണ് ദേവാലയം പൂർത്തിയായത്. 1945ൽ ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, അല്ലയ്ഡ് സേനകളുടെ ബോംബാക്രമണത്തിൽ കത്തീഡ്രൽ പൂർണ്ണമായും നശിച്ചു. അതിനുശേഷം, ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ഒരു യുദ്ധസ്മാരകമായി നിലനിർത്തിയതാണ് നമ്മളിപ്പോൾ കാണുന്നത്. നവജർമ്മനിയുടെ പുനഃസംഘടനയുടെ ഭാഗമായി, 1994-ൽ പള്ളിയുടെ പുനർനിർമ്മാണം തുടങ്ങി . 2005-ൽ, റിഫോർമേഷൻ ദിനത്തിൽ, നവീകരിച്ചദേവാലയം വെഞ്ചരിച്ചു.  ഗോഥിക്ശില്പകലയും നവീന സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് പുനർനിർമ്മിച്ച ഒരു കെട്ടിടത്തിന്റെ  ഉത്തമഉദാഹരണമാണ് ഫ്രാവൻകിർഷെ (Munich Frauenkirche). "ദി കത്തീഡ്രൽ ചർച്ച് ഓഫ് ഔർ ലേഡി" എന്നറിയപ്പെടുന്ന ഈ ലൂഥറൻ സഭാമന്ദിരം  ചരിത്രപരമായും സാംസ്‌കാരികമായും വലിയ പ്രാധാന്യമുള്ളതാണ്. ഫ്രാവൻകിർഷെ എന്നതിന്  ജർമ്മനിയിൽ “Cathedral Church of Our Lady” (മാതാവിന്റെ ദേവാലയം) എന്നാണ് അർത്ഥം. Frauen എന്നാൽ  സ്ത്രീകൾ / Our Lady (ക്രിസ്തീയഭാഷയിൽ വിശുദ്ധ മാതാവ്, Virgin Mary എന്നൊക്കെ). Kirche എന്നാൽ  ദേവാലയം / പള്ളി എന്നാണർത്ഥം. നീലാകാശത്തിനു കീഴെ പഴമയുടെ തലയെടുപ്പോടെ ഇന്നും യാത്രികരെ ആകർഷിക്കുന്ന ഒരു പ്രത്യേകചന്തം ഈ ആരാധനാലയത്തിനുണ്ട്. പ്രഭാതവെയിലിന്റെ ഇളം ചൂടിൽ ആ പള്ളിപരിസരത്തു നിന്നപ്പോൾ ഒരു സവിശേഷമായ ആഹ്ലാദം ഉള്ളിൽ നിറഞ്ഞു. ഇന്നത്തെ യാത്രയ്ക്കുള്ള ഊർജ്ജം ഇതാണ് !


Related Articles